Tuesday, April 17, 2012

പ്രളയം



ഇതും കൂടിയെ ബാക്കിയുണ്ടായിരുന്നുള്ളു.


പിതാവെ ഇവരെന്താണ് ചെയ്യുന്നതുയെന്ന് ഇവർ അറിയുന്നില്ല.

ഓസോൺ കുടയിൽ വിള്ളൽ വീഴ്ത്തി ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുക്കുന്ന ഈ പാപികൾ ഇപ്പോൾ നേരിട്ട് ചെന്ന് ഐസ് ഉരുക്കി ഭൂമി കുളമാക്കാൻ പോകുകയാണ്. പുഴയും കടലും പടിവാതിൽക്കലിൽ വന്ന് മുട്ടുന്നതിന്റെ മണിനാദം ഞങ്ങൾ കേൾക്കുന്നു പിതാവെ…. പിതാവെ മഞ്ഞ് മലയിൽ ഈയം ഉരുക്കിയൊഴിക്കുന്ന ഈ പാപികൾക്ക് മാപ്പ് നൽകേണമെ………


ഇപ്പോഴെനിക്ക് ഒരു മുത്തശ്ശി കഥ ഓർമ്മ വരുന്നു.

ഇത് പണ്ട് പണ്ടൊന്നുമല്ല. അടുത്ത കാലത്ത് നടന്ന കഥയാണ്.
ഡൽഹിയിലെ എന്റെ ഒരു സഹപ്രവർത്തകന്റെ വീട്ടിൽ നടന്ന കഥ.

പാലക്കാട്ടെ ഒരു ഗ്രാമത്തിൽ 90 വയസ്സുള്ള ഒരു മുത്തശ്ശി ഉണ്ടായിരുന്നു. അവരുടെ മക്കളും മരുമക്കളും പേരക്കിടാങ്ങളും ഒക്കെ അങ്ങ് ദില്ലിയിൽ വലിയ വലിയ ഉദ്യോഗങ്ങളുമായൊക്കെ വിലസുന്ന കാലത്ത് മുത്തശ്ശിയെ ദില്ലി കാണിക്കാൻ തിരുമാനിച്ചു.

പക്ഷെ മുത്തശ്ശി എതിർത്തു. എനിക്കിനി വയസ്സുകാലത്ത് ദില്ലിയൊന്നും കാണണ്ട ഇവിടെയിങ്ങനെ കുറുച്ചു കാലം കൂടി എനിക്ക് ജീവിച്ചാൽ മതി. എന്റെ അച്ഛനും അമ്മയും മണ്ണടിഞ്ഞ ഇവിടെ തന്നെ എനിക്ക് മരിക്കണം. മക്കൾ വിട്ടില്ല. ഞങ്ങളൊക്കെ ദില്ലിയിൽ സുഖിച്ചു ജീവിക്കുമ്പോൾ അമ്മ ഇവിടെ ഇങ്ങനെ കഷ്ടപ്പെടണ്ട.

പിടിച്ച പിടിയാലെ അവർ മുത്തശ്ശിയെ ദില്ലിയിൽ കൊണ്ടുപോയി. നഗരം ചുറ്റിച്ചു. അനശ്വര പ്രണയത്തിന്റെ താജ്മഹൽ കാണിച്ചു കൊടുത്തു. അംബ്ബരച്ചുംബ്ബിയായ് കുത്തബ്ബ് മിനാർ, പടയോട്ടങ്ങളുടെ കുളമ്പടി ഒച്ച നിലക്കാത്ത റെഡ്ഫോർട്ട്, രാജാക്കന്മാരുടെ ശവകുടീരങ്ങൾ എല്ലാം കണ്ട് തളർന്ന് മുത്തശ്ശി പറഞ്ഞു “എന്നെയൊന്ന് നാട്ടിലെത്തിക്കു എനിക്ക് കുറച്ചുകാലം കൂടി ജീവിക്കണം”

മുത്തശ്ശിക്ക് ചുറ്റും വട്ടമിട്ട് കളിച്ച് കുട്ടികൾ ചോദിച്ചു “ അല്ല മുത്തശ്ശി ഈ മുത്തശ്ശിയുടെ വയറ്റിലെന്താണ് ഇങ്ങനെ വീർത്തിരിക്കുന്നത്”

“അതോ അതൊരു രാക്ഷസ്സകുട്ടിയാണ് എന്റെ വയറ്റിലിരിക്കുന്നത്. അതിനെ തൊട്ടു കളിക്കണ്ട. നിങ്ങളെ പോലെ നല്ല കുട്ടിയല്ല അത്”

“എന്നാപ്പിന്നെ മുത്തശ്ശിക്ക് അതങ്ങ് കളഞ്ഞുകൂടെ”

“പാടില്ല പാടില്ല. ചീത്ത കുട്ടികളെ നശിപ്പിക്കാൻ നോക്കിയാൽ അത് വലിയ രാക്ഷസന്മാരാകും. അത് നമ്മളെയെല്ലാം നശിപ്പിക്കും. അതുകൊണ്ട് നമ്മളവരെ ഉറക്കി കിടത്തണം”

മക്കൾക്കത് അങ്ങനെ വിടാൻ പറ്റ്വോ. അവർ പറഞ്ഞു “: നമ്മുക്ക് അമ്മയെ നല്ല ഡോക്ടറെ തന്നെ കാണിക്കണം”

മുത്തശ്ശി പറഞ്ഞു “ എനിക്ക് കുറച്ചു കാലം കൂടി ജീവിക്കണം”
മക്കൾ പറഞ്ഞു “ അമ്മ കുറെക്കാലം കൂടി ഞങ്ങളുടെ കൂടെ ഇവിടെ ദില്ലിയിൽ താമസിക്കണം”

വയറ് തുരുന്ന് അസുഖം കണ്ട്പിടിക്കുന്ന നല്ലൊരു ഭിഷഗ്വരനെ തന്നെ കണ്ടുപിടിച്ചു. മുത്തശ്ശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബയോപ്സി എടുക്കണമെന്ന് ഡോക്ടർ. മക്കളെന്തിനും തയ്യാർ.

മുത്തശ്ശി പറഞ്ഞു “ എനിക്ക് കുറച്ചു കാലം കൂടി ജീവിക്കണം”
മക്കൾ പറഞ്ഞു “ അമ്മ കുറെക്കാലം കൂടി ഞങ്ങളുടെ കൂടെ ഇവിടെ ദില്ലിയിൽ താമസിക്കണം”

വയറിൽ കുഴൽ കടത്തി ഡോക്ടർക്ക് ആവശ്യമുള്ളത് ചുരണ്ടിയെടുത്തു. ദിവസങ്ങൾക്കുള്ളിൽ റിസൽട്ട് വന്നു. അർബ്ബുദമാണ്. ഉടനെ ശസ്ത്രക്രിയ വേണം.

മുത്തശ്ശി പറഞ്ഞു “ എനിക്ക് കുറച്ചു കാലം കൂടി ജീവിക്കണം”
മക്കൾ പറഞ്ഞു “ അമ്മ കുറെക്കാലം കൂടി ഞങ്ങളുടെ കൂടെ ഇവിടെ ദില്ലിയിൽ താമസിക്കണം”

ശസ്ത്രക്രിയ ഉടനെ വേണം. അല്ലെങ്കിൽ കൈവിട്ട് പോകും. ഉടനെ മൂത്ത മകൻ സമ്മതപത്രത്തിൽ ഒപ്പ് വെച്ചു. ശസ്ത്രക്രിയ ഉടനെ ആരംഭിച്ചു. ശസ്ത്രക്രിയ മണിക്കുറുകളോളം നീണ്ടു.

വയറ് കീറി ഡോക്ടർമാർ തലക്കുത്തി പണിയെടുത്തിട്ടും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. പിന്നെ അവരെല്ലാമത് വരിക്കുട്ടി തുന്നിവെച്ചു. നെറ്റിയിലെ വിയർപ്പ് വിരലുകൾ കൊണ്ട് തുടച്ചു അവർ പരാജയം സമ്മതിച്ചു.
“ഇനി നിങ്ങൾ വേറെയേതെങ്കിലും ആശുപത്രിയിൽ ചെന്ന് ശ്രമിച്ചു നോക്കൂ”

ഇനി എവിടെ കൊണ്ടുപോകാൻ. എവിടെയും കൊണ്ടുപോകേണ്ടി വന്നില്ല. മുത്തശ്ശി മരിച്ചു.

പക്ഷെ ഞങ്ങൾക്ക് ഒരിക്കലും മറക്കാനാകാത്ത ഒരു കാഴ്ച്ചയും തന്നിട്ടെ മുത്തശ്ശി പോയുള്ളു.

ഇന്ത്യയുടെ മഹാന്മാർക്ക് ചിതയൊരുക്കിയ യമുനയുടെ തീരത്ത് മുത്തശ്ശിയുടെയും ചിത കത്തി. തീ നാളങ്ങൾ വാനിലുയർന്ന് കത്തി തുടങ്ങി. ഇത്രയധികം തീയും ചൂടുമുണ്ടായിട്ടും ആ തീയ്ക്ക് മുകളിലൂടെ തീയെ തൃണവൽക്കരിച്ചുകൊണ്ട് ഒരു ജലധാര മുകളിലേക്ക് ഒഴുകുന്നു നിശ്ചലരായി നിർന്നിമേഷം സ്തംബ്ബധരായി ആ അത്ഭുതകാഴ്ച്ച മൂന്ന് മിനിട്ടുനേരം നോക്കി നിന്നു. അത് മുത്തശ്ശിയുടെ വയറ്റിൽ നിന്നായിരുന്നു.

1 comment:

ഇആര്‍സി - (ERC) said...

പിതാവെ മഞ്ഞ് മലയിൽ ഈയം ഉരുക്കിയൊഴിക്കുന്ന ഈ പാപികൾക്ക് മാപ്പ് നൽകേണമെ………