Sunday, December 28, 2008

ഇനിയെങ്ങിനെയോതും നവവത്സരാശംസകള്‍ !?!

എത്ര നവവത്സരങ്ങള്‍ കടന്ന് പോയി.
ഇനിയും വരും നവവത്സരങ്ങളെത്രയോ.
ഇനിയുമെന്ത് നവവത്സരാശംസകള്‍,
പറഞ്ഞു തേഞ്ഞ അതെ വാക്കുകള്‍
വീണ്ടും നവവത്സരാശംസകള്‍,
യുദ്ധം വേണ്ടേ വേണ്ടയെന്ന് ഇന്ത്യയും പാക്കിസ്ഥാനും
അനുരഞ്ജനമാണ് നല്ലതെന്നോതുമ്പോഴും
രക്തം ചീന്തുമ്പോള്‍ നുണയാന്നെത്തുന്ന കള്ളകുറുക്കന്മാറ്
യാങ്കിയും ചീനയും പിന്നാലെ താലിബാനും രക്തനടനമാടാനെത്തുന്നു.
ചന്ദ്രനിലെത്തുന്നു കൈകള്‍ മണ്ണ് മാന്താന്‍,
വാനിലേക്കുയരുന്നു ഭിക്ഷാപാത്രങ്ങള്‍ ഒരു പിടി അരിക്കായി.
കണ്ടില്ലെന്ന് നടിക്കല്ലെ താരകങ്ങളെ നിങ്ങളെങ്കിലും.
തൊഴിലാളിയെ അരിഞ്ഞുവീഴ്ത്തുന്ന രാഷ്ടീയം,
വിശ്വാസിയെ ഹോമിക്കുന്ന മതങ്ങളും.
ധോണിക്കും നയന്‍താരക്കുമമ്പലങ്ങള്‍,
വിഗ്രഹങ്ങള്‍ മിണ്ടരുതെന്നറിയാത്ത ദേവത
ഖുശ്ബുവിന് ചെരുപ്പേറ്, ഊര് വിലക്ക്.
പുതുവത്സാരാഘോഷങ്ങള്‍ കൊഴുക്കുന്നു
ചാനലുകളില്‍,ബീച്ചുകളില്‍,ക്ലബ്ബുകളില്‍.
സാമ്പത്തികമാന്ദ്യം,
പ്രവാസികള്‍ മടങ്ങുന്നു.
ചേരികള്‍ തേങ്ങുന്നു……..
തൊഴിലെവിടെ, അന്നമെവിടെ………
ഇനിയെങ്ങിനെ ചൊല്ലേണ്ടു നവവത്സരാശംസകള്‍?
എങ്കിലും ചൊല്ലാതെ വയ്യ,
നല്ല കാലം വരണം
മനുഷ്യറ്ക്ക് നല്ല വിചാരം വരണം
ലോകാ സംസ്താ സുഖിനോ ഭവന്തു.
ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍.

Thursday, December 18, 2008

കാമം അതിര്‍വരമ്പുകളില്ലാതെ….(അഭയാക്കേസിലെ യഥാര്‍ത്ഥ കുറ്റവാളികള്‍)

ഇരുട്ടില്‍ ഒരു ഈച്ച പോലും അറിയാതെ തിരുമേനി ദൈവത്തിന്റെ തിരുമണവാട്ടിയുമായി ബന്ധപ്പെടാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. അതിനിടയില്‍ അപശകുനം പോലെ ഒരു പാറ്റ കയറി വന്നാല്‍ എന്തു ചെയ്യും. ചതച്ചരച്ച് കൊല്ലും. അത് അഭയയായല്പോലും. അല്ലാതെ പറ്റുമോ. നിങ്ങള്‍ വിചാരിക്കുന്നത് പോലെ കാര്യം നിസ്സാരമാണോ.എന്തൊക്കെ സംരക്ഷിക്കണം തിരുമണവാട്ടിയുടെ ചാരിത്രം, തിരുമേനിയുടെ പൌരോഹിത്യം,സഭയുടെ മാനം,ലോകത്തിന്റെ നിലനില്‍പ്പ് അങ്ങനെ അങ്ങനെ എന്തെല്ലാം. അതിന് ഒരു കിളിന്ത് പെണ്ണിന്റെ നരബലി എത്ര നിസ്സാരം. കിട്ടാനുള്ളതോ വലിയൊരു അന്തപ്പുരവും. അധറ്മ സംസ്ഥാപനത്തിനായി നടത്തിയ അരുംകൊല.

കാമം ത്യജിച്ച് നിറ്ധനരായ മാതാപിതാക്കള്‍ക്ക് തണലേകാനും ദൈവത്തിന്റെ മണവാട്ടിയാകാനും നിറ്ബന്ധിതയായ ഒരു പാവം പെണ്‍കുട്ടിയെ കാമാറ്ത്തി പൂണ്ടവറ് അതിക്രൂരമായി നശിപ്പിച്ചത് ദൈവമെ നിന്റെ നാമം വാഴ്ത്തപ്പെടാനോ.
പിതാവെ ഈ പാപികള്‍ ചെയ്യുന്നതെല്ലാം നിന്റെ പേരിലും.
കൊന്നത് തിന്നാല്‍ പാപം തീരും, കൊന്നത് ആത്മഹത്യയാക്കിയാല്‍ പാപം തീരുമോ?
അല്‍ഫോന്‍സാമ്മയെ വാഴ്ത്തിയതും അഭയയെ പാതാളത്തിലേക്ക് താഴ്ത്തിയതും ഒരേ കരങ്ങള്‍ കൊണ്ടോ!
കുമ്പളങ്ങ കട്ടവന്‍ നര തപ്പുന്നത് പോലെ സഭ ഇരുട്ടില്‍ തപ്പുകയാണ്. സഭയുടെ ഒരു മണവാട്ടി കൊല്ലപ്പെട്ടപ്പോള്‍ കാണിക്കാത്ത ആത്മീയരോഷം അണപൊട്ടിയത് വൈദികന്മാറ് പ്രതികളായപ്പോള്‍. വൈദികന്മാരെ അറസ്റ്റ് ചെയ്തത് സഭയെ കരിവാരി തേക്കാനാണെന്ന് ആക്രോശിച്ചപ്പോള്‍ സാക്ഷികളെല്ലാം വൈദികന്മാരും, കന്യാസ്ത്രീകളുമാണെന്നത് സഭ കാണാതെപോയി.
ആത്മഹത്യയും മന:ശാസ്ത്രവും കൊണ്ടു ആദ്യമൊന്ന് കളിച്ച് നോക്കിയെങ്കിലും അത് വിലപ്പോവില്ലെന്ന് കണ്ടപ്പോള്‍ അടയ്ക്കാകള്ളനേയും മഠത്തിലെ സ്ഥിരംകക്ഷികളായ ധനിക പുത്രന്മാരേയും വെച്ച് ഒന്ന് പയറ്റി നോക്കി.
ആത്മഹത്യയല്ലാ എന്ന് അത്ര നിറ്ബ്ബന്ധമാണെങ്കില്‍ കൊലപാതകമാണെന്ന് സമ്മതിച്ചേക്കാം, കൊലപാതകമാണെങ്കില്‍ അത് മേല്‍പറഞ്ഞ രണ്ട് വിഭാഗക്കാറ്ക്കെ ചെയ്യാന്‍ കഴിയൂ. അതാരാണെന്ന് കണ്ടു പിടിക്കേണ്ടത് സിബിഐക്കാരുടെ പണി.
ആത്മഹത്യ ചെയ്തതിന്ശേഷം കൊലപാതകം ചെയ്തതാണോ, കൊലപാതകം ചെയ്തതിന്ശേഷം ആത്മഹത്യ ചെയ്തതാണോ അല്ല മാനസികരോഗം കൊണ്ട് ആത്മഹത്യ ചെയ്ത് കൊലപാതകം ചെയ്തതാണോ ശോ…ആകെപ്പാടെ കണ്‍ഫ്യൂഷനായല്ലോ. ഇടയലേഖനം പലാവറ്ത്തി വായിച്ച് നോക്കി ഇടത്തോട്ടും വലത്തോട്ടും വായിച്ച് നോക്കി ഒരു രക്ഷയുമില്ല, അതില്‍ അതിനെക്കാളേറെ ധാരണാപിശകുകള്‍. സത്യക്രിസ്താനികളെ ആകെ മൊത്തം ചുറ്റിക്കുന്ന എടങ്ങാറ് പിടിച്ച ഒരു ഏറ്പ്പാടായിപ്പോയി. ഈ സിബിഐക്കാരെ കൊണ്ടു തോറ്റു. ഇവര്‍ നൂറ് കണക്കിന് ഇടയലേഖനം ഇറക്കപ്പിക്കുമെന്നാണ് തോന്നുന്നത്. മുമ്പൊക്കെ ഇടയലേഖനം കേട്ട് കുഞ്ഞാടുകള്‍ മണിയും കുലുക്കി തെരുവിലേക്ക് അച്ചടക്കത്തോടെ ഇറങ്ങുമായിരുന്നു. ഇപ്പോ വന്ന് വന്ന് ഇടയലേഖനത്തിന്റെ ശക്തി കുറഞ്ഞു വരുന്നോ എന്നൊരു സംശയമില്ലാതില്ല. ഈ സിബിഐക്കാര്‍ ഇടയലേഖനത്തില്‍ ബുള്‍ഡോസറ് കയറ്റുമോ എന്നാണ് പേടി.
എന്തിനൊക്കെ ഇടയലേഖനം ഇറക്കണം.
മതത്തിന് ജീവനുണ്ടോ ഇല്ലയോ?
മത്തായി വിശ്വാസിയാണോ അല്ലയോ?
വീണ്ടും വിമോചന സമരം വേണോ വേണ്ടയോ?

സൂര്യന്‍ ഭൂമിയോ ചുറ്റുന്നോ അല്ല ഭൂമി സൂര്യനെ ചുറ്റുന്നോ ഇതിന്റെ സത്യാവസ്ഥ അടുത്ത കാലത്തല്ലെ കണ്ടുപിടിച്ച് സമറ്ത്ഥിച്ചത്. അത് തങ്ക ലിപികളില്‍ സഭയുടെ പുസ്ത്കത്തില്‍ എഴുതി ചേറ്ക്കുകയും ചെയ്തു. ആ സത്യം പുറത്ത് കൊണ്ടുവരാന്‍ എന്തൊക്കെ ചെയ്യേണ്ടി വന്നു. എത്ര പേരെ തുറുങ്കിലിലടച്ചു, എത്ര പേരുടെ കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചു. മേല്പറഞ്ഞ സത്യം കണ്ടുപിടിക്കാന്‍ നൂറ്റാണ്ടുകള്‍ എടുത്തില്ലെ. അല്‍ഫോന്‍സാമ്മയെ പോലും വാഴ്ത്തിയത് അമ്പത് വറ്ഷങ്ങള്‍ക്ക് ശേഷമല്ലേ. പിന്നെയല്ലെ വെറുമൊരു 16 വറ്ഷം. ഇത് സഭയ്ക്ക് തന്നെ കണ്ടുപിടിക്കാന്‍ പറ്റുന്ന കാര്യമേ ഉള്ളു. വെറുമൊരു അമ്പത് വറ്ഷം ഏറിയാല്‍ ഒരു നൂറ് വറ്ഷം. അതിനിടയില്‍ പ്രതികള്‍ മരിച്ചുപോകില്ലെ എന്ന മണ്ടന്‍ ചോദ്യം നിങ്ങള്‍ ചോദിക്കുമെന്നറിയാം. അതിനെന്താ കര്‍ത്താവിന് ഒരു കത്തെഴുതണം അവറ്ക്ക് പരലോകത്ത് കഠിനമായ ശിക്ഷ കൊടുക്കാന്‍. പരലോകത്തെ ശിക്ഷ എത്ര ഭയങ്കരം എത്ര ഭയാനകം. ഭൂമിയിലെ പാപത്തിന് പരലോകത്ത് ശിക്ഷ കിട്ടുമെന്ന് തെളിയിക്കാനുള്ള ഒരു അവസരം സഭയ്ക്ക് കൊടുത്തുകൂടെ!
ഇനി അഭയ ഉയറ്ത്തെഴുന്നേറ്റ് വന്ന് സത്യം തുറന്ന് പറഞ്ഞാലും രക്ഷയില്ല. കാരണം തെളിവുകളെല്ലാം എന്നേ പോലീസ് മഹാരഥന്മാറ് നശിപ്പിച്ച് കഴിഞ്ഞിരുക്കുന്നു. അതു കൊണ്ടു അന്തിമ വിജയം സഭക്ക് തന്നെ. അഗസ്റ്റിന് മിനിമം ഒരു രാമചന്ദ്രന്‍ നായരെങ്കിലും ആകാനുള്ള ധൈര്യം കാണിക്കാമായിരുന്നു.

പതിനാറ് വറ്ഷം പന്ത്രെണ്ട് പേര്‍, അവരൊക്കെ തോറ്റ് തുന്നം പാടിയില്ലെ. പതിമൂന്നാമന്‍ ഇങ്ങനെയൊരു കൊലച്ചതി ചെയ്യുമെന്ന് കരുതിയില്ല. ആരേയും കിട്ടിയില്ലെങ്കില്‍ അച്ചന്മാരെ പിടിക്കാമെന്നായി. കാലം പോകുന്ന പോക്ക്.

അദൃശ്യ ശക്തികള്‍ പരസ്യമാകുന്നു.
മുഖപടം വലിച്ച് കീറി ഡ്രാക്കുള പല്ലുകള്‍ കാണിച്ച് പ്രതിഷേധിക്കുന്നു.
സത്യ ക്രിസ്താനികളെ കുരിശെടുക്കുക സാത്താനെ പ്രതിരോധിക്കുക.

എന്താണ് അടിസ്ഥാന പ്രശ്നം. പുരോഹിതനും കന്യാസ്ത്രീയും തമ്മില്‍ ബന്ധപ്പെട്ടു. ആണും പെണ്ണും ബന്ധപ്പെടുന്നതില്‍ പ്രകൃതി നിയമമനുസരിച്ച് ഒരു തെറ്റുമില്ല. ഇഷ്ടപ്പെട്ട ആണും പെണ്ണും ബന്ധപ്പെട്ടാല്‍ ലോകത്തിനെന്ത് ചേതം?
പടു വയസ്സാന്‍ കാലത്ത് ഗാന്ധി നഗ്നനായി രണ്ട് പെണ്‍കുട്ടികളുടെ ഇടയില്‍ കിടന്ന് നോക്കിയിട്ട് തോറ്റ് പാളീസായ സംഗതിയാണിത്. പിന്നെയല്ലെ കോട്ട് ഊരിയാള്‍ക്കും കോട്ട് ഊരാത്താള്ക്കും പിടിച്ച് നില്‍ക്കാന്‍ പറ്റുന്നത്.
കാമത്തെ ബന്ധിക്കരുത്
കാമത്തെ അടിച്ചമറ്ത്തരുത്
അത് കോപമാകും, ഭ്രാന്താകും,
കൊലയാകും, ആത്മഹത്യയാകും
ചതിയാകും, യുദ്ധമാകും
വേശ്യകളില്ലായിരുന്നുവെങ്കില്‍ ലൈംഗീകത അടിച്ചമര്‍ത്തപ്പെടുന്ന ഈ സമൂഹത്തില്‍ കലാപം നടക്കുമെന്ന് സാമുഹ്യ ശാസ്ത്രജ്ഞന്മാര്‍ വെറുതയല്ല പറഞ്ഞത്.
അച്ചന്മാരെ വിവാഹം കഴിക്കാന്‍ അനുവദിച്ചിരുന്നുവെങ്കില്‍ സഹോദരി കൊല്ലപെടില്ലായിരുന്നു എന്ന് അഭയയുടെ സഹോദരന്‍ പറഞ്ഞത് അടിവരയിട്ട് വായിക്കേണ്ടതാണ്.
ഇനിയും കൊലപാതകങ്ങള്‍ ഒഴിവാക്കാന്‍ എല്ലാമതത്തിലും പെട്ട ഇത്തരം പ്രകൃതി വിരുദ്ധ ലൈംഗീക അടിച്ചമറ്ത്തല്‍ സ്ഥാപനങ്ങള്‍ മാറി ചിന്തിക്കാന്‍ തുടങ്ങയേണ്ടിയിരിക്കുന്നു.
പ്രകൃതി നിയമത്തെ നിഷേധിക്കരുത് അത് ഏത് വിശ്വാസത്തിന്റെ പേരിലായാലും.

Tuesday, December 9, 2008

നാട്ടിലെ വന്യജീവികള്‍

വീട്ടില്‍ നിന്നിറങ്ങി റോഡിലെത്തുമ്പോള്‍ ചീറിപാഞ്ഞ് വരുന്ന വാഹനങ്ങള്‍ കണ്ട് പലപ്പോഴും ഞെട്ടിത്തരിച്ചു പോയിട്ടുണ്ടു.
ഇഞ്ചോടിഞ്ച് അകലത്തില്‍ ജിവന്‍ തിരിച്ച് കിട്ടിയ എത്രയോ നിമിഷങ്ങള്‍.
കാലിന്റെ പെരുവിരല്‍ നഖത്തുമ്പില്‍ യമരാജന്‍ ഉമ്മ വെച്ച് കടന്ന് പോയ കിടിലം കൊള്ളിച്ച ക്ഷണനേരങ്ങള്‍.
ഇങ്ങനെ വീട്ടില്‍ നിന്ന് ഇറങ്ങിയ പലരും വീട്ടില്‍ തിരിച്ചെത്തിയിട്ടില്ല.
ചിലര്‍ അര്‍ദ്ധ ശവങ്ങളായി,
ചിലര്‍ അംഗവിഹീനരായി.
പുരോഗതിയുടെ കുതിപ്പിലേക്ക് ഇങ്ങനേയും ചില കണ്ണീരില്‍ കുതിറ്ന്ന സ്മാരകങ്ങള്‍.
കാട്ടിലാണെങ്കില്‍ ആനയെ പേടിക്കണം സിംഹത്തിനെ പേടിക്കണം നരി,കടുവ,കരടി ഇഴഞ്ഞെത്തുന്ന പാമ്പ്. പെട്ടാല്‍ പെട്ടത് തന്നെ പല്ലും നഖവും കിട്ടിയാല്‍ ഭാഗ്യം.
മുരണ്ടും കുതറിയും അലറിയും മുന്നോട്ടും പിന്നോട്ടും പായുന്ന വാഹനങ്ങള്‍ കോണ്‍ക്രീറ്റ് വനങ്ങളിലെ ആധുനിക മൃഗങ്ങളായി.
സീല്‍ക്കാരത്തോടെ വളഞ്ഞും പുളഞ്ഞും നാഗങ്ങളെ പോലെ ഒഴുകിയെത്തുന്ന മോട്ടറ്വാഹനങ്ങള്‍.
ആകാശത്ത് കഴുകനെ പോലെ വിമാനങ്ങള്‍.
യന്ത്രതകരാറ് വന്ന വാഹനങ്ങള്‍ വിശന്ന സിംഹങ്ങളായി ജനങ്ങളെ കൊന്നു തിന്നു.
അശ്രദ്ധയും മദ്യപാനവും വാഹനങ്ങളെ മദം പൊട്ടിയ ആനകളാക്കി ജനങ്ങളെ ചവിട്ടി അരച്ചു.
സര്പ്പഫണമുയര്‍ത്തി കുതിച്ചെത്തുന്ന തീവണ്ടികള്‍ പരസ്പരം കൊത്തി ആയിരങ്ങളുടെ ജിവന്‍ തകറ്ത്തിട്ടുണ്ടു.
ഹോട്ടലില്‍ ചായ കുടിച്ചു കൊണ്ടിരുന്ന സുഹൃത്തിനെ നിയന്ത്രണം വിട്ട ബസ്സ് ഹോട്ടലില്‍ ഇടിച്ച് കയറി കൊന്നു.
മീന്‍ വാങ്ങാന്‍ പോയ ഗുരുനാഥനെ പിറകില്‍ നിന്ന് വന്ന വാഹനം പരലോകത്തേക്ക് കൊണ്ടുപോയി.
ഉറങ്ങി കിടന്ന ഒരു കുടുംബത്തിന് മുകളില്‍ നിന്ന് വീണ ചരക്ക് ലോറി കാലനായി.
വൈകുന്നേരം സ്കൂളില്‍ നിന്ന് സ്വാതന്ത്ര്യം നേടി ആഹ്ലാദത്തോടെ കളിക്കളത്തിലേക്ക് നീങ്ങിയ കൊച്ചു കുട്ടികളേയും വാഹന കാലന്‍ റാഞ്ചി. ചിന്നി ചിതറിയ കൊച്ചുശരീരഭാഗങ്ങള്‍ നാടിന് നൊമ്പരമായി. സ്മാരകമായി.
ബസ് സ്റ്റോപ്പില്‍ കാത്ത് നില്‍ക്കാന്‍ പേടിയായി.
റോഡ് അരികലൂടെ നടക്കാനും പേടിയായി.
**** xxx ***

അനുഭവം ഒന്ന്:
ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന കാലത്ത് ഞങ്ങള്‍ മൂന്ന് സ്നേഹിതന്മാരും കുടുംബവും ആഗ്രയിലേക്ക് ടൂറ് പോകാന്‍ തീരുമാനിച്ചു. അതിരാവിലെ തന്നെ പുറപ്പെട്ടു. ആദ്യം പോയത് അക് ബറിന്റെ കൊട്ടാരത്തിലാണ്. ഈ കൊട്ടാരത്തിന്റെ മുകളിലെ അറയിലെ കല്‍ത്തൂണകളില്‍ പതിപ്പിച്ച രത്നക്കല്ലുകളില്‍ നിലാവുള്ള രാത്രിയില്‍ താജ് മഹല്‍ തിളങ്ങി നില്ക്കുമായിരുന്നത്രെ. ഓരോ
രത്നക്കല്ലിലും നിരവധി താജ് മഹലുകള്‍,യമുനയുടെ ഓളങ്ങളിലും. ഷാജഹാന്‍ നിലാവുള്ള രാത്രികളില്‍ താജ് മഹലിന്റെ നിമനോന്നതങ്ങളില്‍ മുംതാസിനെ അലിയിച്ച് നോക്കി നിന്നിരുന്നത് ഈ കൊട്ടാരത്തിന്റെ മട്ടുപാവില്‍ നിന്നായിരുന്നു. പ്രണയ്ത്തിന്റെ പ്രതീകമായി കാണുന്നതിനെക്കാള്‍ മനുഷാദ്ധ്വാനത്തിന്റെ പ്രതീകമായി കാണാനാണ് ഞാന്‍ ഇഷ്ടപെടുന്നത്. അതിന്റെ ഓരോ കല്ലിലും ആയിരക്കണക്കിന് മനുഷ്യരുടെ ചോരയും കണ്ണീരുമുണ്ടു.
താജമഹലിനോട് യാത്ര പറയുമ്പോള്‍ സമയം ഉച്ചയ്ക്ക് രണ്ടു മണി കഴിഞ്ഞിരുന്നു. പിന്നെ മഥുര ശ്രീകൃഷ്ണക്ഷേത്രത്തിലേക്ക്.
ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ സന്ധ്യയായി. രാത്രിയിലെ സുഖ നിദ്രയ്ക്ക് വേണ്ടുന്ന ശാന്തിയുമായി ഭക്തന്മാറ് വന്നും പോയി കൊണ്ടിരിക്കുന്നു. ക്ഷേത്രത്തിനും പള്ളിക്കും ഇടയ്ക്കെ നേറ്ത്ത രേഖയില്‍ പോലിസും പട്ടാളവും കാവല്‍ നില്‍ക്കുന്നു, പാക്കിസ്ഥാന്റെയും ഇന്ത്യയുടേയും അതിറ്ത്തി എന്ന പോലെ. മത സൌഹാറ്ദ്ദത്തിനും മത സ്പറ്ദക്കും ഉള്ള സ്മാരകം.
രാത്രിയായി. തിരിച്ചു പോകാന്‍ സമയമായി.
തിരിച്ച്പോക്ക് ആരംഭിച്ചു. രാത്രിയായത് കൊണ്ട് വഴിയോരക്കാഴ്ചകളൊന്നുമില്ല.
കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ആകാശത്തിന് തീപിടിച്ചത് പോലെ തോന്നി, മഥുര റീഫൈനറിയില്‍ നിന്നാണ്. ആകാശത്തിലൊരു തീപന്തം. വളരെ ദൂരത്തോളം അതിന്റെ പ്രകാശം ഞങ്ങളെ പിന്തുടറ്ന്നു. പിന്നെയും യാത്ര വിരസമായി. പ്രത്യേകിച്ചൊന്നും കാണാനില്ല. അങ്ങിങ്ങായി ചില ഇല്ക്ട്രിക് പോസ്റ്റുകള്‍. ഉറക്കം മേല്പോളകളെ മെല്ലെ താഴ്ത്തി.

പെട്ടെന്ന് ഒന്ന് ഞെട്ടി ഭൂമികുലുക്കം പോലെ വാനൊന്ന് കുലുങ്ങിയോ. കണ്ണ് തുറന്ന് നോക്കിയപ്പോള്‍ ഡ്രൈവറ് കണ്ണ് തുടയ്ക്കുന്നു.
“എന്താ ഷാജി, എന്ത് പറ്റി”
“ഏയ് ഒന്നുമില്ല”
ഒന്നുമില്ലെങ്കില്‍ ഒന്നുമില്ല. വീണ്ടും മയക്കത്തിലേക്ക് വഴുതി വീണു.
പിന്നെയും ഭൂമികുലുക്കം. ഞെട്ടി കണ്ണ് തുറന്ന് നോക്കിയപ്പോള്‍ ഡ്രൈവറ് വീണ്ടും കണ്ണ് തുടയ്ക്കുന്നു.
ഡ്രൈവറ് ഉറങ്ങി പോയോ.
മനസ്സിലൊരു ഇടിമിന്നല്‍.
പത്ത് പന്ത്രെണ്ട് പേര്‍ വാനിലുണ്ട്. എല്ലാവരും നല്ല ഉറക്കത്തിലാണ്.
നീണ്ട് ഭൂമിയുടെ അറ്റത്തോളം കിടക്കുന്ന റോഡ്. റോഡില്‍ വാഹനങ്ങളും കുറവ്.
ഡ്രൈവറ്യ്ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല..
സ്റ്റീയറിങ്ങ് തിരിക്കണ്ട,ബ്രൈക്ക് ഉപയോഗിക്കണ്ട, വെറുതെ ഇരുന്ന് കൊടുത്താല്‍ മതി.
ആത്മാഭിമാനം കൊണ്ട് ആദ്യം സമ്മതിച്ചില്ലെങ്കിലും പിന്നീട് ഷാജി കുറ്റസ്സമതം നടത്തി.
“രണ്ട് പ്രാവശ്യം കണ്ണൊന്ന് അടഞ്ഞ് പോയി”.
“കഴിഞ്ഞ രാത്രിയിലും ഉറങ്ങാന്‍ പറ്റിയില്ല. അതു കൊണ്ടാണ്”.
എന്റെ എല്ലാ ഉറക്കവും പോയി.
പ്രശ്നം ഗുരുതരമാണ്. വേറെയാറ്ക്കും ഡ്രൈവിങ്ങും അറിയില്ല.
ഞാന്‍ ഉറങ്ങാതെ നോക്കിയിരുന്നു ഡ്രൈവറ് ഉറങ്ങി പോകാതിരിക്കാന്‍.
ചില വറ്ത്തമാനങ്ങളും നേരമ്പോക്കുകളും കൊണ്ട് ഡ്രൈവറെ സജീവമാക്കാന്‍ ഒരു വിഫലശ്രമം നടത്തി നോക്കി.
മനസ്സിലാധിയായി. ഇനിയും രണ്ട് മണിക്കൂറിലധികം യാത്രയുണ്ടു.
വാന്‍ നിറ്ത്തി ഷാജിയോട് തണുത്ത് വെള്ളത്തില്‍ മുഖം കഴുകി യാത്ര തുടരാന്‍ പറഞ്ഞു.
കൂടുതല്‍ സുരക്ഷയ്ക്ക് വഴിക്കുള്ള എല്ലാ ഹോട്ടലിന്റെ മുന്നിലും നിറ്ത്തി ഷാജിയെ ചായ കുടിപ്പിച്ച് അല്പ നേരം വിശ്രമം എടുപ്പിച്ചതിന് ശേഷമെ യാത്ര തുടറ്ന്നുള്ളു.
ജീവന്‍ കൈയില്‍ പിടിച്ച് കൊണ്ടുള്ള യാത്ര അവസാനിച്ചപ്പോള്‍ രാത്രി രണ്ട് മണി കഴിഞ്ഞിരുന്നു.
ഇനിയൊരിക്കലും തുടറ്ച്ചയായി ഉറക്കമൊഴിയൊന്ന ഡ്രൈവറുടെ കൂടെ യാത്ര ചെയ്യില്ലെന്ന് ശപഥം ചെയ്ത് നിദ്രയുടെ കൈവലയത്തിലേക്ക് അഭയം പ്രാപിച്ചു.
**** xxx ***

അനുഭവം രണ്ട്:
ടൌണിലേക്ക് പോകേണ്ടെ അത്യാവശ്യ കാര്യമുണ്ടായിരുന്നു. ബസ്സിലാണെങ്കില്‍ നിറയെ ആള്‍ക്കാരും. അടുത്ത ബസ്സിനെ കാത്ത് നില്‍ക്കാന്‍ സമയവുമില്ല. അധികം ചിന്തിക്കാതെ ആ ബസ്സില്‍ തന്നെ കയറി.
ബസ്സ് അതിവേഗതയിലാണ് പോയികൊണ്ടിരിക്കുന്നത് മുന്നില്‍ കണ്ട എല്ലാ വാഹനങ്ങളേയും മറികടന്ന് അതിസാഹസികമായി മുന്നേറി കൊണ്ടിരുന്നു. എന്ത് പോക്കാണെന്ന് ചിലറ് ആശങ്ക പെടുന്നുണ്ടെങ്കിലും. യാത്രക്കാറ്ക്കും രസം പിടിച്ചെന്ന് തോന്നുന്നു. എല്ലാവറ്ക്കും മുമ്പെ എല്ലാത്തിനും മുകളില്‍ മനുഷ്യരില്‍ അന്തറ്ലീനമായ ത്വര ചിറക് വെച്ച് പറക്കാന്‍ തുടങ്ങി. അതിന്റെ ത്രില്ലിലാണ് ചിലറ്. സാഹസികനായ ഡ്രൈവറ് മനുഷ്യജീവനെടുത്ത് പന്താടുകയാണ്.
മനുഷ്യജീവന്‍ തൃണതുല്യം.
ഉള്ളിലൊരു കാളല്‍.
ഡ്രൈവറ്മാറ് തമ്മിലുള്ള മത്സരവും തീറ്ക്കുന്നത് ഈ മരണ പാച്ചിലിലാണ്. കൂടുതല്‍ വേഗത്തില്‍ കൂടുതല്‍ ആള്‍ക്കാരെ എടുത്ത് ലക്ഷ്യത്തിലെത്തുക എന്നതാണ് അവരുടെ മുദ്രാവാക്യം.
മുന്നിലുള്ള ബസ്സ് മറികടക്കാന്‍ വിടുന്നില്ല. പലകുറി കയറിയും ഇറങ്ങിയും നോക്കി. ഹോണടിച്ച് നോക്കി. രക്ഷയില്ല. അതിലും കടുകിട വിട്ട് കൊടുക്കാത്ത സാഹസികന്‍ ഡ്രൈവറായിരിക്കണം.
അവസാനം കാത്തിരുന്ന അവസരം വന്നു.
ഒരു ചെറിയ പഴുതില്‍ ഡ്രൈവറ് മറികടക്കാന്‍ ബസ്സ് മുന്നോട്ടെടുത്തു.
ഒരു നിമിഷാറ്ദ്ധം ലോകം കീഴ് മേല്‍ മറിഞ്ഞു.
പ്രധാന റോഡിലൂടെ മുന്നോട്ട് പോകേണ്ട ബസ്സ് പെട്ടെന്ന് അതിവേഗത്തില്‍ വലത്തെ ഇടറോഡിലേക്ക് പാഞ്ഞ് കയറി നിന്നതും പിന്നിലൂടെ മറ്റൊരു ബസ്സ് ചീറി പാഞ്ഞ് പോയതും ഒരുമിച്ചായിരുന്നു
ഒന്ന് നിലവിളിക്കാന്‍ പോലും സമയം കിട്ടാതെ എല്ലാം തീറ്ന്നു.
ഡ്രൈവറിന്റെ അപാര മനസ്സാന്നിദ്ധ്യത്തിന് സ്തുതി.
രണ്ടു മാസം മുമ്പ് ഇതെ റോഡില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് പൊലിഞ്ഞത് പതിനാറ് പേരുടെ ജീവനുകള്‍.
ഉള്‍ക്കിടലത്തോടെ ദീറ്ഘശ്വാസം വിട്ടു.
ഒന്നും സംഭവിക്കാത്തത് പോലെ ഡ്രൈവറ് ബസ്സ് പിന്നോട്ടെടുത്ത് മുന്നോട്ടേക്ക് കുതിച്ചു.
“ഇനി നിന്റെ സ്പീടൊന്നും വേണ്ട”
“നോക്കിയും കണ്ടും ബസ്സ് ഓടിക്കെടാ”
ഇനിയും പ്രതിഷേധിച്ചില്ലെങ്കില്‍ മരണമാണ് ഫലമെന്ന് യാത്രക്കാറ് തിരിച്ചറിഞ്ഞു.
പിന്നെ മര്യാദക്കാരനായി മറികടക്കലുകളിലാതെ ഡ്രൈവറ് ബസ്സ് ഓടിച്ചു.
**** xxx ***
ഈ ആധുനിക മൃഗങ്ങളെ മെരുക്കി നിയന്ത്രിക്കുന്ന പാപ്പാനെ ഡ്രൈവറെന്ന് വിളിക്കും. അങ്ങേരാണ്‍ വിധികറ്ത്താവ്. സ്ഥിതിയും സംഹാരവും അങ്ങേര്‍ തീരുമാനിക്കും.
ടിക്കറ്റ് എടുക്കുക എന്നാല്‍ ജീവന്‍ ഡ്രൈവറുടെ കൈവശം ഏല്‍പ്പിച്ചു എന്നാണ്. ടിക്കറ്റ് മരണത്തിലേക്കോ ജീവിതത്തിലേക്കോ ആകാം. എല്ലാം ഡ്രൈവറുടെ കൈയില്‍. യാത്രക്കാരന് ഡ്രൈവറുടെ യോഗ്യതയോ ശക്തിയോ അളക്കാന്‍ പറ്റില്ല. ചിലപ്പോള്‍
യാത്രക്കാരന്‍ ഡ്രൈവറെ കാണുന്നതെ ഇല്ല. ഡ്രൈവറുടെ കഴിവ് കേടിനെ കുറിച്ച് വേവലാതിപ്പെട്ടാ‍ല്‍ യാത്ര ചെയ്യാനും പറ്റില്ല. എല്ലാം ആരുടെയോ കൈയില്‍ ഏല്‍പ്പിച്ച് യാത്ര തുടരുന്നു. എല്ലാം ഡ്രൈവറെ ഏല്‍പ്പിച്ച നിസ്സഹായരായ് യാത്രക്കാറ്. വിമാനം ഒന്ന് ചെരിഞ്ഞാല്‍ അകാരണമായി ഭീതി പൊതിയും. ആകാശത്ത് പൈലറ്റിന് എന്ത് ചെയ്യാന്‍ കഴിയും. എല്ലാം ദൈവത്തിന്റേയും പൈലറ്റിന്റേയും കൈവശം.

ലോകത്തിലെ എല്ലാ യുദ്ധത്തിലും കൂടി മരിച്ചവരുടെ കണക്കും റോഡ്-വാഹനാപകടത്തില്‍ മരിച്ചവരുടെ കണക്കും എടുത്ത് നോക്കിയാല്‍ യുദ്ധം തോറ്റ് പോകും. ചില വാഹനാപകടത്തിലെ ഡ്രൈവറ്മാറ് മുലകുടി പ്രായം കഴിയാത്ത ലൈസന്‍സ് പോലും ഇല്ലാത്ത് പയ്യന്മാറ്.
ഒരു വാഹനം റോഡില്‍ ഇറങ്ങുമ്പോള്‍ അത് ഓടിക്കാന്‍ യോഗ്യമാണോ അതു പോലെ ഡ്രൈവറും യോഗ്യനാണോ എന്നും ഉറപ്പ് വരുത്തേണ്ടത് അതിന്റെ ഉടമസ്ഥനും(സ്ഥാപനവും) ഡ്രൈവറും ആണ്. വീതിയുള്ള റോഡും വാഹാനമോടിക്കാന്‍ പര്യാപ്തമായ റോഡും ഗതാഗത നിയന്ത്രണങ്ങളും സറ്ക്കാറിന്റെ ചുമതലയുമാണ്. അതുകൊണ്ട് വാഹനാപകടത്തിന് ഇവരെല്ലാവരും ഉത്തരവാദികളാണ്. വിശന്ന ക്രൂരമൃഗങ്ങളെ ഒരു നിയന്ത്രണവുമില്ലാതെ കൂട്ടില്‍ നിന്ന് അഴിച്ചു വിടാന്‍ ഇവറ്ക്ക് ഒരു അധികാരവുമില്ല. നഷ്ടപ്പെട്ടുപോയ ഒരു ജീവനും തിരിച്ചുകൊടുക്കാന്‍ ഇവറ്ക്ക് കഴിയില്ല. വിശ്രമമില്ലാതെ ഡ്രൈവറുമാരെ പണിയെടുപ്പിക്കുന്ന ഉടമസ്ഥനും,സ്ഥാപനവും കുറ്റക്കാരാണ്. മദ്യപിച്ച് വാഹനമോടിക്കുന്ന ഡ്രൈവറും അതിന്റെ ഉടമസ്ഥനും,സ്ഥാപനവും ഒരു പോലെ കുറ്റക്കാരാണ്. കറ്ശന നിയമങ്ങള്‍ വേണം. അത് കടുകിട തെറ്റാതെ നടപ്പിലാക്കുന്ന ഉദ്ദ്യോഗസ്ഥരും വേണം. ഇത് ജീവിതവും മരണവും കൊണ്ടുള്ള കളിയാണ്. അപകടത്തിന് ശേഷം കണ്ണീരൊഴുക്കാന്‍ ഏവറ്ക്കും കഴിയും അതിന് മുമ്പെ കണ്ണ് തുറന്ന് പ്രവറ്ത്തിക്കുകയാണ് വേണ്ടത്.

വാഹനാപകടത്തില്‍ പെട്ട തെറ്റുകാരായ എല്ലാ ഡ്രൈവറുമാറ്ക്കും കറ്ശന ശിക്ഷ കൊടുക്കണം. അവരുടെ ലൈസന്‍സും റദ്ദാക്കണം. ഓടിക്കാന്‍ അറിയാത്തവറ് പിന്‍ നിരയില്‍ ഇരിക്കട്ടെ. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ലംഘിച്ച് ഭരണം തെറ്റായ ദിശയില്‍ ഓടിക്കുന്ന് രാഷ്ട്രിയ പാറ്ട്ടികള്‍ക്കും ഇത് ബാധകമാക്കണം.

Wednesday, December 3, 2008

മുസ്ലിം തീവ്രവാദിയെക്കാളും വലിയ കൊടും ഭീകരന്മാര്‍

ബ്രിട്ടീഷ്കാര്‍ ഇന്ത്യയെ നൂറ്റാണ്ടുകളോളും ഭരിച്ചത് തമ്മിലടിക്കുന്ന നാട്ടുരാജാക്കന്മാരെ ഉപയോഗിച്ച് കൊണ്ടാണെന്നത് ചരിത്രം. പാരമ്പര്യം മറക്കരുതല്ലോ ഇന്ത്യക്കാരത് കാശ്മീറ് മുതല്‍ കേരളം വരെ അണുകിട വ്യത്യാസം വരുത്താതെ അത് കൊണ്ടാടുന്നുമുണ്ടു. ഏതൊരു ഭീകരാക്രമണം നടന്നാലും രാജ്യതാല്പര്യത്തിനുപരിയായി അത് തന്റെ പാറ്ട്ടിക്ക് അല്ലെങ്കില്‍ നേതാവിന് എങ്ങനെ മുതലെടുക്കാമെന്നെ ചിന്തയെയുള്ളു. പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് പടിക്കലെത്തിനില്‍ക്കുമ്പോള്‍.

പുര കത്തുമ്പോള്‍ കഴുക്കോല്‍ ഊരികൊണ്ടുപോകുന്നവര്‍,
കത്തുന്ന പുരയിലെ തീ കൊണ്ടു ബീഡി കത്തിക്കുന്നവര്‍,
സഹോദരന്‍ ചത്താലും വേണ്ടില്ല നാത്തൂന്റെ കണ്ണീര്‍ കണ്ടാല്‍ മതി.
എന്നൊക്കെ പറഞ്ഞത് ഇവരെക്കുറിച്ച് തന്നെയായിരിക്കും. ഉറപ്പ്.

ഭീകരന്മാര്‍ മുമ്പൈ കത്തിക്കുമ്പോള്‍ നമ്മുടെ രാഷ്ട്രിയക്കാര്‍ ചെളിബോംബുകള്‍ ഉണ്ടാക്കുകയായിരുന്നു പരസ്പരം എറിഞ്ഞു വീഴ്ത്താന്‍. തെരഞ്ഞെടുപ്പിന് മസാല അരക്കുകയായിരുന്നു. ഭരണക്കാരുടെ പിടിപ്പ്കേട് കൊണ്ടാണ് ഇതൊക്കെ സംഭവിച്ചത് ഞങ്ങളായിരുന്നെങ്കില്‍ കാണിച്ച് കൊടുക്കാമയിരുന്നു എന്നൊക്കെ മേനി പറഞ്ഞു അടുത്ത ഭരണത്തിലേക്കാണ് ചിലരുടെ നോട്ടം. ഇപ്പറഞ്ഞ രാഷ്ട്രിയക്കാരൊക്കെ ഭരിച്ചപ്പോഴും ഭീകരാക്രമണത്തിന് ഒരു പഞ്ഞവും ഉണ്ടായിരുന്നില്ല. പാര വെക്കാന്‍ തീവ്രവാദികളെ വളറ്ത്തുകയും ഉപയോഗിക്കുകയും ചെയ്ത എത്രയെത്ര പാറ്ട്ടികളുണ്ടു ഇന്ത്യയില്‍.

റഷ്യയെ അഫഘാനിസ്ഥാനില്‍ നിന്ന് തുരത്താന്‍ താലിബാനെ ഊട്ടി വളറ്ത്തിയ അമേരിക്കയും പാക്കിസ്ഥാനും അവസാനം താലിബാന്റെ തന്നെ വാളിന് ഇരയാകുന്നു. ജനത പാറ്ട്ടിയെ തകറ്ക്കാന്‍ ഭിന്ത്രന്‍വാലയെ വളറ്ത്തിയ ഇന്ദിരാഗാന്ധി സിക്ക്കാരന്റെ വെടി ഉണ്ടയാല്‍ തുളഞ്ഞ് മരിച്ചതും, തമിഴ് പുലികളെ കൊന്നൊടുക്കിയ രാജീവ് ഗാന്ധിയെ പെണ്‍പുലി തന്റെ ശരീരത്തോട് ചേറ്ത്ത് പൊട്ടിത്തെറ്പ്പിച്ച് കൊന്നതും ചരിത്രത്തിന്റെ വികൃതികള്‍ മാത്രം.

മുമ്പൈയിലെ തീയണഞ്ഞു.പാക്കിസ്ഥാന് താക്കീതും കൊടുത്തു. അപ്പോളതാ ഒരു പ്രാദേശിക ബോംബ് പൊട്ടുന്നു. ഒരു പട്ടിക്കഥയായി. ധീരദേശാഭിമാനി സന്ദീപിന്റെ ബംഗ്ലരുവിലെ വീട്ടിലേക്ക് കേരളാസറ്ക്കാറിന്റെ ഭാഗത്ത് നിന്ന് ആരും പോയില്ലെന്നും സന്ദീപിനെ അവമാനിച്ചുവെന്നും ഒക്കെയുള്ള കഥ പാട്ടായി വാറ്ത്തയായി. അങ്ങ് ഡല്‍ഹിയില്‍ വെച്ച് പത്രക്കാര്‍ വി എസിനോടും കൊടിയേരിയോടും ചോദിച്ചപ്പോള്‍ കമാന്ന് മിണ്ടിയില്ലെന്ന് പറഞ്ഞ് കാര്യങ്ങള്‍ പുകഞ്ഞ് തുടങ്ങി. പത്രക്കാറ്ക്ക് എന്ത് കഥയും മെനയാം. അതല്ലെ പണ്ട് പിണറായി സഖാവ് പറഞ്ഞത് പത്രക്കാറ്ക്ക് കമ്മ്യൂണിസ്റ്റ് പാറ്ട്ടിയെ കുറിച്ച് ഒരു ചുക്കും അറിഞ്ഞ് കൂടെന്ന്. ഒരു ബി.ജെ.പി നേതാവിനോ കോണ്‍ഗ്രസ്സ് നേതാവിനോ വായില്‍ തോന്നിയത് പറയാം കോടികള്‍ വാഗ്ദാനം ചെയ്യാം.( അത് കിട്ടണമെങ്കില്‍ ഒരു ജന്മം കൂടി ജനിക്കണമെന്ന് മാത്രം). അത് പോലെയാണോ കമ്മ്യൂണിസ്റ്റ് പാറ്ട്ടി. യോഗം ചേരണം ചറ്ച്ച് ചെയ്യണം തീരുമാനങ്ങള്‍ എടുക്കണം.(അല്ലെങ്കിലെ അച്ചടക്കലംഘനം കൊണ്ടു പുറം പൊളിഞ്ഞ് കിടക്കുകയാണ് അപ്പോഴാണ് പത്രക്കാരുടെ ഒരു മാതിരി കുത്തി കുത്തി ചോദ്യം). അതല്ലെ അടുത്ത് ദിവസം ആഭ്യന്തരമന്ത്രിയും പിന്നാലെ മുഖ്യമന്ത്രി തന്നെ നേരിട്ട് ചെല്ലാനും തീരുമാനമായത്. പോയത് പൊല്ലാപ്പായി. കറ്ണ്ണാടക പോലീസ് പോകണ്ടാ പോകണ്ടാ എന്ന് പറ്ഞ്ഞിട്ടും വയസ്സ്കാലത്ത് രാത്രിയില്‍ തന്നെ അവിടെ പോയത് കേരളത്തിന്റെ അന്തസ്സ് കാക്കാന്‍. കിട്ടിയതോ പൂരത്തെറിയും.
അപ്രിയ സത്യങ്ങള്‍ അനവസരത്തില്‍ പറഞ്ഞതിന് മുഖ്യമന്ത്രിക്കും കിട്ടി പണി. എല്ലിന്‍ കഷണങ്ങള്‍ക്കായി പുറത്ത് തല്പരകക്ഷികള്‍ കാത്ത് നില്‍ക്കുന്നത് ഓറ്ക്കണമായിരുന്നു. ഒരു തലശ്ശേരിക്കാരന്റെ മെയ് വഴക്കത്തോടെ “മകന്‍ മരിച്ച അച്ചന്റെ വികാര വിക്ഷോഭങ്ങള്‍” എന്ന് പറഞ്ഞ് കൊടിയേരി ഒഴിഞ്ഞ് മാറിയത് കണ്ടെങ്കിലും വി.എസ് കുറച്ച് കളരി പഠിക്കേണ്ടതായിരുന്നു.
ഉണ്ണികൃഷ്ണനിലെ രാഷ്ട്രിയക്കാരന്‍ “ പോടാ പട്ടി“യെന്ന് വിളിച്ചപ്പോള്‍ അത് മറ നീക്കി പുറത്ത് വന്നത് തിരുവനന്തപുരത്തും. ഒരു വൃദ്ധന്‍ പട്ടിയുടെ കഴുത്തില്‍ തൂങ്ങി കിടന്നു കേരളത്തിന്റെ മുഖ്യമന്ത്രി. രണ്ടു സ്ഥലത്തും ഒരേ രാഷ്ട്രിയ ചുവ.
ബി.ജെ.പി മുഖ്യമന്ത്രിക്ക് സത്ക്കാരവും കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് തിരസ്ക്കാരവും. ഇതിന്റെ പൊരുത്ത്ക്കേട് തിരിച്ചറിഞ്ഞത് കൊണ്ടായിരിക്കണം ഉണ്ണികൃഷ്ണന്റെ ബന്ധുക്കള്‍ അടുത്ത് ദിവസം തന്നെ ക്ഷമാപണം ചോദിക്കുകയും വിവാദം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തത്. എന്നാലും നമ്മുടെ പ്രതിപക്ഷം വിടുമോ. വിവാദങ്ങളും ഉപ വിവാദങ്ങളും കൊണ്ടു സംഗതികള്‍ കൊഴുപ്പിക്കുകയല്ലെ.
ഉമ്മന്‍ ചാണ്ടിയില്‍ ഊമ്പന്‍ ചാണ്ടിയുണ്ടെന്നും അത് അശ്ലീലമാണെന്നും മാണി സാറ് കണ്ടുപിടിച്ച് കളഞ്ഞില്ലെ. ഭാഗ്യത്തിന് വേറെയാരും കേട്ടില്ല മാണി സാറ് ഒഴികെ. ഇത് മണം പിടിച്ച് കണ്ടു പിടിച്ചത് തന്നെ. മാണി സാറിന്റെ അപാര ഘ്രാണശക്തി തന്നെ. കണ്ടോ ഇതിലും ഒരു പട്ടി കയറി വരുന്നു. അവനവന്‍ ഇരിക്കേണ്ട സ്ഥാനത്ത് ഇരുന്നില്ലെങ്കില്‍ പട്ടി കയറി ഇരിക്കും.
ഇങ്ങ് തെക്കെ ഇന്ത്യയില്‍ നടന്ന ഈ വന്‍ സാംസ്ക്കാരിക ഭീകരാക്രമണത്തിന്റെ അലയടികള്‍ അങ്ങ് വടക്കെ ഇന്ത്യയിലും ഗംഭീരമായ ഇടിയൊച്ചകള്‍ ഉണ്ടാക്കിയത്രെ. ചാണ്ടി സാറ് മുഖ്യമന്ത്രിയുടെ രാജിയില്‍ കുറഞ്ഞ ഒന്നിനും രാജിയായില്ല. ബി.ജെ.പി ഇന്നലെ മുറ വിളി കൂട്ടുന്നു രാജിക്കായി. ചിന്നം വിളിച്ച് കൊണ്ട് ലാലുസാറും വന്നും രാജി ചോദിച്ച് കൊണ്ടു.
ദീപസ്തംഭം മാഹാശ്ചര്യം നമുക്കും കിട്ടണം ഭരണം.
ഇങ്ങനെ ഒക്കെയുള്ള നാട്ടില്‍ ഭീകരന്മാറ് വന്ന് ആക്രമിച്ചില്ലെങ്കിലെ അതിശയമുള്ളു. ഇന്റലിജന്‍സ് വിഭാഗം ജീവന്‍ പണയപ്പെടുത്തികൊണ്ടു കൊണ്ട് വരുന്ന രഹസ്യ വിവരങ്ങള്‍ അത് വേണ്ട രീതിയില്‍ വിശകലനം ചെയുകയും മുന്‍ കരുതല്‍ എടുക്കുകയും ചെയ്യേണ്ടതിന് പകരം അലസമായി കൈകാര്യം ചെയ്യുന്ന രീതി കാറ്ഗില്‍ സംഘറ്ഷം മുതലെ കണ്ടു വരുന്നതാണ്. കാറ്ഗില്‍ യുദ്ധം തന്നെ ഒഴിവാക്കാന്‍ പറ്റുമായിരുന്നുവെന്ന് ഇന്റലിജന്‍സ് പിന്നാമ്പുറ കഥകള്‍. ഉദ്ദ്യോഗസ്ഥ വിഭാഗങ്ങളുടെയും മേധാവികളുടെയും താന്‍ താന്‍പോരിമ. രാഷ്ട്രിയ നേതൃത്ത്ങ്ങളുടെ കഴിവ് കേട്. പ്രതിരോധമന്ത്രി തന്നെ പറഞ്ഞു കടലോരങ്ങളിലൂടെ ഭീകരാക്രമണം വരുമെന്ന്, എന്നിട്ട് എവിടെയാണ് പിഴച്ചത്. എവിടെയൊക്കയോ എന്തൊക്കയോ ചീഞ്ഞ് നാറുന്നു.
എന്നാണ് ഇതിനൊക്കെ ഒരു അന്ത്യമെന്ന് പറയാനും വയ്യ. കാര്യങ്ങളുടെ പോക്ക് അങ്ങനെയാണ്. അമേരിക്കയും ഇസ്രായലും ഇന്ത്യയും കൈകോറ്ക്കുമ്പോള്‍ ഭീകരന്‍ അവന്റെ വാളിനും മൂറ്ച്ച കൂട്ടുന്നു. അഫഘാനിസ്ഥാനില്‍നിന്ന് പാക്കിസ്ഥാനിലേക്കും പിന്നെ ഇന്ത്യയിലേക്കും ഭീകരന്മാരെ അമേരിക്ക കൊണ്ടു വന്നിരിക്കുന്നു.
മത ഭ്രാന്തന്മാരുടെ എണ്ണവും പെരുകികൊണ്ടിരിക്കയാണ്. സൂക്ഷിച്ചിരിക്കുക അടുത്ത് നില്‍ക്കുന്ന ഒരാള്‍ പൊടുന്നനെ ഒരു ഭീകരവാദിയായി മാറിയേക്കാം. സ്വയം രക്ഷക്കായി സ്വയം തന്നെ ഒരുങ്ങുക.

Wednesday, November 19, 2008

വൃദ്ധ-സു-കുമാരന്‍

വൃദ്ധനല്ല അവന്‍,
കാലം ഹരിക്കാത്ത യുവത്വം തുളുമ്പുന്നവന്‍.
എണ്‍പത്തിയഞ്ചിലും
ഇരുപത്തിയഞ്ചിന്റെ വിപ്ലവ സ്വപ്നങ്ങള്‍.
അറിയുക മാറ്റത്തിന്‍ ചുമരെഴുത്തുകള്‍
അല്ലെങ്കില്‍ അറിയില്ലെന്ന് നടിച്ച്
വിഡ്ഢിവേഷം കെട്ടിയാടുക.
മസിലുകള്‍ ആഘോഷമാക്കിയ നല്ല മിമിക്രിക്കാരെ
നിങ്ങള്‍ക്ക് ഒരു നല്ല നമസ്ക്കാരം.
നീട്ടിയും കുറുക്കിയും പോര്‍ വിളിച്ചത്
അനീതിക്കെതിരെയെന്നറിയാതെ പോകരുത്.
വയലാറില്‍ ഒളിച്ചോടിയവനെന്ന് പരിഹസിച്ചോളു,
ഒരടി പിന്നോട്ടെന്നത് രണ്ടടി മുന്നോട്ടാണെന്നോര്‍ക്കാന് മറക്കരുത്.
സഹമന്ത്രിമാര്‍ സകുടുംബം വിദേശം കറങ്ങുമ്പോള്‍
സ്വദേശത്ത് കാടും മലയും താണ്ടുന്നവന്‍.
സഹസഖാക്കള്‍ നവകമ്പോള വീഥികളില്‍ രമിക്കുമ്പോള്‍,
സനാതന മൂല്യങ്ങള്‍ നെഞ്ചോട് ചേറ്ത്തവന്‍.
ചിലര്‍ പഞ്ചനക്ഷത്രഹോട്ടലുകളില്‍ ചേക്കേറുമ്പോള്‍
പിറന്നാള്‍ കഞ്ഞിയും ചീരയും കൊണ്ടാഘോഷിച്ചവന്‍.
വാഴയല്ല അരിയാണ് മുഖ്യമെന്ന് മുമ്പെ അറിഞ്ഞവന്‍.
തീയില്‍ കുരുത്ത്,കമ്പളി പുതപ്പില്‍ അഭയം തേടാത്തവന്‍.
ആര്‍ത്തിരമ്പിയെത്തിയ ജനകോടിയലകളെല്ലാം
വ്യക്തിസ്വാറ്ത്ഥ പൂരണത്തിനല്ലെന്നരുളിയവന്‍.
ജനശക്തി അഴിമതികുടയാക്കരുത് സഖേ.
പ്രശംസിക്കേണ്ട വിമറ്ശിച്ചോളു
വേണ്ടുവോളം തെറി പറയരുതെ.
പട്ടിക്കഥകള്‍ മെനഞ്ഞു പലരും
അഴിക്കോട് മാഷെ നിങ്ങളും!
വാക്കുകളില്‍ വാറ്ദ്ധക്യ പതറ്ച്ചയോ
വയസ്സിലിളയവനായിട്ടും!!
വ്യക്തി തേജോവധത്തിന്‍ മലം വിഴുങ്ങി
വാള്‍ വെക്കരുതേ…
പാറ്ട്ടിയിലൊരുവന്‍ അഴിമതി ചെയ്താല്‍
നേരും നെറിയും അറിയും മുമ്പെ
മറ്ക്കടവേഷം കെട്ടരുതയ്യോ.
കത്തിയ ബസ്സും പൊട്ടിയ കണ്ണും
തിരികെ വരില്ലെന്നോറ്ക്കുക
തെരുവില്‍ കൂത്താടുമ്പോള്‍.
നേരറിയാന്‍ ക്ഷമ ഭൂമിയോളം കാത്ത് വെക്കുക,
വീണ വാക്കുകള്‍ തിരിച്ചു കുത്താതിരിക്കാന്‍.
സഹസഖാവ് ദു:ഖസാഗരത്തില്‍ പതറുമ്പോള്‍
അശ്ലീല ചിരി ചിരിക്കാന്‍ സമ്മതമേകിയ
വന്ദ്യവയോധികാ നന്ദി, നല്ല നമസ്കാരം,
പറഞ്ഞതിനും പറയാത്തതിനും.

ഭൂരിപക്ഷം പറഞ്ഞാല്‍
ആട് പട്ടിയാകില്ല
എലി പൂച്ചയുമാകില്ല.
എലി പിന്നെയും കരണ്ടു തിന്നും.
എലികള്‍ കരണ്ടു തിന്ന കോണകവുമായി
വോട്ട് ചോദിച്ചാല്‍ ജനം മുഖത്തടിക്കും.
എലിയെ പേടിച്ച് ഇല്ലം ചുടണോ?
വേണ്ടേ വേണ്ട
ഒരുമയുണ്ടെങ്കില്‍ എലിയെ പിടിക്കാം
പിന്നെ പുലിയും വീഴും.
സത്യത്തിന്റെ ശബ്ദം ഒറ്റപ്പെട്ടാലും
സത്യം സത്യമല്ലാതാകില്ല.
അറിയുക മാറ്റത്തിന്‍ ചുമരെഴുത്തുകള്‍
അല്ലെങ്കില്‍ അറിയില്ലെന്ന് നടിച്ച്
വിഡ്ഢിവേഷം കെട്ടിയാടുക.
അണയും മുമ്പെ ഈ സഞ്ചിത ഊര്‍ജ്ജം പകറന്നെടുക്കാന്‍
വാര്‍ദ്ധക്യം ബാധിക്കാത്ത കൌമാരങ്ങളുണ്ടോ?

വിശകലനത്തിന് ഇവിടെ ഞെക്കുക >> വി എസും വിമറ്ശകരും

-----------------------------------------------------------------------------
ഈ കവിത ഇവിടെ കേള്‍ക്കാം>http://ercsathadhara.podbean.com/2009/09/11/vs

Thursday, November 6, 2008

അടി തെറ്റിയ ആനപ്പുറത്ത് ഒബ(ആമ)



അടി തെറ്റിയാല്‍ എറുമ്പും വീഴും ആമയും വീഴും. പിന്നെയല്ലെ ബുഷും അമേരിക്കയും വീഴാതിരിക്കാന്‍.
എന്തായിരുന്നു പുകില്‍ ഇത്രയും കാലം. കരിമ്പിന്‍ കാട്ടില്‍ കയറിയ മദയാനയെപ്പോലെ ലോകത്ത് എന്തൊക്കെ കാട്ടികൂട്ടി.
ബുഷിനെ ഇനി വല്ല കുറ്റിക്കാട്ടില്‍ തപ്പിയാല്‍പോലും കിട്ടില്ല. മരുന്നിന് പോലും കിട്ടാനില്ല.

മാര്‍ട്ടിന്‍ ലൂതറിന്റെ സ്വപ്നസാക്ഷാല്‍ക്കാരം.
വൈറ്റ് ഹൌസിലെ ആദ്യത്തെ കറുത്തവന്‍.
മാറ്റത്തിന്റെ നായകന്‍.
യുവാക്കളുടെ രോമാഞ്ചം.
വനിതകളുടെ രക്ഷകന്‍.
വായ്ത്താരികള്‍ ഏറെയുണ്ടു ഒബാമയെ വാഴ്ത്താന്‍.

പക്ഷെ ബുഷിന്റെ പാറ്ട്ടിയെ തോല്‍പ്പിക്കാന്‍ ഏത് ഹിലാരിക്കും കഴിയും. ഒബാമക്ക് കിട്ടിയ അത്ര വോട്ട് കിട്ടിയെന്ന് വരില്ല എന്ന് മാത്രം. ബുഷിന്റെ ശത്രു ബുഷിന്റെ നയങ്ങള്‍ തന്നെയായിരുന്നു എന്ന് സ്കൂളില്‍ പോകാത്ത കുട്ടിക്ക് പോലും അറിയാം.
ഈ ആഘോഷത്തിമറ്പ്പിന് ഇടയില്‍ ആറ്ക്ക് വേണം ഈ സത്യം.
കണ്ടിട്ടും കൊണ്ടിട്ടും പഠിക്കാത്ത അമേരിക്കകാരന് ചാരുകസേരയിലിരുന്ന് ഓര്‍മിക്കാന് വേറെയും സത്യങ്ങളുണ്ടു. വിയറ്റാമില്‍ നിന്ന്
പഠിക്കാണ്ട് വന്ന മക്കയിന്മാറ്ക്കും അത് ആവാം.
സപ്തംബറ് പതിനൊന്നിന് അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ നെടുംത്തൂണായ ട്രേഡ് സെന്ടറ് ബിന്‍ ലാദ്ന്‍ ഇടിച്ച് തകറ്ത്തപ്പോള്‍ തുടങ്ങിയ അമേരിക്കന്‍ തകറ്ച്ച മറച്ചുവെക്കാനും പിന്നെ അതില്‍ നിന്ന് കര കയറാനും ഉള്ള വെപ്രാളത്തില്‍ അമേരിക്ക അഫ്ഘാനിസ്ഥാനിലും ഇറാക്കിലും കളിച്ചത് മരണക്കളിയല്‍ കുറഞ്ഞ ഒന്നുമല്ല.
വിധിവൈപരീത്യം എന്ന് തന്നെ പറയട്ടെ ഊഹക്കച്ചവടത്തില്‍ ഊതി വീറ്പ്പിച്ച അമേരിക്കന്‍ സമ്പദ് വ്യവസ്ഥ തകറ്ന്ന് വീണതും ഒരു സപ്തംബറില്‍ തന്നെ. ബിന്‍ലാദന്മാര്‍ക്ക് താടി മാന്തി ആര്‍ത്ത് ചിരിക്കാം.

എലിയെ പേടിച്ച് ഇല്ലം ചുടുമെന്ന് കേട്ടിട്ടെ ഉള്ളു. അത് ഈ ജന്മ്ത്തില്‍ തന്നെ കാണാന്‍ കഴിയുമെന്ന് ഒട്ടും നിരീച്ചില്ല.
അതും കണ്ടും അഫ്ഘാനിസ്ഥാനില്‍. അമേരിക്കകാരന്റെ മഹത്തായ “ടെക്കിന്നില്ലാലോജി” ലക്ഷങ്ങളെ കൊന്നു, കോടികളെ പെരുവഴിയിലാക്കി.
ഇന്ന് എലി ഗുഹയിലിരുന്ന് ജീവചരിത്രം എഴുതുന്നു, ഉരുക്ക് കോട്ടയിലിരുന്ന് ഭുതക്കണ്ണാടി വെച്ച് ബുഷ് അത് വായിക്കുന്നു. ലാദന്റെ പ്രസ്താവനകള്‍ പ്രാതലിനൊപ്പം ടീവിയില്‍ കാണുന്നു. പൃഷ്ഠം ചൊറിഞ്ഞ് കണ്ണാടിയില്‍ കാറ്ക്കിച്ച് തുപ്പുന്നു.

ആരോ ഉണ്ടെന്ന് പറഞ്ഞ ബോംബ് കണ്ടില്ലെങ്കിലെന്ത്, ഇറാക്ക് കുട്ടി ചോറാക്കിയില്ലെ.
ആയിരക്കണക്കിന് അമേരിക്കകാരന്‍ ചത്താലെന്ത്, എണ്ണ ചുരുട്ടി കൊണ്ടു പോയി പട്ട് മെത്തയിലിരിക്കാന്‍ കഴിഞ്ഞില്ലെ ബുഷിനും കോറ്പ്പറേറ്റ് കൂട്ടുകാറ്ക്കും.
ലക്ഷക്കണക്കിന് ഇറാക്കി മുസ്ലിംങ്ങള്‍ കൊല്ലപ്പെട്ടാലെന്ത്, അച്ചന്‍ ബുഷിനെ കൊല്ലാന്‍ നോക്കിയ സാദാ ഹുസൈനെ മകന്‍ ബുഷിന് തൂക്കിലേറ്റന്‍ കഴിഞ്ഞില്ലെ.
വിയറ്റാമില്‍ നിന്ന് പാ‍ഠം പഠിക്കാത്ത അമേരിക്കന്‍ ഭരണകൂടം അഹങ്കാരിയായി ഭസ്മാസുരനെ പോലെ ലോകത്താകമാനം തേര്‍വാഴ്ച്ച നടത്തുകയായിരിന്നില്ലെ.

കോളിന്‍ പവലിനെ പോലെയുള്ള മാന്യ ദേഹങ്ങള്‍ പുറം തിരിഞ്ഞ് നിന്നപ്പോള്‍ ഞാന്‍ മാവിലായിക്കാരനല്ലെ എന്ന് പറഞ്ഞ് ഒബാമയും ഇവിടെയൊക്കെ ഉണ്ടായിരുന്നല്ലോ.
അമേരിക്കയെ സംരക്ഷിക്കാന്‍ എന്ന് പേരില്‍ ലോകത്താകമാനം ബോംബ് വിതറിയ ബുഷിനെ രണ്ടാമതും തോളിലേറ്റിയ അമേരിക്കാരന്‍ ഇന്നെന്തിന് വലിയ വായില്‍ കരയണം. ബുഷ് കൊണ്ടു വരും രക്ഷ, ബുഷ് കൊണ്ടു വരും സമ്പത്ത് എന്ന് കരുതിയ പാവം അമേരിക്കകാരന്‍ നെഞ്ചത്തടിച്ച് അന്തം വിട്ട് നില്ക്കുകയാണ് “മാറ്റത്തിനായി”.
പുറം തിരിഞ്ഞിരുന്ന് കുതിരപ്പുറത്തിരിക്കാനാണ് ഒബാമയ്ക്ക് വിധി. ഇത് എങ്ങോട്ടെത്തും ആവോ. ദൈവത്തിന് പോലും അറിയില്ല. ഒരു പക്ഷെ ലാദന് അറിയുമായിരിക്കും. എല്ലാവരേയും കൂട്ടി ഭരിക്കാന്‍ പോകുന്ന ഒബാമയ്ക്ക് ലാദനേയും ഒന്ന് കണ്‍സള്‍ട്ട് ചെയ്യാമായിരുന്നു. ചിലവറ്ക്ക് വൈകിയെ ബുദ്ധി വരുകയുള്ള. എന്ത് ചെയ്യാം ഓരോ അമേരിക്കകാരന്റെ വിധി.
അമേരിക്കയില്‍ കാര്യങ്ങള്‍ ഇനി ആമയുടെ വേഗത്തിലെ പോകു കാരണം കുതിരകള്‍ ഓടിത്തളറ്ന്ന് ക്ഷീണിച്ചിരിക്കയാണ്.

ഒബാമ ആദ്യം ചെയ്യാന്‍ പോകുന്നത് രാജ്യ സുരക്ഷയെ കുറിച്ചുള്ള പ്രസ്താവനയാണ്. അപ്പോ അതും അത്രയ്ക്ക് മോശമായി. പുറത്തുള്ളവറ്ക്കു അറിയില്ലെങ്കിലും അകത്തുള്ളവറ്ക്ക് തീറ്ച്ചയായും അറിയും ഒബാമയ്ക്കും.

എന്തൊക്ക പറഞ്ഞാലും ഒബാമ ബുദ്ധിയുള്ളവനാണ്. ദുറ്മന്ത്രവാദം ചെയ്ത് ഇത്രയും കാലം ഭരിച്ചവരെ തന്നെ വിളിച്ചില്ലെ വീണ്ടും ഒന്നിച്ച് ഭരിക്കാന്‍. ഒബാമയ്ക്ക് അറിയാം തനിച്ച് ഇതൊന്നും ചെയ്യാന്‍ പറ്റില്ലാന്ന്. ചെയ്ത പാപത്തിന്റെ ശിക്ഷ അവരും അനുഭവിക്കട്ടെ എന്നായിരിക്കും ഒബാമയുടെ ഉള്ളിലിരിപ്പ്.
ഇനി എന്തെങ്കിലും പറ്റിയാല്‍ നൂലില്‍ പിടിച്ച് നില്‍ക്കാമല്ലോ. എല്ലാവറ്ക്കും ഇതില്‍ ഉത്തരവാദിത്തമുണ്ടെന്ന്. ചുരുക്കി പറഞ്ഞാല്‍ ഇനി ഡമോക്രാറ്റും വേണ്ട റിപ്പബ്ലിക്കും വേണ്ട ഇലക്ഷനും വേണ്ട ഒബാ‍മ തന്നെ ആജീവാനാന്ത പ്രസിഡണ്ട്. മിടുമിടുക്കന്‍.
സോവിയറ്റ് തകറ്ച്ചുകള്‍ക്ക് ശേഷം റഷ്യയും തല പൊക്കാന്‍ തുടങ്ങിയ സമയമാണിത്.
കറുത്ത വറ്ഗ്ഗ്ക്കാരനെ നന്നാക്കാന്‍ നോക്കാതെ വെള്ളക്കാരനെ നന്നാക്കാന്‍ നോക്കിയാല്‍ ഒബാമയ്ക്കും നല്ലത്, അമേരിക്കകാരനും
നല്ലത്, ലോകത്തിനും ശാന്തി.

Thursday, October 30, 2008

ടിയാന്റെ സ്ഥലം (ഏനെന്ത് ചെയ്യണം തമ്പ്രാക്കളെ?)

സര്‍ക്കാര് പറഞ്ഞു ടിയാന്‍ സര്‍ക്കാര് സ്ഥലം കൈയ്യേറിയെന്ന്.
ടിയാന്‍ പറഞ്ഞു ഒരിഞ്ച് പോലും ഇല്ല.
അന്വേഷണ കമ്മീഷന്‍ പറഞ്ഞു ടിയാന്‍ അമ്പതിനായിരം ഏക്ര കൈയ്യേറിയെന്ന്.
ടിയാന്‍ പറഞ്ഞു ഒരു തരി മണ്ണ് പോലും ഇല്ല.
"ടിയാന്റെ സ്ഥലം തൊടാന്‍ സര്‍ക്കാറിന് ധൈര്യം ഉണ്ടോ"ശകുനി പ്രതിപക്ഷം സര്‍ക്കാറിനെ വെല്ലുവിളിച്ചു. ഭരണഘടക കഷികളുടെ മുറുമുറുപ്പുകള്ക്കിടയില് കേട്ടത് പാതി കേള്‍ക്കാത്തത് പാതി സറ്ക്കാറ് മുഖ്യന്‍ പട നയിച്ചു, കാടു കയറി.
ടിയാന്റെ പറമ്പില്‍ കൊടി നാട്ടി.
പത്തേക്ര പിടിച്ചെടുത്തതായി വിളംബരം ചെയ്തു.
ടിയാനും ടിയാന്റെ മാധൃമങ്ങളും ഒന്നിച്ചു പറഞ്ഞു കൊടി നാട്ടിയത് സറക്കാരിന്റെ ഭൂമിയില്‍ തന്നെ.
പിന്നേയും പിടിച്ചു പത്തേക്ര അമ്പതേക്ര ആയിരം ഏക്ര.
തഥൈവ പിന്നേയും പഴയ പല്ലവി തന്നെ..
ടിയാനും ടിയാന്റെ മാധൃമങ്ങളും ഒന്നിച്ചു പറഞ്ഞു കൊടി നാട്ടിയത് സറക്കാരിന്റെ ഭൂമിയില്‍ തന്നെ.
കേട്ടും കണ്ടും നിന്നവര്‍ക്ക് അരിശം കയറി.
“എന്തൂട്ട് ശവി ഈ പറേണ്. ഇയാള്‍ക്ക് സ്വന്തമായി ഒന്നുമില്ലെ. ഇയാള്‍ നില്‍ക്കണ സ്ഥലം പിടിച്ചാലും ഇയാള്‍ ഇത് തന്നെ പറയും. കള്ള തിരുമാലി.”
“അതന്ന്യാ ശരി.ഇയാള്‍ക്ക് സ്വന്തമായി ഒരിഞ്ച് സ്ഥലമില്ല. പിന്നെ ആകെ ഉള്ളത് സറ്ക്കാറ് സ്ഥലമാണ്. അത് കുറെശെ കുറെശെ സറ്ക്കാറ് തന്നെ പിടിച്ചു കൊണ്ടു പോകുന്നു. അത്രന്നെ.”
വന്‍കിടക്കാരുടെ കൈയേറ്റം ശിക്ഷിക്കാന്‍ ധൈര്യം കാണിക്കുന്ന സറ്ക്കാറ് വരുന്നത് വരെ ഈ കള്ളനും പോലീസും കളി തുടരും. വന്‍കിടക്കാരുടെ സ്വാധീനം ഭരണപക്ഷത്തും പ്രതിപക്ഷത്തും ഉദ്ദ്യോഗസ്ഥതലത്തിലും തുടരുന്നത് വരെ ഈ കളി അവസാനിക്കില്ല. അതെ സമയം കാടിന്റെ അധിപരായ ആദിവാസികള്‍ക്ക് ഭൂമിയില്ലാതാ‍കുന്നു. പെരുവഴിയില്‍ ഭൂമിക്കായി കുത്തിയിരിപ്പ് സമരം നടത്തുന്നു കാട്ടിന്റെ മക്കള്‍.
കാടുമില്ല
കാട്ടിലെ തേനുമില്ല.
മാന്തി തിന്നാന്‍ കിഴുങ്ങുമില്ല.
മുയലിനെ പിടിക്കാന്‍ ചെന്നപ്പോള്‍
വനപാലകരെത്തി എങ്ങളെ തുരത്താന്‍.
വയറ്റത്തടിച്ച് ഇച്ചിരി മണ്ണിരന്നപ്പോള്‍
കിട്ടി, പൂരത്തെറിയും പിന്നെ പൊതിരെത്തല്ലും.
നാട്ടിലിറങ്ങിയപ്പോള്‍
പെണ്ണിന്റെ മാനവും പോയി.
ഇനി ഏനെന്ത് ശെയണം പാര്‍ട്ടി തമ്പ്രാക്കളെ?

Thursday, October 23, 2008

ചിന്താവിഷ്ടയായ സൈനബ - അപവാദം അഥവ നവീന സദാചാരം (ഭാഗം രണ്ട്)

അലാറം നാല് വട്ടം അലറി വിളിച്ചിട്ടും സൈനബയ്ക്ക് എഴുന്നേല്‍ക്കാന്‍ തോന്നുന്നില്ല. പുറത്ത് മഴ പെയ്യുകയാണ്. മഴ കൊണ്ടുവന്ന തണുപ്പില്‍ പുതപ്പ് മാറ്റാന്‍ മടി. ഇടയ്ക്കിടെ ഇടിയും മിന്നലും. കാറ്റ് ജനല്‍ഗ്ലാസ്സ് അടിച്ച് പൊളിക്കുമോ ആവോ.

അലാറത്തെ പേടിപ്പിച്ച് ഇങ്ങനെ ഉറങ്ങാന്‍ എന്തോ ഒരു സുഖം. പുലറ്ച്ചെ ഇടവിട്ടുള്ള ചെറുമയക്കങ്ങള്‍, എന്ത് സുഖമാണെന്നോ.

മഴക്ക് ശക്തി കൂടി വരുകയാണ്. മഴ ഇങ്ങനെ പെയ്താല്‍ വടക്കെപ്പുറത്തെ മതില്‍ ഇന്ന് തന്നെ ഇടിഞ്ഞു വീഴുമെന്ന് തോന്നുന്നു. ഏത്ര ദിവസമായി വേലായുധനോട് പറഞ്ഞിട്ട്, അതൊന്ന് ഉറപ്പിച്ച് കെട്ടാന്‍. പണിക്കാരെ കിട്ടാനില്ലത്രെ. ഒരു കാര്യം ചെയ്ത് കിട്ടാന്‍ എത്ര പേരുടെ കാല് പിടിക്കണം. ഭരതേട്ടന് ഇതെന്തെങ്കിലും അറിയണോ. പണമുണ്ടായാല്‍ ചെയ്യാന്‍ ആളേയും കിട്ടുമെന്നാണ് വിചാരം.
സ്റ്റീല്‍ ഷീറ്റില്‍ മഴ പെരുമ്പറ കൊട്ടി തുടങ്ങി. പെരുമ്പറ അലോസരമായി. രസം പിടിച്ച് വരുന്ന മയക്കത്തിന്റെ സുഖം പോയി. ഇനി ഉറങ്ങിയാല്‍ ശരിയാവില്ല്. അഞ്ച് മണി കഴിഞ്ഞു. ഇന്ന് ഷീലയെ സ്കൂളില്‍ പറഞ്ഞയക്കണം. രണ്ടു ദിവസമായി പനിയെന്നും പറഞ്ഞിട്ട് സ്കൂളില്‍ പോയില്ല. ഇന്ന് എങ്ങനയെങ്കിലും പറഞ്ഞയക്കണം.

കണ്ണാടിയില്‍ നോക്കി മുടി ചീകി കെട്ടുമ്പോള്‍ ആലോചിച്ചു.
ഇപ്പോള്‍ ഭരതേട്ടന്‍ എന്ത് ചെയ്യുകയായിരിക്കും. ബാത്ത് റൂമിന്റെ മുന്നില്‍ ക്യൂ നില്‍ക്കുന്നുണ്ടാകും. എഴെട്ട് പേറ് ഒന്നിച്ച് താമസിക്കുന്ന മുറിയില്‍ അതിരാവിലെ എഴുന്നേറ്റില്ലെങ്കില്‍ ബാത്ത് റൂം ഒഴിഞ്ഞ് കിട്ടില്ല. അന്ന് ഒഫിസില്‍ എത്താന്‍ ലേറ്റ് ആകും. എത്രോട്ടം പറഞ്ഞു ഞങ്ങളേയും കൊണ്ടുപോകാന്‍. പറ്റില്ലാത്രെ. ഭയങ്കര വാടകയാപോലും. ദുബായിലെ ജീവിത ചെലവ് താങ്ങാന്‍ പറ്റില്ലാത്രെ. വേണ്ട കണ്ട ഹോട്ടലലിലെ ചോറും കഴിച്ച് തടി കേടാക്കിക്കോട്ടെ. ആറ്ക്കാ ചേതം. എത്ര പ്രാവശ്യം ഞാന്‍ പറഞ്ഞതാണ് മസ്ക്കറ്റിലെ ജോലി കളഞ്ഞ് ദുബായില്‍ പോകണ്ടാന്ന്. കേട്ടില്ല. അല്ലെങ്കിലും പെണ്ണുങ്ങളുടെ വാക്കിന് വിലയില്ലല്ലോ. അപ്പോ പറഞ്ഞു മസ്ക്കറ്റിനെക്കാള്‍ ദുബായിയാണ് നല്ലതെന്ന്. ഇപ്പോ പറയണ് ഏജന്റ് ചതിച്ചൂന്ന്.
എനിക്ക് ഇത് തന്നെ വരണം.
പാല്‍ തിളച്ച് മറഞ്ഞു, സ്റ്റൌ കെട്ടു.
ശോ..ഇനി ഇത് കത്തിക്കാന്‍ മെനക്കേടാണ്.
സ്റ്റൌ തുടച്ച് കത്തിയ്ക്കുന്നതിനിടക്ക് സൈനബയ്ക്ക് കുറ്റബോധം തോന്നി.
ഒരു നിമിഷം ഞാന്‍ ഭരതേട്ടനെ കുറ്റപ്പെടുത്തിയോ? ശ്ശെ.. ഇല്ല.
ഭരതേട്ടനെ മാത്രം എങ്ങനെ കുറ്റപ്പെടുത്താന്‍ കഴിയും? രണ്ടു പേരുടെയും വീട്ടുകാറ് എതിറ്ത്ത് നിന്നപ്പോള്‍ ഞാനായിരുന്നു ഭരതേട്ടന് ശക്തി കൊടുത്തത് കല്യാണം കഴിക്കാന്‍. കല്യാണം കഴിച്ച് പെട്ടെന്ന് തന്നെ മുമ്പയിലേക്ക് പോയത് കൊണ്ടു ഇവിടത്തെ പുകിലൊന്നും കാണേണ്ടി വന്നില്ല. പിന്നെ ഏഴെട്ട് വറ്ഷം മസ്ക്കറ്റിലും.
അപ്പോള്‍ ഞങ്ങളുടെ മനസ്സില്‍ മതങ്ങളോ ദൈവങ്ങളോ ചിഹ്നങ്ങളോ ഒന്നുമില്ലായിരുന്നു.
പ്രണയം.
കടുത്ത പ്രണയം.
മഴയെ പോലെ മണ്ണില്‍ ഊറ്ന്നിറങ്ങിയ പ്രണയം.
ഭൂമിയും ആകാശവും
തീരവും തിരമാലകളേയും പോലെ.

അപ്പോള്‍ മറ്റൊന്നും അവിടെ ഇല്ലായിരുന്നു.
കാന്തിക വലയത്തിലൂടെ തിളങ്ങുന്ന ഒറ്റയടിപ്പാത.
പ്രണയസാഫല്യത്തിലേക്കുള്ള ഒറ്റയടിപ്പാത മാത്രം.
തിരിച്ചു പോകാന്‍ പറ്റാത്ത മുന്നോട്ടുക്കുള്ള പാത മാത്രം.
നടന്ന് തീറ്ന്ന പാതകള്‍ മുറിഞ്ഞ് പോയികൊണ്ടേയിരുന്നു.
ഒരിക്കലും തിരിച്ച് കൂടിചേരാതിരിക്കാന്‍.

തിരിഞ്ഞുനോക്കുമ്പോള്‍ ഒരു ഉള്‍ക്കിടിലം. എല്ലാം എങ്ങനെ സംഭവിച്ചു. എല്ലാം ദൈവഹിതമായിരിക്കും. അല്ലെങ്കിലും ഒന്നിനും തടുക്കന്‍ കഴിഞ്ഞില്ലല്ലോ. ഇരുപത് വറ്ഷം ചിരിച്ച് സന്തോഷിച്ച് ജീവിച്ചവരെ എങ്ങനെ പിരിയാന്‍ കഴിഞ്ഞു. അല്ലെങ്കില്‍ അവറ്ക്ക് ഞങ്ങളെ എന്തുകൊണ്ടു ഉള്‍ക്കൊള്ളന്‍ കഴിഞ്ഞില്ല.
മതങ്ങളും അനുഷ്ഠാനുങ്ങളും ആചാരങ്ങളും സാമൂഹ്യ മാന്യതയും ഒക്കെയായിരുന്നു അവറ്ക്ക് വലുത്. അതിന് വേണ്ടി ഒരു ബലി കൊടുക്കാന്‍ പോലും തയ്യാറാണ്. ചാവേറ്കളാകാനും. എന്നിട്ട് മതാന്ധത ദൈവസൃഷ്ടികളെ തന്നെ കൊന്നുകൊണ്ടേയിരിക്കുന്നു.
ഞങ്ങള്‍ പൂക്കളേയും പൂമ്പാറ്റെകളേയും നക്ഷത്രങ്ങളേയും സ്വപ്നം കണ്ടു.
ബന്ധനങ്ങളില്ലാത്ത പക്ഷികളെയും മൃഗങ്ങളേയും സ്വപ്നം കണ്ടു.
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള നല്ല മനുഷ്യരെ സ്വപ്നം കണ്ടു.

മഴ താണ്ഡവ നൃത്തം നിറ്ത്തി മുറ്റത്തിന്റെ അതിരിലൂടെ ഒലിച്ചുപോയി.
മുറ്റത്ത് വെയില്‍ അരിച്ചിറങ്ങി തുടങ്ങിയിരിക്കുന്നു.
“ഷീലെ എഴുന്നേല്‍ക്കു. സമയം കുറെയായി.”
“മമ്മി രണ്ട് മിനിറ്റ്. പ്ലീസ്.”
കണ്ണ് തുറന്ന് മുഖം തിരിച്ച് അവള്‍ വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു. ഇനി എത്ര രണ്ട് മിനിറ്റുകള്‍.
ഇനി ഇവളെ കുലുക്കി കുലുക്കി ഉണറ്ത്തി എഴുന്നേല്‍പ്പിച്ച്,കുളിപ്പിച്ച്, യൂണിഫോം ഇടുവിപ്പിച്ച് ഷൂസ് എടുക്കുമ്പോഴേക്കും ബസ്സ് വന്ന് ഹോണ്‍ അടിച്ചു തുടങ്ങി.
“മോളെ വേഗം പോ. അല്ലെങ്കില്‍ ഡ്രൈവറ്ക്ക് ദേഷ്യം വരും”
ഷീല ഒരു കൈയ്യില്‍ ഷൂസും മറ്റെ കൈയ്യില്‍ ബാഗും തൂക്കി ബസ്സില്‍ ചാടി കയറി.
“മമ്മി. ടാറ്റ”
ഹാവു ഇനി ബാക്കി പണികള്‍ നോക്കണം.

മൊഞ്ചത്തിപെണ്ണെ
സൈനബ താത്തെ
സുറുമക്കണ്ണൊന്ന് കാണിച്ചാട്ടെ.
മൈലാഞ്ചിക്കൈയൊന്ന് തൊട്ടോട്ടെ.

സൈക്കിള്‍ ബെല്ലിന്റെ താളത്തില്‍ പാട്ടും പാടി വേലായുധനെത്തി. ഇനി ഇവന്റെ വാചകമടി സഹിക്കണം.
“വേലായുധാ നീ ഇന്ന് തന്നെ ഇലകട്രിക്കിന്റേയും ടെലഫോണിന്റേയും ബില്ലടക്കണം.”
എങ്ങനെയെങ്കിലും ഇവനെ വേഗം ഒഴിവാക്കണം.
“സൈനബ താത്തെ നിങ്ങള്‍ ബേജാറാവണ്ട. ഞാനില്ലെ ഇവിടെ”
അവനെങ്ങനെയെങ്കിലും ഇവിടെ ഒട്ടി നില്ക്കാനാണ് പരിപാടി.
“നീ കളിക്കല്ലേ. കുറെ ദിവസ്സമായി നിന്നോട് പറഞ്ഞിട്ട്. ഇനി കട്ട് ചെയ്യതാലെ അറിയൂ”
“ഞാനേറ്റു. ഇങ്ങള്‍ ബെഷമിക്കണ്ട. അതു പോട്ടെ നമ്മളെ ഭരതേട്ടന്‍ ഇനി എപ്പഴാണ് വരുന്നത്?”
മില്‍മ പാലിന്റെ പാക്കറ്റില്‍ അമറ്ത്തി കൊണ്ടവന്‍ ചോദിച്ചു. പാക്കറ്റിന്റെ തുമ്പത്ത് ഞെക്കി അവന്റെ നോട്ടം സൈനബയുടെ മാറിടത്തിലേക്കായിരുന്നു.
“നീ ആ പാലിങ്ങ് തന്നാട്ടെ. നീ വേണ്ടാത്ത കിനാവൊന്നും അധികം കാണണ്ട”
പാക്കറ്റ് പിടിച്ചു വാങ്ങി സൈനബ അകത്തേക്ക് നടന്നു. എവിടെ നിന്നാണ് ഭരതേട്ടന് ഇങ്ങനെയൊരാളെ കിട്ടിയത്. നാശം അവിടെ തന്നെ നില്‍ക്കുന്നുണ്ടാകും. വഷളന്‍.
സൈനബയുടെ ചന്തിയും കുലുക്കിയുള്ള നടത്തവും നോക്കി വേലായുധന്‍ അവിടെ തന്നെ നില്ക്കുന്നുണ്ടായിരുന്നു. നിതംബ്ബ ചലനത്തിലേക്കുള്ള നോക്കിക്കുത്തി പോലെ.
(തുടരും……… )
ഭാഗം മൂന്ന്:പകല്‍ക്കിനാവിലെ സുലത്താന്മാര്‍

Wednesday, October 1, 2008

ബൂലോഗ കള്ളന്‍

ബൂലോഗ കോടതിയില്‍ ഭൂമിമലയാളത്തിലെ സകലമാന ബൂലോഗരും ബൂലോഗനിരീക്ഷകരും തിങ്ങി നിറഞ്ഞ് നില്ക്കുകയാണ്.
ഇവര്‍ക്കിടയില് ഒരു കൃശഗാത്രന്‍ പാവത്താനപ്പോലെ പേടിച്ചരണ്ട് രക്ഷിക്കണേ എന്ന് പറഞ്ഞ് കൈകൂപ്പി തൂങ്ങി നില്‍ക്കുന്നുണ്ടു.
ബലിഷ്ടകരമായ നാലഞ്ച് കരങ്ങള്‍ അവനറെ കോളറില്‍ പിടുത്തമിട്ടിരിക്കുന്നു. അറക്കാന്‍ വിധിക്കപ്പെട്ട കോഴിയെപ്പോലെ.
ഇടിനാദം മുഴങ്ങി.
നിശബ്ദത പടര്‍ന്നു.
കോടതി തുടങ്ങി.
ബൂലോഗനിരീക്ഷകര്‍ വിസ്താരം ആരംഭിച്ചു.
“ ഈ കള്ളന്‍, ബൂലോഗ കള്ളന്‍ ബ്ലോഗിലെ കൃതികള്‍ അടിച്ച് മാറ്റി സ്വന്തം പേരില്‍ അടിച്ച് പണവും പ്രശസ്തിയും നേടി”
കള്ളന്‍: ഞാനത് നിഷേധിക്കുന്നു.
ബൂലോഗനിരീക്ഷകര്‍: കള്ളന്മാര്‍ അത് എന്നും നിഷേധിച്ചിട്ടെ ഉള്ളു.
കള്ളന്‍: ബഹുമാനപ്പെട്ട കോടതി ദയവായി ഞാന്‍ പറയുന്നത് കേള്‍ക്കണം
കോടതി: അനുവദിച്ചിരിക്കുന്നു, നിങ്ങള്‍ക്ക് തുടരാം.
കള്ളന്‍: ബഹുമാനപ്പെട്ട കോടതി ഈ ഭാഗം പ്രത്യേകം രേഖപ്പെടുത്തണമെന്ന് ഞാന്‍ വിനീതമായി അപേക്ഷിക്കുന്നു. ഭൂമിമലായളത്തിലെ വെറും അമ്പത്താറ് അക്ഷരങ്ങള്‍, വെറും അമ്പത്താറ് അക്ഷരങ്ങളും നിഘണ്ടുവിലെ അല്ലറ ചില്ലറ കുറച്ച് വാക്കുകളും ചേര്‍ത്ത് ഞാനെന്ത്ങ്കിലും എഴുതിയതിനാണ് ഇവരെന്നെ പെരുംകള്ളനെന്ന് വിളിച്ചത്. ഇവര്‍ പെരുംകള്ളനെന്ന് എന്നെ വിളിച്ചത്
കള്ളന്‍ കണ്ണീര്‍ വരുത്തി കണ്ണ് തുടച്ച് മൂക്ക് പിഴിഞ്ഞ് അടുത്ത് നിന്ന ബൂലോഗരുടെ മുണ്ടില്‍ തുടച്ചു. പിന്നെ വാവിട്ട് നിലവിളിച്ചു.
ബൂലോഗര്‍ അന്തം വിട്ടു
കോടതിയില്‍ പവര്‍ കട്ട്.
നിശബ്ദതയില്‍ അന്ധകാരം കലങ്ങി.
.ഇതെന്ത് കഥ? ഇതിനെന്ത് മറുപടി?
അന്തം വിട്ടു കിട്ടിയ ചാന്‍സില്‍ കള്ളന്‍ ഒന്നുകൂടി ഉഷാറായി. മുഖം തുടച്ച്, വീണ്ടും കരഞ്ഞ് പിഴിഞ്ഞ് പറയാന്‍ തുടങ്ങി.
“ഇങ്ങനെ പറഞ്ഞാല്‍ ഇവിടെ എന്നെക്കാള്‍ വലിയ തസ്കരന്മാര്‍ ഉണ്ട്. എന്നിട്ടാണ് എന്നെ മാത്രം ഇങ്ങനെ പീഢിപ്പിക്കുന്നത്.”
കള്ളന്‍ മോങ്ങി മോങ്ങി കരഞ്ഞു.
കള്ളന്‍: ഇന്ന് ഏറ്റവും കൂടുതല്‍ വായനക്കാരുള്ള ഒരു ബ്ലോഗാണ് എന്റ്റെത്. ലക്ഷക്കണക്കിന് ആളുകള്‍ നിരന്തരം വായിക്കുന്ന ഒരു ബ്ലോഗാണ് എന്റ്റെത്.
ഇവര്‍ അസൂയ കൊണ്ടാണ് എനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്.
ബൂലോഗനിരീക്ഷകര്‍: അത് ഈ കള്ളന്റെ കഴിവ് കൊണ്ടല്ല. വിശ്വഭവാനെപ്പോലുള്ളവരുടെ കൃതികളുടെ ശക്തി കൊണ്ടാണ്.
കള്ളന്‍: രാമായണവും ഭാരതവും ബൈബിളും ഖുറാനും വരെ അടിച്ച് മാറ്റിയവരെ ഇവര്‍ അവാര്‍ഡും സ്വീകരണവും കൊടുത്ത് സല്‍ക്കരിച്ചു. മാധ്യമ മുത്തശിമാര്‍ പോലും ബൂലോഗത്തില്‍ കൈയ്യിട്ട് വാരുന്നു. എന്നിട്ട് എന്നെ മാത്രം പെരുംകള്ളനെന്ന് വിളിച്ചു. ഇതിനെക്കളും നല്ലത് ഈ കോടതി എന്നെ അങ്ങ് തൂക്കി കൊന്നു കളഞ്ഞേക്ക്. മതിയായി ഈ ബൂലോഗം.
(കള്ളന്‍ തോക്കില്‍ കയറി വെടി വെച്ചു.)
കള്ളന്‍: ബഹുമാനപ്പെട്ട കോടതി ദയവായി ഞാന്‍ പറയുന്നത് പച്ച സത്യമായി കരുതി എന്നെ വെറുതെ വിട്ടാല്‍ ബൂലോഗ അമ്പലപ്പള്ളിയില്‍ ഒരു നെയ്യ് മെഴുകുതിരി നേര്‍ച്ച ഒപ്പിക്കാം. പിന്നെ ഭണ്ഡാരത്തില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള എന്തെങ്കിലും ഉണ്ടെങ്കില്‍ അത് ഞാനെടുത്തോളാം.
ബൂലോഗനിരീക്ഷകര്‍: ഇതില്‍ നിന്നു തന്നെ മനസ്സിലാക്കാം ഇവനൊരു പഠിച്ച കള്ളനാണെന്ന്. വിശ്വഭവാന്റെ കൃതികളാണ് ഈ കള്ളന്‍ പ്രധാനമായും അടിച്ച് മാറ്റുന്നത്.
അതും പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം. അതിനുള്ള സകല തെളിവുകളും ഞങ്ങളുടെ കൈയ്യിലുണ്ടു. ബഹുമാനപ്പെട്ട കോടതിയ്ക്ക് അത് പരിശോധിക്കാം. ആയതിനാല്‍ ഈ കള്ളന്റെ കണ്ണ് കുത്തി പൊട്ടിച്ച് ആജീവനാന്ത അന്ധനാക്കണമെന്ന് ഞങ്ങള്‍ ശക്തിയുക്തം വാദിക്കുന്നു. കണ്ണുള്ളവര്‍ കാണട്ടെ കാതുള്ളവര്‍ കേള്‍ക്കട്ടെ. ഇനി ഇത് ആരും ആവര്‍ത്തിക്കാതിരിക്കാന്‍ ഇത്രയും കഠിനമായ ശിക്ഷ തന്നെ കൊടുക്കണമെന്ന് ഞങ്ങള്‍ വിനീതമായി അപേക്ഷിക്കുന്നു. കൂടുതല്‍ തെളിവുകള്‍ക്കായി വിശ്വഭവാനെ കോടതിക്ക് വിസ്തരിക്കാം.
കോടതി: വിശ്വഭവാന് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ കോടതിയില്‍ ബോധ്യപ്പെടുത്താം. ഇദ്ദേഹം നിങ്ങളുടെ കൃതികള്‍ മോഷ്ടിക്കുന്നതായി നിങ്ങള്‍ക്കറിയാമോ?
വിശ്വഭവാന്‍: അറിയില്ല. ഞാനത് അന്വേഷിക്കാന്‍ ശ്രമിച്ചിട്ടില്ല.
കള്ളന്‍: കണ്ടില്ലെ അദ്ദേഹത്തിന്‍ പോലും ഒന്നും അറിഞ്ഞുകൂടാ. വെറുതെ ഒരോന്ന് പറഞ്ഞ് പാവത്തിനെ അറിയിച്ച് വിഷമിപ്പിക്കണ്ട. ഇപ്പോള്‍ മനസ്സിലായില്ലെ ഞാന്‍ നിരപരാധിയാണെന്ന്. അതുകൊണ്ടു ഈ മര്യാദക്കാരനെ ദയവായി പോകാന്‍ അനുവദിച്ചാലും.
കോടതി: ധിക്കാരി. വായ അടക്കു.
കള്ളന്‍: ഞാനൊരു മര്യാദക്കാരനാണെ.
വിശ്വഭവാന്‍: ഞാന്‍ പണത്തിനോ പ്രശസ്തിക്കോ വേണ്ടിയല്ല എഴുതുന്നത്. എനിക്ക് ചില കാര്യങ്ങള്‍, ആശയങ്ങള്‍ പറയണമെന്ന് തോന്നുമ്പോള്‍ എഴുതുന്നു. പിന്നീട് അതിന് എന്ത് സംഭവിക്കുന്നുവെന്ന് ഞാന്‍ അന്വേഷിക്കാറില്ല. ആവശ്യമുള്ളവര്‍ക്ക് എടുക്കാം വേണ്ടാത്തവര്‍ക്ക് തിരസ്ക്കരിക്കാം. നേരത്തെ അദ്ദേഹം സൂചിപ്പിച്ചത് പോലെ അദ്ദേഹത്തിന്റെ ബ്ലോഗ് കൂടുതല്‍ ആളുകള്‍ വായിക്കുന്നുണ്ടെങ്കില്‍ എന്റെ ആശയങ്ങള്‍ കൂടുതല്‍ ആളുകളില്‍ എത്തുന്നുണ്ടെന്നാണല്ലോ. അതില്‍ ഞാന്‍ കൃതാര്‍ത്ഥനാണ്. അതു കൊണ്ടു തന്നെ അദ്ദേഹത്തിനോട് എനിക്ക് ഒരു വിരോധവുമില്ല. ഞാന്‍ നിമിത്തം അദ്ദേഹത്തിന് എന്തെങ്കിലും നേട്ടം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിലും ഞാന്‍ സന്തോഷിക്കുന്നു.
കോടതിയില്‍ നിഷേധ ആരവം ഉയര്‍ന്നു.
ഇതിനോട് ആര്‍ക്കും യോജിക്കാന്‍ പറ്റില്ല.
അങ്ങിങ്ങ് ഗ്രൂപ്പ് ചര്‍ച്ചകളും മര്‍മ്മരങ്ങളും കൊണ്ടു കോടതി നിറഞ്ഞു.
ഇടിനാദം മുഴങ്ങി.
കോടതി തീരുമാനത്തിനായി എല്ലാവരും കാത് കൂര്‍പ്പിച്ചു.
കോടതി: കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതി സാഹിത്യചോരണം എന്ന കുറ്റം ചെയ്തിട്ടുണ്ടെന്ന് നിസ്സംശയം കോടതിയ്ക്ക് തെളിഞ്ഞിരിക്കുന്നു. പക്ഷെ വിശ്വഭവാന് പ്രത്യേക പരാതിയില്ലാത്തതിനാല്‍ ഒരു ചെറിയ ശിക്ഷ കൊടുക്കാന്‍ കോടതി തീരുമാനിച്ചിരിക്കുന്നു. ചെയ്ത തെറ്റിന് നിര്‍വ്യാജം ഖേദം രേഖപ്പെടുത്തിക്കൊണ്ടു അദ്ദേഹത്തിന്റെ ബ്ലോഗില്‍ ഒരു ആയിരം പോസ്റ്റിടാന്‍ കോടതി ഇതിനാല്‍ വിധി പ്രസ്താവിക്കുന്നു.
അടുത്ത ദിവസം കള്ളന്റെ ബ്ലോഗില്‍ പോസ്റ്റ് വന്നു.
പ്രിയ ബൂലോഗരെ, എന്റെ ബ്ലോഗില്‍ വന്ന പോസ്റ്റുകള്‍ ആരുടെയെങ്കിലും ബ്ലോഗിലെ പോസ്റ്റുകളുമായി വല്ല സാമ്യവുമുണ്ടെങ്കില്‍ അതിന് ഞാന്‍ ഉത്തരവാദിയല്ല. ഇരട്ടക്കുട്ടികളെപ്പോലെ അല്ലെങ്കില്‍ ഒരേ ആശയം ഒന്നിലധികം പേര്‍ ഒന്നിച്ച് ചിന്തിക്കുന്നത് പോലെ ഇത് തികച്ചും നിര്‍ദോഷകരമാണ്. ഇനി അഥവ വല്ല സാമ്യവുമുണ്ടെങ്കില്‍ ഞാന്‍ നിര്‍വ്യാജം ആയിരം തവണ ഖേദം പ്രകടിപ്പിക്കുന്നു. സ്വകാര്യമായി ഒരു കാര്യം അറിയക്കട്ടെ ബൂലോഗത്ത് കുറെ കള്ളന്മാര്‍ ഇറങ്ങിയിട്ടിണ്ടു. അതു കൊണ്ടു ബൂലോഗര്‍ ജാഗ്രതൈ.

Friday, September 26, 2008

അപവാദം അഥവ നവീന സദാചാരം (ഭാഗം ഒന്ന്)

ചായക്കടയില്‍ ഇരുന്നു ചായ കുടിക്കുമ്പോള്‍ സുഗുണനാണ് അത് ആദ്യം ശ്രദ്ധിച് തുടങ്ങിയത്. സൈനബയുടെ വീട്ടില്‍ ആരോ ഇടയ്ക്ക് ഇടയ്ക്ക് വന്ന് പോകുന്നുണ്ട്.
അത് അവിടെ കുട്ടിക്ക് ട്യൂഷന്‍ എടുക്കാന്‍ വരുന്ന മാഷാണ് ചായക്കടക്കാരന്‍ കുമാരേട്ടന്‍ പറഞ്ഞു.
അവള്‍ അവിടെ ഒറ്റക്കല്ലെ?
അതെ അവളുടെ കെട്ടിയോന്‍ ദുബായിലാണ്.
അതാണ് എന്റെ ചിന്ത. സുഗുണന്റെ ചിന്ത കാട് കയറി.
സുന്ദരിയായ സൈനബയെ എത്രയോ വട്ടം സ്വപ്നം കണ്ട് കിടന്ന രാവുകള്‍ സുഗുണന് മറക്കാന്‍ കഴിയില്ല.
സൈനബയുടെ സുന്ദര രൂപം ഉറക്കം കെടുത്തിയ രാത്രികള്‍…
ആത്മരതിയുടെ സുഖം പകറ്ന്ന രാവുകള്‍
സൈനബയുടെ വീട്ടിലേക്കുള്ള ചെറുപ്പക്കാരന്റെ പോക്ക് വരവ് സുഗുണന് ദുസ്വപ്നങ്ങളുടെ നിതാന്ത ശല്യ് മായി.
സൈനബയും ചെറുപ്പക്കാരനായ മാഷും ഒറ്റക്ക്..
അവിടെ എന്താണ് സംഭവിക്കന്നത്..
എന്തും സംഭവിക്കാം.
ഭര്‍ത്താവ് അടുത്തില്ലാത്ത കാമദാഹം നിറഞ്ഞ സുന്ദരി
സുഗുണന്റെ ചോര തിളക്കാന്‍ തുടങ്ങി.
അസ്വസ്ഥത തലയില്‍ പമ്പരം പോലെ കറങ്ങി പുകഞ്ഞു.
ആരും അത്രയൊന്നും ശ്രദ്ധിക്കാത്ത സൈനബയുടെ വീട്ടിലേക്കുള്ള ചെറുപ്പക്കാരന്റെ പോക്ക് വരവ് സുഗുണന്‍ പറഞ്ഞ് പറഞ്ഞ് ചായക്കടയില്‍ വരുന്നവരുടെ
സിരകളിലേക്ക് കുലം കുത്തി ഒഴുക്കി.
നിറം പിടിപ്പിച്ച രതി കഥകള്‍ ഉണ്ടായി തുടങ്ങി. സൈനബ രതി റാണിയായി.
സൈനബയുടെ അംഗപ്രത്യംഗ വര്‍ണ്ണനകള്, രതിവിലാസങ്ങള്‍ ചായക്കൊപ്പം സുഗുണനും കൂട്ടരും വിളമ്പി.
ചായ കുടിച്ചവരും കുടിക്കാത്തവരും സൈനബ രതിലീലകള്‍ കേട്ട് തല തല്ലി ചിരിച്ചു. തറുതല പറഞ്ഞ് തിമര്‍ത്തു.
രാത്രിയില്‍ സ്വയഭോഗം ചെയ്ത്, സൈനബയെ പുലഭ്യം പറഞ്ഞ് രോഷം ഒഴുക്കി തീര്‍ത്തു.
ഇതിനിടയില്‍ കുമാരേട്ടന്റെ കടയിലെ വ്യാപാരം പൊടിപൊടിച്ചു. ആളുകള്‍ ഏറെ വന്നു തുടങ്ങി.
അതുകൊണ്ടു കുമാരേട്ടനും അതി നിഗൂഢമായ ആനന്ദനിര്‍വൃതിയിലായിരിന്നു.
സുഗുണന് സൌജന്യമായി ചായ കൊടുക്കനും കുമാരേട്ടന്‍ മറന്നില്ല.
എന്തിനാണ് ഓരോരത്തരുടെ വ്യക്തിപരമായ കാര്യത്തില്‍ ഇടപെടുന്നത് എന്ന് ചില പുരോഗമനവാദികള്‍ ചോദിച്ചെങ്കിലും പരദൂഷണ കലി കയറിയ
പുരുഷകേസരികള്‍ അതൊന്നും കേള്‍ക്കാനും തയ്യാറായില്ല.
ചായക്കടയില്‍ വരുന്നവര് ചായകുടി ഒരു സൈഡ് ബിസിനസ്സ് ആക്കി പ്രധാന പരിപാടി സൈനബവിശേഷങ്ങളും സൈനബയെ ഒളിഞ്ഞ് നോക്കലും ആക്കി മാറ്റി.
എന്നാലും ഒരു പെണ്ണ് ഇങ്ങനെ ചെയ്യാന്‍ പാടുണ്ടോ?
അവളുടെ ഭര്‍ത്താവ്‌ ദുബായില്‍ കൊടും വെയിലത്ത് കഷ്ടപ്പെട്ട് പണിയെടുക്കുക. ഇവള്‍ ഇവിടെ കണ്ടവനേയും കൊണ്ടു നടക്കുക.
ഇനിയെന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഞങ്ങള്‍ ഇവിടെ ഇല്ലെ. ഒരു വാക്കു മതിയല്ലോ.
ലോകത്തിലെ സര്‍വ്വ സ്ത്രീകളേയും സഹായിക്കാന്‍ നടക്കുന്ന സുഗുണമാര്‍ക്ക് ഇതില്‍പ്പരം ഒരു അവമാനമുണ്ടോ?
എന്തെങ്കിലും ചെയ്തെ പറ്റു. ഇത് ഇങ്ങനെ വിട്ടാല്‍ പറ്റില്ല.
ഇത് നാടിന്റെ അഭിമാനപ്രശ്നമാണ്.
അവളുടെ വീട്ടില്‍ കയറി നാല് തെറി പറയണം.
ഊര് വിലക്കണം.
ആ നാണം കെട്ട അവന്റെ മേലെ നായ്ക്കൊരണപ്പൊടി വിതറണം.
അവളുടെ മുല മുറിച്ച് കളയണം. രാമാ‍യണം വായിച്ചവര്‍ക്കാണ് അത് തോന്നിയത്.
അവളെ നാറ്റിക്കണം.
ആസൂത്രണങ്ങള്‍ വന്‍ തോതില്‍ സുഗുണന്‍മാര്‍ കിടന്നും ഇരുന്നും ഉരുണ്ടും ആലോചിച്ചു.
അസൂയയും മോഹഭംഗവും തീര്‍ത്ത പുരുഷ കാമമേഘങ്ങളുടെ പെരുമഴ കോരിപ്പെയ്യാന്‍ പോകുന്നതറിയ്യാതെ പാവം സൈനബ.
(ബാക്കി ഭാഗം രണ്ടില്‍.)

Saturday, August 23, 2008

ആസ്ഥാന പാരിതോഷികങ്ങള്‍

രംഗം ഒന്ന്:>
രാജാവ്: മന്ത്രി ഞങ്ങളുടെ സിംഹക്കുട്ടികള്‍ ക്രിക്കറ്റില്‍ ലോക കപ്പ് നേടിയതില്‍ നാം അതീവ സന്തുഷ്ടനാണ്.
അവര്‍ക്ക് ഒന്നോ രണ്‍ടോ കോടിയുടെ വീടുകള്‍ സമ്മാനമായി കൊടുക്കണം. ഒന്നോ രന്‍ഡോ
കാറുകളും കൊടുത്തോളു.പോരാതെ വന്‍പിച്ച സ്വീകരണവും ഏര്‍പ്പാട് ചെയ്യണം.
മന്ത്രി: ഉത്തരവ് രാജന്‍.
രാജാവ്:നമ്മുടെ വ്യവസായ പ്രമുഖര്‍ സന്തുഷ്ടരല്ലെ?
മന്ത്രി: അവര്‍ സന്തുഷ്ടരാണ്. ഇത് അവര്‍ വന്‍പിച്ച ഉത്സവമാക്കാന്‍ തീരുമാനിച്ച് കഴിഞ്ഞു.
രാജാവ്:അവരുടെ ആദ്യത്തെ സ്വീകരണം നമ്മുടെ കൊട്ടാരത്തില്‍ തന്നെ ആകട്ടെ.
രംഗം രണ്ട്:>>
മന്ത്രി: തിരുമേനി ഞങ്ങ്ലുടെ കുട്ടികള്‍ ഫുട്ബോളിലും ലോക കപ്പ് നേടി.
രാജാവ്: ഫട്ബോള്‍!?!.... ആ…ഒരു ബോളിന് പിറകെ കുറെപ്പേര്‍ ഓടുന്ന കളിയല്ലെ? അവറ്ക്കും കിട്ടിയോ കപ്പ്? അതിശയം.. അതിശയം..
മന്ത്രി: അവര്‍ക്ക് എന്താണ് കൊടുക്കേണ്ടത്? പ്രഭോ..
രാജാവ്: അവര്‍ക്ക് ഓരോ ഫുട്ബോള്‍ വാങ്ങി കൊടുക്കു. പാവങ്ങള്‍..നന്നായി കളിക്കട്ടെ. ഒരു പന്തിന് പിറകെ ഓടാതെ ശരിക്കും കളിച്ച് പഠിക്കട്ടെ
രംഗം മൂന്ന്:>>>
മന്ത്രി: രാജാ‍വെ ഞങ്ങളുടെ അഭിനവക്കുട്ടന്‍  റ്യിഫിള്‍ ഷൂട്ടിങ്ങില്‍ സ്വര്‍ണ്ണ മെഡല്‍ നേടി. ചരിത്ര നേട്ടമാണ് പ്രഭോ. ഒരു 50 ലക്ഷത്തിന്റെറ സമ്മാനം പ്രഖ്യാപിക്കട്ടെ?
രാജാവ്: മന്ത്രി. അഭിനവക്കുട്ടന്റെ അച്ചന്  എത്ര രൂപ ചെലവായിക്കാണും പരിശീലനത്തിന്?
മന്ത്രി: ഒരു നാല് അഞ്ച് കോടി രൂപ
രാജാവ്: എന്നിട്ടാണോ മന്ത്രി നിങ്ങള്‍ 50 ലക്ഷം കൊടുത്ത് അവമാനിക്കുന്നത്.
മന്ത്രി: പിന്നെ എന്താണ് ചെയ്യേണ്ടേത് രാജന്‍?
രാജാവ്:ഒരു സ്വര്‍ണ്ണ മെഡല്‍ അല്ലെ അഭിനവക്കുട്ടന് കിട്ടിയത്. കൊടുക്കു നമ്മുടെ വക പത്ത് മെഡലുകള്‍. സ്വര്ണ്ണ്ത്തില്‍ പൊതിഞ്ഞ പത്ത് ചെന്‍പ് മെഡലുകള്‍ തന്നെ ആകട്ടെ.
മന്ത്രി: രാജാവ് ജയിക്കട്ടെ.
അന്ത്യ രംഗം:>>>>
മന്ത്രി: തിരുമേനി ഞങ്ങ്ലുടെ ഗുസ്തികുട്ടന്മാര്‍ പിചചള മെഡലുകള്‍ നേടിയിരിക്കുന്നു.
രാജാവ്: നന്നായി. നാം അവരെ അഭിനന്ദിക്കുന്നു. അവര്‍ രാജ്യത്തിന്റെ യശസ്സ് ഉയറ്ത്തി പിടിച്ചിരിക്കുന്നു. നമ്മുക്ക് ആ മെഡലുകള്‍ കാണാന്‍ തിടുക്കുമായിരിക്കുന്നു മന്ത്രി.
മന്ത്രി: അവരെ എങ്ങനെ അഭിനന്ദിക്കും പ്രഭോ?
രാജാവ്: ആ മെഡലുകള്‍ അവരുടെ കുടിലില്‍ സുരക്ഷിതമായിരിക്കില്ല. അതുകൊന്ടു ആ മെഡലുകള്‍ നമ്മുടെ
കൊട്ടാരത്തില്‍ ഭദ്രമായി സൂക്ഷിക്കു.
മന്ത്രി: പിന്നെ..
രാജാവ്: അവരോട് അടുക്കളപ്പുറത്ത് ചെന്നു കഞ്ഞി കുടിച്ച് പോകാന്‍ പറയ്.
മന്ത്രി: രാജാവ് നീണാള്‍ വാഴട്ടെ…..
രംഗത്ത് ചുവന്ന തിരശ്ശീല പടരുന്നു.

Friday, August 8, 2008

സ്വന്തം ഇടം

“സ്വന്തം ഭാഷയും
സ്വന്തം ദേശീയതയും
നെഞ്ജോട് ചേര്‍ത്ത്
സ്വന്തം മണ്ണില്‍ ജീവിക്കാനുള്ള അവകാശം
ഓരോ ജനതയുടെയുംജന്മാവകാശമാണ്“

Saturday, June 21, 2008

രണ്ടും രണ്ട്

തന്ത കള്ള് മോന്തുമ്പോള്‍
തള്ള കണ്ണീര്‍ മോന്തുന്നു.
കള്ളിന് ചവര്‍പ്പ്
കണ്ണീരിന് ഉപ്പ്.

അതിലഹരി

ഒരു കുപ്പിക്കള്ളില്‍
ഞാനെന്‍ ദാഹമെരിച്ച് കളഞ്ഞല്ലോ
ഒരു പെണ്ണിന്‍ നിറമാറില്‍
ഞാനെന്‍ മോഹമുരിച്ച് കളഞ്ഞല്ലോ
ഇനിയീക്കഞ്ചാവിന്‍ ലഹരിയില്‍
ഞാനൊന്ന് മയങ്ങട്ടെ.

ഒരു ചോദ്യം?

ഗാന്ധിയെ കൊന്ന
ഗോഡ്സെയെ കൊന്ന
ഇന്ത്യയെ കൊല്ലുന്നതാര്?

Friday, June 13, 2008

വാക്കുകള്‍ തിരിച്ച് വരുന്നില്ല

അക്ഷരങ്ങള്‍ ,വാക്കുകള്‍
എഴുതുമ്പോള്‍ എന്റ്റെതും
വായിക്കുമ്പോള്‍ നിങ്ങളുടേതും

അതെ, ഇതു നിങ്ങള്‍ക്ക് എടുക്കാം
നിങ്ങള്‍ക്ക് ഗുണമില്ലെങ്കില്‍
ഞാന്‍ എന്തിന് എഴുതണം
പറഞ്ഞ വാക്കുകളും
എഴുതിയ വാക്കുകളും

നിങ്ങളുടേതാകുന്നു
അത് എന്നിലേക്ക്‌ തിരിച്ചു വരുന്നില്ല



കര്‍മ്മം


നിളയുടെ തീരത്ത് ഞാനൊരു ചെടി നട്ടു.
ആ ചെടി പൂത്തപ്പോള്‍
ഞാന്‍ വീണ്ടൂമൊരു ചെടി നട്ടു.
ആദ്യത്തെ ചെടിയൊരു മരമാകുമ്പോള്‍
എനിക്ക് ചിതയൊരുക്കാന്‍ നേരമാകും
വീണ്ടുമൊരു ചെടി കൂടി നടുന്നു
പേരക്കിടാങ്ങാള്‍ക്കൊരു ഊഞ്ഞാല കെട്ടാന്‍ .
‌ --xxx--
നല്ല നാളെ,നല്ല മനുഷ്യര്‍, നല്ല ഭൂമി