Thursday, March 7, 2013

രക്തസാക്ഷിസ്മാരകങ്ങൾ

പട്ടാളക്കാർ പൊരുതി മരിക്കുന്നതാർക്കുവേണ്ടി?

നാടിന് വേണ്ടി.

വിപ്ലവകാരികൾ പൊരുതി മരിക്കുന്നതാർക്കുവേണ്ടി?

നാടിന് വേണ്ടി.


അവരുടെ മോഹങ്ങളും സ്വപ്നങ്ങളും

ത്യജിക്കുന്നതാർക്കുവേണ്ടി?

നാടിന് വേണ്ടി.

 
നാടുറങ്ങുമ്പോൾ

അവരുറങ്ങാതിരിക്കുന്നതാർക്കു വേണ്ടി?

നാടിന് വേണ്ടി.

 
വിപ്ലവകാരികളും പട്ടാളക്കാരും തമ്മിൽ

പൊരുതി മരിക്കുന്നതാർക്കുവേണ്ടി!!

നാടിന് വേണ്ടി??

 
വീരമൃത്യു പൂണ്ടവർക്ക്

നാട് നൽകും

രക്തസാക്ഷിദിനങ്ങളും

സ്മാരകങ്ങളും.


കടുവകളും മാവോവാദികളും


കടുവകൾ കാടിറങ്ങുന്നു

ജനങ്ങൾ മാവോവാദികളായി കാട് കയറുന്നു.

മാവോവാദി വേട്ടയ്ക്കായി കാട്ടിൽ പോയവർ

തിരിച്ചുവന്നപ്പോൾ

മന്ത്രി പറഞ്ഞു

ക്ഷേമപ്രവർത്തനങ്ങൾക്ക് പണമില്ല.

വിലക്കയറ്റം തടയാൻ

മാന്ത്രിക വടിയില്ല.

പണം കായ്ക്കുന്ന മരമില്ല.

അരിക്ക് പകരം കോഴിയെ തിന്നുക.



നയങ്ങൾ ഇങ്ങനെ പോയാൽ

കടുവകൾ കാടിറങ്ങും

ജനങ്ങൾ മാവോവാദികളായി കാട് കയറും.

Sunday, March 3, 2013

വീണ്ടുമൊരു വിവാഹദിനമെത്തുമ്പോൾ

വീണ്ടുമൊരു വിവാഹദിനമെത്തുമ്പോൾ
മാർച്ച് നാല്
തിങ്കളാഴ്ച്ച


സിന്ദൂരച്ചെപ്പിലുതിർന്ന

സിന്ദൂരകണങ്ങൾ

നിൻ മൂർദ്ധാവിലൂടെ

പുരികവീഥിയിലൂടെ

മിഴിയിഴകളിലൂടെ

അധരശോണിമയിൽ ചേർന്നപ്പോൾ

മഴവില്ല് കണ്ടു ഞാൻ നിൻ മിഴികളിൽ.



സിന്ദൂരധൂളികൾ പച്ചപുടവയിൽ

വർണ്ണങ്ങൾ തീർത്തപ്പോളുറക്കെ

പറഞ്ഞുപോയി ഞാൻ

ദില്ലിയിലിന്ന് ഹോളിയാണല്ലോ.

പതുക്കെ കല്ല്യാണസഭയിൽ

ചിരിയലയടിച്ചപ്പോൾ

മഴവില്ല് കണ്ടു ഞാൻ നിൻ മിഴികളിൽ.





ആന്ധ്രയിൽ രാത്രിയിലാരോ നീയിരിക്കും

തീവണ്ടിജനൽ വിതാനിച്ചപ്പോൾ

മഴവില്ല് കണ്ടു ഞാൻ നിൻ മിഴികളിൽ.

നവദമ്പതികളാണെന്നിവർക്കെങ്ങനെ അറിയാമെന്ന്

നീ ചിന്തിച്ചിരിക്കെ

ബൊക്കയും മാലയുമയി വന്നവർ

ഞങ്ങൾക്കൊപ്പമിരുന്ന നേതാവിനാനയിച്ചു കൊണ്ടുപോയി.

പിന്നെ അലങ്കാരജനലുമായി

മധ്യപ്രദേശും,ഉത്തർപ്രദേശും,ഹരിയാനയും കടന്ന്

ഇന്ദ്രപ്രസ്ഥമെത്തിയെപ്പോൾ

മഴവില്ല് കണ്ടു ഞാൻ നിൻ മിഴികളിൽ.



രാംചന്ദ്ര് കീ ജയ്

സീതാസമേതരാമന് ഭജനയുമായി

സർക്കാർ ജീവനക്കാർ

താളമേള സമൃദ്ധം

തീവണ്ടിമുറി ഭക്തിസാന്ദ്രമാക്കിയപ്പോൾ

മഴവില്ല് കണ്ടു ഞാൻ നിൻ മിഴികളിൽ.





താജ്മഹലിൽ

ഷാജഹാൻ മുംതാസിനോടെന്നപോൽ

മഥുരയിൽ

കൃഷ്ണൻ രാധയോടെന്നപോൽ

ചെങ്കോട്ടയിൽ

ഔറംഗസേബിന്റെ അന്ത:പ്പുരങ്ങളിലലഞ്ഞപ്പോൾ

മഴവില്ല് കണ്ടു ഞാൻ നിൻ മിഴികളിൽ.

ആയിരത്തിയൊന്ന് രാവുകളിൽ

മണലാരണ്യത്തിലെ ശീതാലയത്തിൽ

വിണ്ടുമൊന്നുചേർന്നപ്പോൾ

മഴവില്ല് കണ്ടു ഞാൻ നിൻ മിഴികളിൽ.



ഇനിയും നിൻ മിഴികളിൽ മഴവില്ലുകൾ വിരിയും

മനവും തനുവും പ്രണയത്തിൽ കുതിരുമ്പോൾ.

പ്രണയത്തിനതിരില്ല

ദിനമില്ല

വയസ്സില്ല

കാലമില്ല

മിഴികൾ നാലും ഇണചേരുമ്പോൾ

സിരകളിൽ പതയുന്നു ലഹരി;

ആദ്യമായി നിൻ മിഴികളിൽ

മഴവില്ലുകണ്ടാദിനമെന്നുപോൽ.



ഇനിയും നിൻ മിഴികളിൽ മഴവില്ലുകൾ വിരിയും

പ്രണയം മരിക്കുന്നതുവരെ

ഞാൻ പ്രണയിക്കുന്നു നിന്നെ

മിഴികളടയുന്നതുവരെ.