Friday, March 13, 2009

സ്ലം ഡോഗും പിതൃക്കളും (Slum dog millionaire)

മുമ്പൈയിലെ വൃത്തികെട്ട ചേരി,
ഇന്ത്യയിലെ കുപ്രസിദ്ധ ചേരി,
നഗരത്തിന്റെ ഉപോത്പന്നം,
ലോകത്തിന്റെ വലിയ സ്ക്രീനില് തെളിയുന്നു.
അംബരചുംബ്ബികളായ നഗരത്തിന്റെ അത്ര തന്നെ വലിയ ചേരി, നഗരത്തിന്റെ നേര്‍ പകുതിയോളം പരന്ന് കിടക്കുന്ന ചേരിയുടെ ആകാശവീക്ഷണം.
വിസര്‍ജനവും ഉപജീവനവും അതിരുകളില്ലാതെ എല്ലാം കൂടി കലര്‍ന്ന മനുഷ്യപുഴുക്കളുടെ ആവാസ കേന്ദ്രം.
മലത്തില്‍ കുതിര്‍ന്ന സ്ലം ഡോഗ്.
അല്ല ഇന്ത്യന്‍ മനുഷ്യപുഴു.
ലോകത്തിലെ ഏറ്റവും വലിയ ശക്തിയാകാന്‍ ഒരുങ്ങി പുറപ്പെട്ട ഇന്ത്യയുടെ വികൃത മുഖം.
ഇന്ത്യയ്ക്ക് ഇങ്ങനേയും ഒരു മുഖം?
അങ്ങനെയൊരു മുഖം അവിടെ കിടക്കമ്പോള്‍ തന്നെ....
ചെളിയില്‍ നിന്ന് ചെന്താമര പോലെ എ.ആറ്. റഹമാനും, റസൂല്‍ പൂക്കുട്ടിയും ലോകത്തിന്റെ നെറുകയിലേക്ക് ഉയരുന്നു.
ഇന്ത്യയിലേക്ക് മൂന്ന് ഓസ്കാര്‍.
ചന്ദനത്തില്‍ കുതിറ്ന്ന ഓംകാരമേളിത സ്വപ്നസാക്ഷാല്‍ക്കാരം.
ചരിത്രവിസ്മയം.
ധാരാവിയില്‍ ആഹ്ലാദത്തിന്റെ അലതല്ലല്‍.
ഇന്ത്യയ്ക്കും കേരളത്തിനും അഭിമാനത്തിന്റെ ധന്യമുഹൂര്‍ത്തങ്ങള്‍.
ഇത് റഹമാന്റെയും റസൂലിന്റെയും ജീവാംശം കലര്‍ന്ന സിനിമയാണ്.
ചേരിയിലെ അനാഥനായ കുട്ടിയുടെ അത്ര തന്നെ വിഷമങ്ങളുടേയും കഷ്ടപ്പാടിന്റെയും ഇടയില്‍ ഇച്ചാശക്തിയുടെയും കഠിനാദ്ധ്വാനത്തിന്‍റേയും പിന്‍ബലത്തില്‍ ഉയരങ്ങള്‍ കീഴടക്കിയവനാണ് എ.ആറ്. റഹമാന്‍.
ഇല്ലായ്മയുടെയും വല്ലായ്മയുടെയും കുറച്ച് കഥകള്‍ റസൂലിനും ഉണ്ട്.

ജീവിതാനുഭവങ്ങളുടെ തീച്ചൂളയില്‍ വെന്തിരുകിയ അറിവിന്റെ ഏകല്യവനായ ജമാല്‍ (സ്ലം ഡോഗിലെ നായകന്‍). ദ്രോണരെ പോലെ ടീവി അവതാരകന്‍ ജമാലിനെ നിശബ്ദനാക്കാനും കളിക്കളത്തില്‍ നിന്ന് പുറത്താക്കാനും ഒരു ശ്രമം നടത്തുന്നുണ്ട്.
ചരിത്രാദ്യം മുതലെ ഉണ്ടല്ലോ ഈ പിന്‍ഭാഗ കുത്തല്‍.

ജാതിവ്യവസ്ഥയുടെ താഴെകെട്ടുകാരന്‍ ഹരിജനായ അംബേദ്കറ് ഇന്ത്യന്‍ ഭരണഘടന ഉണ്ടാക്കി, അതുകൊണ്ടു ചേരിയുടെ ഘടന മാറിയോ?
ഡല്‍ഹിയില്‍ യമുനയുടെ തീരത്ത് ചേരിയില്‍ അദ്ധ്യാപികയായ മായാവതി മുഖ്യമന്ത്രിയായി കോടികളുടെ പുറത്ത് കിടക്കുന്നു. അതുകൊണ്ടു ചേരിക്കാറ്ക്ക് എന്ത് ഗുണം?

Slum dog millionaire കണ്ടിട്ടോ അതോ കേട്ടിട്ടോ എന്നറിയില്ല സംവിധായകന്‍ പ്രിയദറ്ശന് ചില വെളിപാടുകള്‍ ഉണ്ടായി.
വെളിപാട് ഒന്ന്:
ഇത് ഇന്ത്യയെ അവമാനിക്കലാണ്. ബോധപൂറ്വം ഇന്ത്യയെ ചെളി വാരിതേക്കാനുള്ള വെള്ളക്കാരന്റെ നികൃഷ്ട ശ്രമമാണ്. മുമ്പൈയില്‍ എത്ര മനോഹരമായ സ്ഥലങ്ങള്‍ ഉണ്ട് Gate Way of India പോലെ അങ്ങനെ എന്തെങ്കിലും കാണിച്ചോ ഈ സിനിമയില്‍.
ഈ വെളിപാട് അത്ര അങ്ങട് മനസ്സിലായില്ല. ചേരിയിലെ കഥ പറയുന്നതിന് മറ്റ് സ്ഥലങ്ങളുടെ മനോഹാരിത എന്തിനാണാവോ കാണിക്കുന്നത്. ഇത് മുമ്പൈ കുറിച്ചുള്ള ഡോക്യുമെന്ററിയൊന്നുമല്ലല്ലോ. ചേരിയിലെ കഥ പറയുമ്പോള്‍ ചേരി തന്നെ കാണിക്കണം. ഇത് പ്രിയദറ്ശന് അറിഞ്ഞുകൂടാത്തതാണെന്ന് തോന്നുന്നില്ല. പക്ഷെ ബോധപൂറ്വ്വം ചിലതിനെ എതിറ്ക്കുമ്പോള്‍ ചിലറ് അന്ധരാകാറുണ്ട് അത്ര തന്നെ.
വെളിപാട് രണ്ട്:
മൂന്നാംതരം പടമായിട്ടും ഓസ്കാര്‍ നോമിനേഷന്‍ കിട്ടിയത് വെള്ളക്കാരന്‍ പടം പിടിച്ചത് കൊണ്ടാണ്. ഇതിനെക്കാള്‍ എത്ര നല്ല പടങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ടു.
അത് കറക്ട്.
കൈ അടിച്ച് പാസ്സാക്കിയിരിക്കുന്നു.
കണ്ട ആപ്പഊപ്പ ഇന്ത്യക്കാരന്‍ പടമെടുത്താലൊന്നും ഓസ്കാര്‍ നോമിനേഷന്‍ കിട്ടില്ല.
അത് ഇമ്മിണി പുളിക്കും.
അതുപോലെ ഇത് അത്ര മഹത്തായ സിനിമയുമല്ല.
സമ്മതിച്ചു.
എ.ആറ്. റഹമാന്റേയും, റസൂല്‍ പൂക്കുട്ടിയുടെയും മികച്ച പ്രവറ്ത്തനങ്ങള്‍ ഈ സിനിമയലല്ലെന്നും ഏവറ്ക്കും അറിയാം.
പക്ഷെ പ്രിയദറ്ശനാ.. ഇവറ്ക്ക് ഓസ്കാര്‍ കിട്ടാന്‍ ഈ സിനിമ തന്നെ നിമിത്തമായി വരേണ്ടി വന്നില്ലെ.
ജയഹോ.. ജയഹോ.. സ്ലം ഡോഗ് ജയഹോ..
തികച്ചും അപ്രാപ്യമെന്ന് കരുതിയ ഓസ്കാര്‍ ഈ കൊച്ചു കേരളത്തിലും എത്തിയില്ലെ.
ഈ സിനിമ കൊണ്ട് ചേരിയിലെ കുറച്ച് പേരെങ്കിലും രക്ഷപ്പെട്ടില്ലെ. രത്നക്കല്ല് പോലെ ചേരിയിലെ കുട്ടികള്‍ തിളങ്ങിയില്ലെ.
വെളിപാട് മൂന്ന്:
ബില്ലു ബാറ്ബറ് എന്ന സിനിമയുടെ പേരിനെചൊല്ലി എന്ത് എതിറ്പ്പായിരിന്നു. സായിപ്പ് പേരിട്ടപ്പോള്‍ ആറ്ക്കും എതിറ്പ്പില്ല. അന്നും ഇന്നും സായിപ്പിന് എന്തും പറയാം എന്തും ചെയ്യാം.
എന്തു ചെയ്യാം പ്രിയദറ്ശനാ തട്ടാ‍നും ബാറ്ബറ്ക്കും സംഘടനയുണ്ട്.
ചേരിപ്പട്ടികള്‍ക്ക് അതില്ലല്ലോ.
പ്രിയദറ്ശനാ പ്രിയമായത് മാത്രമല്ലല്ലോ അപ്രിയ സംഗതികളും ഉണ്ടല്ലോ.
മസാല പടങ്ങള്‍ പടച്ച് വിട്ട് ജനങ്ങളുടെ പണം കൊള്ളയടിക്കുന്നവരെ വല്ലപ്പോഴുമെങ്കിലും അപ്രിയ സത്യങ്ങളെക്കുറിച്ചും സത്യസന്ധമായി നിങ്ങളുടെ സിനിമയില്‍ അവതരിപ്പിക്കു. കുറച്ച് സാമൂഹ്യ പ്രതിബദ്ധതയെങ്കിലും വേണ്ടേ?

ഈ സിനിമ ഓരോ ഇന്ത്യക്കാരന്റേയും മനസ്സിലെ തീയാകണം.
ഒരു വശത്ത് സമ്പന്നതയുടെ നഗരം മറുവശത്ത് നരകതുല്യമായ ചേരി. ഇത് ഏത് ജനാധിപത്യ സറ്ക്കാറിന് ഭൂഷണമാണ്?
മഹാനഗരങ്ങള്‍ പണിതുയറ്ത്തിയ ചെറുശില്പികള്‍ തിരിച്ചു പോകാനാകതെ ഇത്തിള്‍ക്കണ്ണിയായി ചേരിയില്‍ അടിഞ്ഞുചേരുന്നു.
വെള്ളക്കാരന് ഇനിയും ഇത്തരത്തില്‍ ഒരു സിനിമയെടുക്കാന്‍ തോന്നരുത്. അത്തരുമൊരു സാഹചര്യം ഇന്ത്യയില്‍ ഉണ്ടാകരുത്.

രാഷ്ട്രിയക്കാരും ഭരണാധികാരികളും അഭിനന്ദിക്കാന്‍ വരട്ടെ.
അല്ലെങ്കില്‍ വേണ്ട അവര്‍ കലാകാരന്മാരെ അഭിനന്ദിക്കട്ടെ.
അതിനുശേഷം, ചില കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെ കാര്യം.
കൈകൂപ്പി ചെവിയറ്റം ചിരിയുമായി 5 വറ്ഷത്തിലൊരിക്കല്‍ ചേരിയില്‍ വോട്ട് തെണ്ടാന്‍ എത്തുന്ന ഇവരെ പുറം തിരിച്ച് നിര്‍ത്തി തുണിപൊക്കി ചന്തിക്ക് ചൂരല്‍ കൊണ്ട് നാല് നല്ല പെട കൊടുത്തിട്ട് (നല്ല ഒരു ഓസ്കാര്‍ അടി തന്നെ ആയിക്കോട്ടെ) അങ്ങോട്ട് മാറ്റി നിറ്ത്തിയിട്ട് അഞ്ചാറ് ചോദ്യം ചോദിച്ചിട്ട് തന്നെ കാര്യം. ഇനി ഇങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ. ചേരിപ്പട്ടികള്‍ ഇനി ഉണ്ടാകരുതല്ലോ.
ആരാണ് ചേരിപ്പട്ടിയെന്ന് ഒന്ന് അറിയണമല്ലോ!
ചേരി ഉണ്ടായതെങ്ങിനെ?
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതെപ്പോള്‍?
അതിന് ശേഷവും ചേരി ഇല്ലാതാകാതെ വലുതാകുന്നതെന്ത് കൊണ്ട്?
ചേരിക്കാരുടെ വോട്ട് വാങ്ങാനല്ലാതെ അവര്‍ക്ക് വേണ്ടി നിങ്ങളെന്ത് ചെയ്തു?

വോട്ട് ബാങ്കുകളായി,
കൂട്ടികൊടുപ്പുകാരായി,
വറ്ഗീയ കലാപത്തിന്റെ ചാവേറുകളായി,
ഭീകരവാദികളുടെ സഹകാരികളായി,
അവരങ്ങനെ പെരുകുന്നു.
ആരാണ് സ്ലംഡോഗുകള്‍?
ആരാണ് സ്ലംഡോഗിന്റെ പിതൃക്കള്.
അധോലോക സാമ്രാജ്യത്തിലും ഭരണത്തിന്റെ അന്തപ്പുരത്തിലും രമിക്കുന്ന അവരുടെ പിത്രുക്കള്
തന്നെ പറയട്ടെ!
ചന്ദ്രായനത്തിലും ബഹിരാകശത്തെ അശ്വമേധത്തിനും ഇടയില്‍ ഭൂമിയിലെ മനുഷ്യപ്പുഴുക്കളെ കുറിച്ച് ഓര്‍ക്കാന്‍ ആര്‍ക്ക് എവിടെ സമയം.
ചന്ദ്രനിലേക്കും സൂര്യനിലേക്കും കുതിക്കുന്നതിന്‍ മുമ്പ് ഒരു നിമിഷം,
ദയവായി ഭൂമിയിലെ ഈ പട്ടികളെ കുറിച്ച് ഒന്നു ഓര്‍ക്കു.
ഒരു നിമിഷാറ്ദ്ധമെങ്കിലും.

(മറ്റൊരു നാടന്‍പട്ടിക്കഥ ദാ ഇവിടെ)