Thursday, January 22, 2009

മകനെ നീയൊരു ഡോക്ടറാകണം

ഇന്ത്യ എന്റെ രാജ്യമാകുന്നു.
കൃഷിയാണ് മുഖ്യ ഉപജീവനം.

അമ്മ എനിക്ക് അരി ആഹാരം തരുന്നു.
പത്തായം പെറും
ചക്കി കുത്തും
അമ്മ വെക്കും
മകന്‍ തിന്നും.

മകനെ ചെളിയില്‍ പോകല്ലെ
കാലരിക്കും.
മകനെ ഞാറ് തൊടല്ലെ
കൈ ചൊറിയും.
മകനെ വെള്ളത്തില്‍ കളിക്കല്ലെ
പനി പിടിക്കും.
മകനെ നീയൊരു ഡോക്ടറാകണം.
അച്ചനും അമ്മയും അപ്പൂപ്പന്മാരും
വയലിലൊടുക്കി ജീവിതം.
മകനെ നീയെങ്കിലുമൊരു ഡോക്ടറാകണം.

രാജാക്കന്മാരുടെ പോസ്റ്റ്മാറ്ട്ടം കണ്ടു
ലോക വിവരണം കണ്ടു, യുദ്ധങ്ങള് കണ്ടു
സ്വന്തം ഗ്രാമം മാത്രം കണ്ടില്ല.
വിത്തിനമെത്രെ കൊയ്ത്തെപ്പോള്‍?
പാഠപുസ്തകത്തിലെങ്ങും കണ്ടില്ല.
വിദ്യാധനം ധനമോഹമായി
ചതിക്കുക കൊള്ളയടിക്കുക
വ്യാപാരമായി,ബ്ലേഡ് മാഫിയായി.

കുട്ടിക്കാലത്ത് തിമിറ്ത്താടിയ
ആമ്പല്‍ വിടറ്ന്ന തോടുകളെവിടെ
വികസനമായി തോടുകള്‍ റോഡായി
റോഡുകള്‍ തോടായി.
പച്ചോല വയലുകളില്‍
കോണ്ക്രീറ്റ് കൃഷിയായി.

നെല്‍കൃഷി നഷ്ടമാണെന്ന് വിലപിച്ചവറ്
സ്വന്തം ആരാമത്തിലെ പൂവിന്റെ വില ആരാഞ്ഞില്ല.
സ്വന്തം മകന്റെ വില ചോദിച്ചുമില്ല.
മറുനാടിന്റെ വിയറ്പ്പെന്നും അന്നം തരും!
പിന്നെ തരിശ് പാടങ്ങളെന്തിന്?
മണിമന്ദിരങ്ങള്‍,ഷോപ്പിങ്ങ് മാളുകള്‍
ആനന്ദലബ്ദിക്കിനിയെന്ത് വേണം
ആന്ധ്രയും പഞ്ചാബും കൈമലറ്ത്തിയാല്
അടുപ്പെരിയില്ലെന്നോറ്ത്തില്ല.

മകനെ നീയൊരു ഡോക്ടറാകണം
മകനെ നീ മണ്ണിന്റെ ഡോക്ടറാകണം
രോഗാകുലമായി, അറ്ദ്ധശവങ്ങളായി
വരണ്ട പാടങ്ങള് നിന്നെ കാത്തിരിക്കുന്നു.
വിശക്കുന്ന വയറിലിത്തിരി
മരുന്ന് പുരട്ടുക.
ജീവിതം തന്നെ കൃഷി
കൃഷി തന്നെ ജീവിതം.
--- xxx ---
-----------------------------------------------
ഇനി കവിത കേള്‍ക്കാന്‍ തോന്നുന്നുവെങ്കില്‍ Play ചെയ്ത് നോക്കു....