Thursday, November 28, 2013

പണമരം


താന്തോന്നിയായ പയ്യൻ

ആയിരം കൊണ്ട് വന്നപ്പോൾ

അമ്മ ചോദിച്ചു “എവിടെ നിന്ന്?”

ലക്ഷങ്ങൾ വന്നപ്പോൾ

നാട്ടുകാർ ചോദിച്ചു “എവിടെ നിന്ന്?”

പണം കുന്നുകൂടിയപ്പോൾ

ചോദ്യങ്ങൾ നിന്നു.

പ്രമാണിക്ക് പ്രണാമം.

മേമ്പൊടിക്കായി താരങ്ങളും വന്നു

ആഘോഷരാവൊരുക്കാൻ.

നാല് പേർക്ക് തൊഴിലേകുന്ന

മുതലാളിക്ക് ഒത്താശയുമായി

നേതാക്കന്മാരും.

ചുക്കിലും ചുണ്ണാമ്പിലും

വിലസി പയ്യൻ.

 

പോലീസ് പിടിച്ചപ്പോൾ

തീവ്രവാദി ചാപ്പ കുത്തിയപ്പോൾ

കാർക്കിച്ച് തുപ്പി

അമ്മയും നാട്ടുകാരും.

 

അമ്മമാരും നാട്ടുകാരുമറിയുക

നാട്ടിൽ

പണം കായ്ക്കുന്ന മരമില്ല.

ആദിവാസി


കാട് വെട്ടി

നാട് ഉണ്ടാക്കി.

ഗ്രാമം കൊന്ന്

നഗരം പണിഞ്ഞു.

മണ്ണിൽ പൊന്ന് വിളയ്ക്കാതെ

ഭൂമി തലങ്ങും വിലങ്ങും തുരന്നു.

മണ്ണിൽ ജീവനെ കൊന്ന്

അന്യഗ്രഹത്തിൽ ജീവനെ തേടി.

ഓസോൺ കുടയിൽ

അരിപ്പ തീർത്തു.

 

പക്ഷെ

ജീവിതം പഠിച്ചില്ല.

 

ദുരന്തങ്ങൾ

പെരുമാരിയായി.

മഹാരോഗങ്ങൾ

കൊടുങ്കാറ്റായി.

 

നട്ടെല്ല് തകർന്ന

നമുക്ക്

ഇനി

ആദിവാസികളെ തേടി പോകാം

ജീവിതം പഠിക്കാൻ.

Friday, November 1, 2013

അന്നദാതാവ്.


എന്റെ നാട്ടിൽ മെഗാസ്റ്റാർ വന്നപ്പോൾ

ഞാൻ കാണാ‍ൻ പോയില്ല.

കാരണം

അവർ ഞങ്ങളുടെ പണം പറ്റിയവരാണ്.

ഒരു കാലത്ത് അവരുടെ സിനിമ കാണാൻ

ഞങ്ങളോട് കെഞ്ചി അപേക്ഷിച്ചു.

മെഗാസ്റ്റാർ ആയപ്പോൾ

കുത്തകളുടെ ഉത്പന്നങ്ങൾ വാങ്ങാൻ

ഞങ്ങളോട് ആജ്ഞാപിച്ചു.

 

എന്റെ നാട്ടിൽ സിനിമാനടി വന്നപ്പോൾ

ഞാൻ കാണാ‍ൻ പോയില്ല.

കാരണം

അവർ ഞങ്ങളുടെ പണം പറ്റിയവരാണ്.

മാദകമേനി കാണിച്ച് ഞങ്ങളെ പ്രലോഭിപ്പിച്ചു.

അധോലോകത്തിന്റെ റാണിയായി

ഞങ്ങളെ കൊള്ളയടിച്ചു.

 

എന്റെ നാട്ടിൽ ആൾദൈവങ്ങൾ വന്നപ്പോൾ

ഞാൻ കാണാ‍ൻ പോയില്ല.

കാരണം

അവർ ഞങ്ങളുടെ പണം പറ്റിയവരാണ്.

ദിവ്യശക്തികൊണ്ട് രോഗങ്ങൾ മാറ്റാതെ

ആതുരാലയങ്ങൾ തീർത്ത് കൊള്ളയടിക്കുന്നവരാണ്.

അജ്ഞതയിൽ അന്ധകാരത്തിന്റെ ചായമടിക്കുന്നവരാണ്.

 

എന്റെ നാട്ടിൽ രാഷ്ട്രീയനേതാക്കന്മാർ വന്നപ്പോൾ

ഞാൻ കാണാ‍ൻ പോയില്ല.

കാരണം

അവർ ഞങ്ങളുടെ പണം പറ്റിയവരാണ്.

പൊള്ളയായ വാഗ്ദാനങ്ങൾ നൽകി,

ഞങ്ങളെ ഇരുട്ടത്തിരുത്തി,

വെളിച്ചം സ്വപ്നം കാണാൻ പറഞ്ഞ്,

ഗൂഢശക്തികൾക്ക്

വെള്ളം കോരുന്നവരാണ്.

 

എന്റെ നാട്ടിൽ കർഷകർ വന്നപ്പോൾ

ഞാൻ കാണാ‍ൻ പോയി.

കാരണം

അവരാണ് ഞങ്ങൾക്ക് ചോറ് തരുന്നത്.

അവരുടെ ദുരിതകഥകൾ കേട്ട്

അവരുടെ കൂടെ ഞാനും കരഞ്ഞു.

കാരണം

കർഷകൻ നാടിന്റെ നട്ടെല്ലാണ്.