Saturday, September 28, 2013

കുറുവെടി – 38

സാർ എങ്ങിനെയാണ് നിഷേധ വോട്ട് ഉപയോഗിക്കേണ്ടത്?
 
ജപ്പാനിൽ ജനങ്ങൾക്ക് നൽകിയ ആണവസുരക്ഷാവാഗ്ദാനം തകർന്നപ്പോൾ എല്ലാ ആണവനിലയങ്ങളും അടച്ച് പൂട്ടി. എന്നാൽ ഇന്ത്യയിൽ ജനസാന്ദ്രതയുള്ള  സ്ഥലത്ത്പോലും ആണവനിലയങ്ങൾ സ്ഥാപിക്കാനുള്ള അമേരിക്കൻ തിട്ടൂരത്തിന് സർക്കാർ മുട്ട് മടക്കുമ്പോൾ….
സാർ എവിടെയാണ് നിഷേധ വോട്ട് ഉപയോഗിക്കേണ്ടത്?
 
പോലീസും ഉദ്യോഗസ്ഥന്മാരും രാഷ്ട്രീയക്കാരും സിനിമാക്കാരും കള്ളക്കടത്തുകാർക്കും വർഗ്ഗീയവാദിക്കും കൊലയാളിക്കും കുട പിടിക്കുമ്പോൾ…
സാർ എങ്ങിനെയാണ് നിഷേധ വോട്ട് ഉപയോഗിക്കേണ്ടത്?
 
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട അധികാരികൾ കീടനാശിനികളും, രാസവസ്തുക്കളും നിറഞ്ഞ പച്ചക്കറികളും ഭക്ഷണപദാർത്ഥങ്ങളും യഥേഷ്ടം വിൽക്കാനനുവദിച്ച് ജനങ്ങളെ ഇഞ്ചിഞ്ചായി കൊല്ലുമ്പോൾ…  
സാർ എങ്ങിനെയാണ് നിഷേധ വോട്ട് ഉപയോഗിക്കേണ്ടത്?

Thursday, September 5, 2013

കുറുവെടി – 37

മന്മോഹനം
 
വറുതി
 
അക്കൊല്ലത്തെ വിളവെടുപ്പ് ഗംഭീരമായിരുന്നു. തമ്പുരാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി. അടിയാളന്മാരെ പ്രത്യേകം പ്രത്യേകം വിളിച്ച് അഭിനന്ദിച്ചു. “ഭേഷ് ഇങ്ങനെ വേണം എല്ലാകൊല്ലവും. നമ്മുക്കിത് അടിച്ച് പൊളിക്കണം”
 
തമ്പുരാൻ ബിരിയാണി കഴിച്ചു.
അടിയാളന്മാർ കഞ്ഞി കുടിച്ചു.
തമ്പുരാൻ നിശാശാലയിൽ അർമാദിച്ചു.
അടിയാളന്മാർ ആഘോഷങ്ങളൊന്നുമറിയാതെ കുടിലിൽ നിലത്ത് കിടന്നുറങ്ങി.
 
പത്തായം കാലിയായപ്പോൾ തമ്പുരാൻ പറഞ്ഞു.
“നാട് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇനി ചെലവ് ചുരുക്കി മുണ്ട് മുറുക്കി ഉടുത്ത് ജീവിക്കണം”
 
മുണ്ട് ആരാണ് മുറുക്കേണ്ടത്?
“തമ്പ്രാ ഞങ്ങൾ പണ്ടെ മുണ്ട് മുറുക്കിയാണ് ജീവിക്കുന്നത്. ഇനി എവിടെയാണ് മുറുക്കേണ്ടത്?
തമ്പുരാന്റെ മുഖം ചുവന്നു.
“എന്റെ കൈവശം മാന്ത്രികവടിയൊന്നുമില്ല പത്തായം നിറക്കാൻ”
തമ്പുരാൻ അരിശം കൊണ്ടു.
തമ്പുരാന്റെ പൃഷ്ഠം കൊഞ്ഞനം കുത്തി. പിന്നെ അന്ത:പുരത്തിലേക്ക് പോയി.
 
അടിയാളന്മാരെ വോട്ട്ശീട്ടുകൾ പല്ലിളിച്ച് കാണിച്ചു.
അനന്തരം… സംഭാവാമീ യുഗേ… യുഗേ
 
 
 
 
 

കുറുവെടി – 36

സുതാര്യസിംഹാസനം
ഒടുക്കം രാജാവ് സമ്മതിച്ചു. സൂര്യകിരൺ കേസിൽ തന്നേയും കൊട്ടാരത്തിനേയും ഉൾപ്പെടുത്താമെന്ന്.
 
രാശവെ ഇതല്ലെ നിന്നോട് അന്നെ പച്ചമലയാളത്തിൽ പറഞ്ഞത്. ഇതൊരു ചെരിയ കോടിയുടെ കേസാണെന്നും. ഖജനാവിന് ഒരു പൈസയുടെ നഷ്ടം ഇല്ലെന്നും ഒക്കെ പറഞ്ഞ് എന്ത് പുകിലായിരുന്നു. എന്ത് അവമാനം സഹിച്ചാലും സിംഹാസനം വിടില്ല എന്നും. ഇപ്പോ എന്തായി ഒരു ചെറിയ കോടിയുടെ കേസിന് എത്ര കോടിയാണ് ചെലവായത്. നിയമസഭാസ്തംഭനം, ഭരണസ്തംഭനം, കോടികളുടെ സമരം, സമരം ഒതുക്കാൻ കോടികളുടെ ചിലവ്, നിരവധി കോടി നഷ്ടമാക്കിയപ്പോൾ തലക്ക് വെളിച്ചം വന്നല്ലോ.
 
എന്നാല് ഇനിയെങ്കിലും ആ തുണിയെടുത്ത് ഉടുത്ത് സിംഹാസനം വിട്ട് പോയിക്കൂടെ.. ഇനി അതിനും കോടതി കോലിട്ട് ഇളക്കാൻ കാത്ത് നിൽക്കണോ.
 
ഇപ്പോൾ കിട്ടിയ വാർത്ത: സലിംനായകന്റെ ഭൂമി കേസിൽ അന്വേഷണം സംഘം തന്നെ തെളിവുകൾ നശിപ്പിക്കുന്നെന്ന് കോടതി. അപ്പോ എല്ലാ കേസും ഇങ്ങനെ തന്നെ ആകുമോ രാ‍ാ‍ാശവെ..
കുറുവെടി – 35