Tuesday, December 9, 2008

നാട്ടിലെ വന്യജീവികള്‍

വീട്ടില്‍ നിന്നിറങ്ങി റോഡിലെത്തുമ്പോള്‍ ചീറിപാഞ്ഞ് വരുന്ന വാഹനങ്ങള്‍ കണ്ട് പലപ്പോഴും ഞെട്ടിത്തരിച്ചു പോയിട്ടുണ്ടു.
ഇഞ്ചോടിഞ്ച് അകലത്തില്‍ ജിവന്‍ തിരിച്ച് കിട്ടിയ എത്രയോ നിമിഷങ്ങള്‍.
കാലിന്റെ പെരുവിരല്‍ നഖത്തുമ്പില്‍ യമരാജന്‍ ഉമ്മ വെച്ച് കടന്ന് പോയ കിടിലം കൊള്ളിച്ച ക്ഷണനേരങ്ങള്‍.
ഇങ്ങനെ വീട്ടില്‍ നിന്ന് ഇറങ്ങിയ പലരും വീട്ടില്‍ തിരിച്ചെത്തിയിട്ടില്ല.
ചിലര്‍ അര്‍ദ്ധ ശവങ്ങളായി,
ചിലര്‍ അംഗവിഹീനരായി.
പുരോഗതിയുടെ കുതിപ്പിലേക്ക് ഇങ്ങനേയും ചില കണ്ണീരില്‍ കുതിറ്ന്ന സ്മാരകങ്ങള്‍.
കാട്ടിലാണെങ്കില്‍ ആനയെ പേടിക്കണം സിംഹത്തിനെ പേടിക്കണം നരി,കടുവ,കരടി ഇഴഞ്ഞെത്തുന്ന പാമ്പ്. പെട്ടാല്‍ പെട്ടത് തന്നെ പല്ലും നഖവും കിട്ടിയാല്‍ ഭാഗ്യം.
മുരണ്ടും കുതറിയും അലറിയും മുന്നോട്ടും പിന്നോട്ടും പായുന്ന വാഹനങ്ങള്‍ കോണ്‍ക്രീറ്റ് വനങ്ങളിലെ ആധുനിക മൃഗങ്ങളായി.
സീല്‍ക്കാരത്തോടെ വളഞ്ഞും പുളഞ്ഞും നാഗങ്ങളെ പോലെ ഒഴുകിയെത്തുന്ന മോട്ടറ്വാഹനങ്ങള്‍.
ആകാശത്ത് കഴുകനെ പോലെ വിമാനങ്ങള്‍.
യന്ത്രതകരാറ് വന്ന വാഹനങ്ങള്‍ വിശന്ന സിംഹങ്ങളായി ജനങ്ങളെ കൊന്നു തിന്നു.
അശ്രദ്ധയും മദ്യപാനവും വാഹനങ്ങളെ മദം പൊട്ടിയ ആനകളാക്കി ജനങ്ങളെ ചവിട്ടി അരച്ചു.
സര്പ്പഫണമുയര്‍ത്തി കുതിച്ചെത്തുന്ന തീവണ്ടികള്‍ പരസ്പരം കൊത്തി ആയിരങ്ങളുടെ ജിവന്‍ തകറ്ത്തിട്ടുണ്ടു.
ഹോട്ടലില്‍ ചായ കുടിച്ചു കൊണ്ടിരുന്ന സുഹൃത്തിനെ നിയന്ത്രണം വിട്ട ബസ്സ് ഹോട്ടലില്‍ ഇടിച്ച് കയറി കൊന്നു.
മീന്‍ വാങ്ങാന്‍ പോയ ഗുരുനാഥനെ പിറകില്‍ നിന്ന് വന്ന വാഹനം പരലോകത്തേക്ക് കൊണ്ടുപോയി.
ഉറങ്ങി കിടന്ന ഒരു കുടുംബത്തിന് മുകളില്‍ നിന്ന് വീണ ചരക്ക് ലോറി കാലനായി.
വൈകുന്നേരം സ്കൂളില്‍ നിന്ന് സ്വാതന്ത്ര്യം നേടി ആഹ്ലാദത്തോടെ കളിക്കളത്തിലേക്ക് നീങ്ങിയ കൊച്ചു കുട്ടികളേയും വാഹന കാലന്‍ റാഞ്ചി. ചിന്നി ചിതറിയ കൊച്ചുശരീരഭാഗങ്ങള്‍ നാടിന് നൊമ്പരമായി. സ്മാരകമായി.
ബസ് സ്റ്റോപ്പില്‍ കാത്ത് നില്‍ക്കാന്‍ പേടിയായി.
റോഡ് അരികലൂടെ നടക്കാനും പേടിയായി.
**** xxx ***

അനുഭവം ഒന്ന്:
ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന കാലത്ത് ഞങ്ങള്‍ മൂന്ന് സ്നേഹിതന്മാരും കുടുംബവും ആഗ്രയിലേക്ക് ടൂറ് പോകാന്‍ തീരുമാനിച്ചു. അതിരാവിലെ തന്നെ പുറപ്പെട്ടു. ആദ്യം പോയത് അക് ബറിന്റെ കൊട്ടാരത്തിലാണ്. ഈ കൊട്ടാരത്തിന്റെ മുകളിലെ അറയിലെ കല്‍ത്തൂണകളില്‍ പതിപ്പിച്ച രത്നക്കല്ലുകളില്‍ നിലാവുള്ള രാത്രിയില്‍ താജ് മഹല്‍ തിളങ്ങി നില്ക്കുമായിരുന്നത്രെ. ഓരോ
രത്നക്കല്ലിലും നിരവധി താജ് മഹലുകള്‍,യമുനയുടെ ഓളങ്ങളിലും. ഷാജഹാന്‍ നിലാവുള്ള രാത്രികളില്‍ താജ് മഹലിന്റെ നിമനോന്നതങ്ങളില്‍ മുംതാസിനെ അലിയിച്ച് നോക്കി നിന്നിരുന്നത് ഈ കൊട്ടാരത്തിന്റെ മട്ടുപാവില്‍ നിന്നായിരുന്നു. പ്രണയ്ത്തിന്റെ പ്രതീകമായി കാണുന്നതിനെക്കാള്‍ മനുഷാദ്ധ്വാനത്തിന്റെ പ്രതീകമായി കാണാനാണ് ഞാന്‍ ഇഷ്ടപെടുന്നത്. അതിന്റെ ഓരോ കല്ലിലും ആയിരക്കണക്കിന് മനുഷ്യരുടെ ചോരയും കണ്ണീരുമുണ്ടു.
താജമഹലിനോട് യാത്ര പറയുമ്പോള്‍ സമയം ഉച്ചയ്ക്ക് രണ്ടു മണി കഴിഞ്ഞിരുന്നു. പിന്നെ മഥുര ശ്രീകൃഷ്ണക്ഷേത്രത്തിലേക്ക്.
ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ സന്ധ്യയായി. രാത്രിയിലെ സുഖ നിദ്രയ്ക്ക് വേണ്ടുന്ന ശാന്തിയുമായി ഭക്തന്മാറ് വന്നും പോയി കൊണ്ടിരിക്കുന്നു. ക്ഷേത്രത്തിനും പള്ളിക്കും ഇടയ്ക്കെ നേറ്ത്ത രേഖയില്‍ പോലിസും പട്ടാളവും കാവല്‍ നില്‍ക്കുന്നു, പാക്കിസ്ഥാന്റെയും ഇന്ത്യയുടേയും അതിറ്ത്തി എന്ന പോലെ. മത സൌഹാറ്ദ്ദത്തിനും മത സ്പറ്ദക്കും ഉള്ള സ്മാരകം.
രാത്രിയായി. തിരിച്ചു പോകാന്‍ സമയമായി.
തിരിച്ച്പോക്ക് ആരംഭിച്ചു. രാത്രിയായത് കൊണ്ട് വഴിയോരക്കാഴ്ചകളൊന്നുമില്ല.
കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ആകാശത്തിന് തീപിടിച്ചത് പോലെ തോന്നി, മഥുര റീഫൈനറിയില്‍ നിന്നാണ്. ആകാശത്തിലൊരു തീപന്തം. വളരെ ദൂരത്തോളം അതിന്റെ പ്രകാശം ഞങ്ങളെ പിന്തുടറ്ന്നു. പിന്നെയും യാത്ര വിരസമായി. പ്രത്യേകിച്ചൊന്നും കാണാനില്ല. അങ്ങിങ്ങായി ചില ഇല്ക്ട്രിക് പോസ്റ്റുകള്‍. ഉറക്കം മേല്പോളകളെ മെല്ലെ താഴ്ത്തി.

പെട്ടെന്ന് ഒന്ന് ഞെട്ടി ഭൂമികുലുക്കം പോലെ വാനൊന്ന് കുലുങ്ങിയോ. കണ്ണ് തുറന്ന് നോക്കിയപ്പോള്‍ ഡ്രൈവറ് കണ്ണ് തുടയ്ക്കുന്നു.
“എന്താ ഷാജി, എന്ത് പറ്റി”
“ഏയ് ഒന്നുമില്ല”
ഒന്നുമില്ലെങ്കില്‍ ഒന്നുമില്ല. വീണ്ടും മയക്കത്തിലേക്ക് വഴുതി വീണു.
പിന്നെയും ഭൂമികുലുക്കം. ഞെട്ടി കണ്ണ് തുറന്ന് നോക്കിയപ്പോള്‍ ഡ്രൈവറ് വീണ്ടും കണ്ണ് തുടയ്ക്കുന്നു.
ഡ്രൈവറ് ഉറങ്ങി പോയോ.
മനസ്സിലൊരു ഇടിമിന്നല്‍.
പത്ത് പന്ത്രെണ്ട് പേര്‍ വാനിലുണ്ട്. എല്ലാവരും നല്ല ഉറക്കത്തിലാണ്.
നീണ്ട് ഭൂമിയുടെ അറ്റത്തോളം കിടക്കുന്ന റോഡ്. റോഡില്‍ വാഹനങ്ങളും കുറവ്.
ഡ്രൈവറ്യ്ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല..
സ്റ്റീയറിങ്ങ് തിരിക്കണ്ട,ബ്രൈക്ക് ഉപയോഗിക്കണ്ട, വെറുതെ ഇരുന്ന് കൊടുത്താല്‍ മതി.
ആത്മാഭിമാനം കൊണ്ട് ആദ്യം സമ്മതിച്ചില്ലെങ്കിലും പിന്നീട് ഷാജി കുറ്റസ്സമതം നടത്തി.
“രണ്ട് പ്രാവശ്യം കണ്ണൊന്ന് അടഞ്ഞ് പോയി”.
“കഴിഞ്ഞ രാത്രിയിലും ഉറങ്ങാന്‍ പറ്റിയില്ല. അതു കൊണ്ടാണ്”.
എന്റെ എല്ലാ ഉറക്കവും പോയി.
പ്രശ്നം ഗുരുതരമാണ്. വേറെയാറ്ക്കും ഡ്രൈവിങ്ങും അറിയില്ല.
ഞാന്‍ ഉറങ്ങാതെ നോക്കിയിരുന്നു ഡ്രൈവറ് ഉറങ്ങി പോകാതിരിക്കാന്‍.
ചില വറ്ത്തമാനങ്ങളും നേരമ്പോക്കുകളും കൊണ്ട് ഡ്രൈവറെ സജീവമാക്കാന്‍ ഒരു വിഫലശ്രമം നടത്തി നോക്കി.
മനസ്സിലാധിയായി. ഇനിയും രണ്ട് മണിക്കൂറിലധികം യാത്രയുണ്ടു.
വാന്‍ നിറ്ത്തി ഷാജിയോട് തണുത്ത് വെള്ളത്തില്‍ മുഖം കഴുകി യാത്ര തുടരാന്‍ പറഞ്ഞു.
കൂടുതല്‍ സുരക്ഷയ്ക്ക് വഴിക്കുള്ള എല്ലാ ഹോട്ടലിന്റെ മുന്നിലും നിറ്ത്തി ഷാജിയെ ചായ കുടിപ്പിച്ച് അല്പ നേരം വിശ്രമം എടുപ്പിച്ചതിന് ശേഷമെ യാത്ര തുടറ്ന്നുള്ളു.
ജീവന്‍ കൈയില്‍ പിടിച്ച് കൊണ്ടുള്ള യാത്ര അവസാനിച്ചപ്പോള്‍ രാത്രി രണ്ട് മണി കഴിഞ്ഞിരുന്നു.
ഇനിയൊരിക്കലും തുടറ്ച്ചയായി ഉറക്കമൊഴിയൊന്ന ഡ്രൈവറുടെ കൂടെ യാത്ര ചെയ്യില്ലെന്ന് ശപഥം ചെയ്ത് നിദ്രയുടെ കൈവലയത്തിലേക്ക് അഭയം പ്രാപിച്ചു.
**** xxx ***

അനുഭവം രണ്ട്:
ടൌണിലേക്ക് പോകേണ്ടെ അത്യാവശ്യ കാര്യമുണ്ടായിരുന്നു. ബസ്സിലാണെങ്കില്‍ നിറയെ ആള്‍ക്കാരും. അടുത്ത ബസ്സിനെ കാത്ത് നില്‍ക്കാന്‍ സമയവുമില്ല. അധികം ചിന്തിക്കാതെ ആ ബസ്സില്‍ തന്നെ കയറി.
ബസ്സ് അതിവേഗതയിലാണ് പോയികൊണ്ടിരിക്കുന്നത് മുന്നില്‍ കണ്ട എല്ലാ വാഹനങ്ങളേയും മറികടന്ന് അതിസാഹസികമായി മുന്നേറി കൊണ്ടിരുന്നു. എന്ത് പോക്കാണെന്ന് ചിലറ് ആശങ്ക പെടുന്നുണ്ടെങ്കിലും. യാത്രക്കാറ്ക്കും രസം പിടിച്ചെന്ന് തോന്നുന്നു. എല്ലാവറ്ക്കും മുമ്പെ എല്ലാത്തിനും മുകളില്‍ മനുഷ്യരില്‍ അന്തറ്ലീനമായ ത്വര ചിറക് വെച്ച് പറക്കാന്‍ തുടങ്ങി. അതിന്റെ ത്രില്ലിലാണ് ചിലറ്. സാഹസികനായ ഡ്രൈവറ് മനുഷ്യജീവനെടുത്ത് പന്താടുകയാണ്.
മനുഷ്യജീവന്‍ തൃണതുല്യം.
ഉള്ളിലൊരു കാളല്‍.
ഡ്രൈവറ്മാറ് തമ്മിലുള്ള മത്സരവും തീറ്ക്കുന്നത് ഈ മരണ പാച്ചിലിലാണ്. കൂടുതല്‍ വേഗത്തില്‍ കൂടുതല്‍ ആള്‍ക്കാരെ എടുത്ത് ലക്ഷ്യത്തിലെത്തുക എന്നതാണ് അവരുടെ മുദ്രാവാക്യം.
മുന്നിലുള്ള ബസ്സ് മറികടക്കാന്‍ വിടുന്നില്ല. പലകുറി കയറിയും ഇറങ്ങിയും നോക്കി. ഹോണടിച്ച് നോക്കി. രക്ഷയില്ല. അതിലും കടുകിട വിട്ട് കൊടുക്കാത്ത സാഹസികന്‍ ഡ്രൈവറായിരിക്കണം.
അവസാനം കാത്തിരുന്ന അവസരം വന്നു.
ഒരു ചെറിയ പഴുതില്‍ ഡ്രൈവറ് മറികടക്കാന്‍ ബസ്സ് മുന്നോട്ടെടുത്തു.
ഒരു നിമിഷാറ്ദ്ധം ലോകം കീഴ് മേല്‍ മറിഞ്ഞു.
പ്രധാന റോഡിലൂടെ മുന്നോട്ട് പോകേണ്ട ബസ്സ് പെട്ടെന്ന് അതിവേഗത്തില്‍ വലത്തെ ഇടറോഡിലേക്ക് പാഞ്ഞ് കയറി നിന്നതും പിന്നിലൂടെ മറ്റൊരു ബസ്സ് ചീറി പാഞ്ഞ് പോയതും ഒരുമിച്ചായിരുന്നു
ഒന്ന് നിലവിളിക്കാന്‍ പോലും സമയം കിട്ടാതെ എല്ലാം തീറ്ന്നു.
ഡ്രൈവറിന്റെ അപാര മനസ്സാന്നിദ്ധ്യത്തിന് സ്തുതി.
രണ്ടു മാസം മുമ്പ് ഇതെ റോഡില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് പൊലിഞ്ഞത് പതിനാറ് പേരുടെ ജീവനുകള്‍.
ഉള്‍ക്കിടലത്തോടെ ദീറ്ഘശ്വാസം വിട്ടു.
ഒന്നും സംഭവിക്കാത്തത് പോലെ ഡ്രൈവറ് ബസ്സ് പിന്നോട്ടെടുത്ത് മുന്നോട്ടേക്ക് കുതിച്ചു.
“ഇനി നിന്റെ സ്പീടൊന്നും വേണ്ട”
“നോക്കിയും കണ്ടും ബസ്സ് ഓടിക്കെടാ”
ഇനിയും പ്രതിഷേധിച്ചില്ലെങ്കില്‍ മരണമാണ് ഫലമെന്ന് യാത്രക്കാറ് തിരിച്ചറിഞ്ഞു.
പിന്നെ മര്യാദക്കാരനായി മറികടക്കലുകളിലാതെ ഡ്രൈവറ് ബസ്സ് ഓടിച്ചു.
**** xxx ***
ഈ ആധുനിക മൃഗങ്ങളെ മെരുക്കി നിയന്ത്രിക്കുന്ന പാപ്പാനെ ഡ്രൈവറെന്ന് വിളിക്കും. അങ്ങേരാണ്‍ വിധികറ്ത്താവ്. സ്ഥിതിയും സംഹാരവും അങ്ങേര്‍ തീരുമാനിക്കും.
ടിക്കറ്റ് എടുക്കുക എന്നാല്‍ ജീവന്‍ ഡ്രൈവറുടെ കൈവശം ഏല്‍പ്പിച്ചു എന്നാണ്. ടിക്കറ്റ് മരണത്തിലേക്കോ ജീവിതത്തിലേക്കോ ആകാം. എല്ലാം ഡ്രൈവറുടെ കൈയില്‍. യാത്രക്കാരന് ഡ്രൈവറുടെ യോഗ്യതയോ ശക്തിയോ അളക്കാന്‍ പറ്റില്ല. ചിലപ്പോള്‍
യാത്രക്കാരന്‍ ഡ്രൈവറെ കാണുന്നതെ ഇല്ല. ഡ്രൈവറുടെ കഴിവ് കേടിനെ കുറിച്ച് വേവലാതിപ്പെട്ടാ‍ല്‍ യാത്ര ചെയ്യാനും പറ്റില്ല. എല്ലാം ആരുടെയോ കൈയില്‍ ഏല്‍പ്പിച്ച് യാത്ര തുടരുന്നു. എല്ലാം ഡ്രൈവറെ ഏല്‍പ്പിച്ച നിസ്സഹായരായ് യാത്രക്കാറ്. വിമാനം ഒന്ന് ചെരിഞ്ഞാല്‍ അകാരണമായി ഭീതി പൊതിയും. ആകാശത്ത് പൈലറ്റിന് എന്ത് ചെയ്യാന്‍ കഴിയും. എല്ലാം ദൈവത്തിന്റേയും പൈലറ്റിന്റേയും കൈവശം.

ലോകത്തിലെ എല്ലാ യുദ്ധത്തിലും കൂടി മരിച്ചവരുടെ കണക്കും റോഡ്-വാഹനാപകടത്തില്‍ മരിച്ചവരുടെ കണക്കും എടുത്ത് നോക്കിയാല്‍ യുദ്ധം തോറ്റ് പോകും. ചില വാഹനാപകടത്തിലെ ഡ്രൈവറ്മാറ് മുലകുടി പ്രായം കഴിയാത്ത ലൈസന്‍സ് പോലും ഇല്ലാത്ത് പയ്യന്മാറ്.
ഒരു വാഹനം റോഡില്‍ ഇറങ്ങുമ്പോള്‍ അത് ഓടിക്കാന്‍ യോഗ്യമാണോ അതു പോലെ ഡ്രൈവറും യോഗ്യനാണോ എന്നും ഉറപ്പ് വരുത്തേണ്ടത് അതിന്റെ ഉടമസ്ഥനും(സ്ഥാപനവും) ഡ്രൈവറും ആണ്. വീതിയുള്ള റോഡും വാഹാനമോടിക്കാന്‍ പര്യാപ്തമായ റോഡും ഗതാഗത നിയന്ത്രണങ്ങളും സറ്ക്കാറിന്റെ ചുമതലയുമാണ്. അതുകൊണ്ട് വാഹനാപകടത്തിന് ഇവരെല്ലാവരും ഉത്തരവാദികളാണ്. വിശന്ന ക്രൂരമൃഗങ്ങളെ ഒരു നിയന്ത്രണവുമില്ലാതെ കൂട്ടില്‍ നിന്ന് അഴിച്ചു വിടാന്‍ ഇവറ്ക്ക് ഒരു അധികാരവുമില്ല. നഷ്ടപ്പെട്ടുപോയ ഒരു ജീവനും തിരിച്ചുകൊടുക്കാന്‍ ഇവറ്ക്ക് കഴിയില്ല. വിശ്രമമില്ലാതെ ഡ്രൈവറുമാരെ പണിയെടുപ്പിക്കുന്ന ഉടമസ്ഥനും,സ്ഥാപനവും കുറ്റക്കാരാണ്. മദ്യപിച്ച് വാഹനമോടിക്കുന്ന ഡ്രൈവറും അതിന്റെ ഉടമസ്ഥനും,സ്ഥാപനവും ഒരു പോലെ കുറ്റക്കാരാണ്. കറ്ശന നിയമങ്ങള്‍ വേണം. അത് കടുകിട തെറ്റാതെ നടപ്പിലാക്കുന്ന ഉദ്ദ്യോഗസ്ഥരും വേണം. ഇത് ജീവിതവും മരണവും കൊണ്ടുള്ള കളിയാണ്. അപകടത്തിന് ശേഷം കണ്ണീരൊഴുക്കാന്‍ ഏവറ്ക്കും കഴിയും അതിന് മുമ്പെ കണ്ണ് തുറന്ന് പ്രവറ്ത്തിക്കുകയാണ് വേണ്ടത്.

വാഹനാപകടത്തില്‍ പെട്ട തെറ്റുകാരായ എല്ലാ ഡ്രൈവറുമാറ്ക്കും കറ്ശന ശിക്ഷ കൊടുക്കണം. അവരുടെ ലൈസന്‍സും റദ്ദാക്കണം. ഓടിക്കാന്‍ അറിയാത്തവറ് പിന്‍ നിരയില്‍ ഇരിക്കട്ടെ. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ലംഘിച്ച് ഭരണം തെറ്റായ ദിശയില്‍ ഓടിക്കുന്ന് രാഷ്ട്രിയ പാറ്ട്ടികള്‍ക്കും ഇത് ബാധകമാക്കണം.

1 comment:

ഇആര്‍സി - (ERC) said...

നഗരത്തില് വന്യജീവികള്