Wednesday, October 1, 2008

ബൂലോഗ കള്ളന്‍

ബൂലോഗ കോടതിയില്‍ ഭൂമിമലയാളത്തിലെ സകലമാന ബൂലോഗരും ബൂലോഗനിരീക്ഷകരും തിങ്ങി നിറഞ്ഞ് നില്ക്കുകയാണ്.
ഇവര്‍ക്കിടയില് ഒരു കൃശഗാത്രന്‍ പാവത്താനപ്പോലെ പേടിച്ചരണ്ട് രക്ഷിക്കണേ എന്ന് പറഞ്ഞ് കൈകൂപ്പി തൂങ്ങി നില്‍ക്കുന്നുണ്ടു.
ബലിഷ്ടകരമായ നാലഞ്ച് കരങ്ങള്‍ അവനറെ കോളറില്‍ പിടുത്തമിട്ടിരിക്കുന്നു. അറക്കാന്‍ വിധിക്കപ്പെട്ട കോഴിയെപ്പോലെ.
ഇടിനാദം മുഴങ്ങി.
നിശബ്ദത പടര്‍ന്നു.
കോടതി തുടങ്ങി.
ബൂലോഗനിരീക്ഷകര്‍ വിസ്താരം ആരംഭിച്ചു.
“ ഈ കള്ളന്‍, ബൂലോഗ കള്ളന്‍ ബ്ലോഗിലെ കൃതികള്‍ അടിച്ച് മാറ്റി സ്വന്തം പേരില്‍ അടിച്ച് പണവും പ്രശസ്തിയും നേടി”
കള്ളന്‍: ഞാനത് നിഷേധിക്കുന്നു.
ബൂലോഗനിരീക്ഷകര്‍: കള്ളന്മാര്‍ അത് എന്നും നിഷേധിച്ചിട്ടെ ഉള്ളു.
കള്ളന്‍: ബഹുമാനപ്പെട്ട കോടതി ദയവായി ഞാന്‍ പറയുന്നത് കേള്‍ക്കണം
കോടതി: അനുവദിച്ചിരിക്കുന്നു, നിങ്ങള്‍ക്ക് തുടരാം.
കള്ളന്‍: ബഹുമാനപ്പെട്ട കോടതി ഈ ഭാഗം പ്രത്യേകം രേഖപ്പെടുത്തണമെന്ന് ഞാന്‍ വിനീതമായി അപേക്ഷിക്കുന്നു. ഭൂമിമലായളത്തിലെ വെറും അമ്പത്താറ് അക്ഷരങ്ങള്‍, വെറും അമ്പത്താറ് അക്ഷരങ്ങളും നിഘണ്ടുവിലെ അല്ലറ ചില്ലറ കുറച്ച് വാക്കുകളും ചേര്‍ത്ത് ഞാനെന്ത്ങ്കിലും എഴുതിയതിനാണ് ഇവരെന്നെ പെരുംകള്ളനെന്ന് വിളിച്ചത്. ഇവര്‍ പെരുംകള്ളനെന്ന് എന്നെ വിളിച്ചത്
കള്ളന്‍ കണ്ണീര്‍ വരുത്തി കണ്ണ് തുടച്ച് മൂക്ക് പിഴിഞ്ഞ് അടുത്ത് നിന്ന ബൂലോഗരുടെ മുണ്ടില്‍ തുടച്ചു. പിന്നെ വാവിട്ട് നിലവിളിച്ചു.
ബൂലോഗര്‍ അന്തം വിട്ടു
കോടതിയില്‍ പവര്‍ കട്ട്.
നിശബ്ദതയില്‍ അന്ധകാരം കലങ്ങി.
.ഇതെന്ത് കഥ? ഇതിനെന്ത് മറുപടി?
അന്തം വിട്ടു കിട്ടിയ ചാന്‍സില്‍ കള്ളന്‍ ഒന്നുകൂടി ഉഷാറായി. മുഖം തുടച്ച്, വീണ്ടും കരഞ്ഞ് പിഴിഞ്ഞ് പറയാന്‍ തുടങ്ങി.
“ഇങ്ങനെ പറഞ്ഞാല്‍ ഇവിടെ എന്നെക്കാള്‍ വലിയ തസ്കരന്മാര്‍ ഉണ്ട്. എന്നിട്ടാണ് എന്നെ മാത്രം ഇങ്ങനെ പീഢിപ്പിക്കുന്നത്.”
കള്ളന്‍ മോങ്ങി മോങ്ങി കരഞ്ഞു.
കള്ളന്‍: ഇന്ന് ഏറ്റവും കൂടുതല്‍ വായനക്കാരുള്ള ഒരു ബ്ലോഗാണ് എന്റ്റെത്. ലക്ഷക്കണക്കിന് ആളുകള്‍ നിരന്തരം വായിക്കുന്ന ഒരു ബ്ലോഗാണ് എന്റ്റെത്.
ഇവര്‍ അസൂയ കൊണ്ടാണ് എനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്.
ബൂലോഗനിരീക്ഷകര്‍: അത് ഈ കള്ളന്റെ കഴിവ് കൊണ്ടല്ല. വിശ്വഭവാനെപ്പോലുള്ളവരുടെ കൃതികളുടെ ശക്തി കൊണ്ടാണ്.
കള്ളന്‍: രാമായണവും ഭാരതവും ബൈബിളും ഖുറാനും വരെ അടിച്ച് മാറ്റിയവരെ ഇവര്‍ അവാര്‍ഡും സ്വീകരണവും കൊടുത്ത് സല്‍ക്കരിച്ചു. മാധ്യമ മുത്തശിമാര്‍ പോലും ബൂലോഗത്തില്‍ കൈയ്യിട്ട് വാരുന്നു. എന്നിട്ട് എന്നെ മാത്രം പെരുംകള്ളനെന്ന് വിളിച്ചു. ഇതിനെക്കളും നല്ലത് ഈ കോടതി എന്നെ അങ്ങ് തൂക്കി കൊന്നു കളഞ്ഞേക്ക്. മതിയായി ഈ ബൂലോഗം.
(കള്ളന്‍ തോക്കില്‍ കയറി വെടി വെച്ചു.)
കള്ളന്‍: ബഹുമാനപ്പെട്ട കോടതി ദയവായി ഞാന്‍ പറയുന്നത് പച്ച സത്യമായി കരുതി എന്നെ വെറുതെ വിട്ടാല്‍ ബൂലോഗ അമ്പലപ്പള്ളിയില്‍ ഒരു നെയ്യ് മെഴുകുതിരി നേര്‍ച്ച ഒപ്പിക്കാം. പിന്നെ ഭണ്ഡാരത്തില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള എന്തെങ്കിലും ഉണ്ടെങ്കില്‍ അത് ഞാനെടുത്തോളാം.
ബൂലോഗനിരീക്ഷകര്‍: ഇതില്‍ നിന്നു തന്നെ മനസ്സിലാക്കാം ഇവനൊരു പഠിച്ച കള്ളനാണെന്ന്. വിശ്വഭവാന്റെ കൃതികളാണ് ഈ കള്ളന്‍ പ്രധാനമായും അടിച്ച് മാറ്റുന്നത്.
അതും പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം. അതിനുള്ള സകല തെളിവുകളും ഞങ്ങളുടെ കൈയ്യിലുണ്ടു. ബഹുമാനപ്പെട്ട കോടതിയ്ക്ക് അത് പരിശോധിക്കാം. ആയതിനാല്‍ ഈ കള്ളന്റെ കണ്ണ് കുത്തി പൊട്ടിച്ച് ആജീവനാന്ത അന്ധനാക്കണമെന്ന് ഞങ്ങള്‍ ശക്തിയുക്തം വാദിക്കുന്നു. കണ്ണുള്ളവര്‍ കാണട്ടെ കാതുള്ളവര്‍ കേള്‍ക്കട്ടെ. ഇനി ഇത് ആരും ആവര്‍ത്തിക്കാതിരിക്കാന്‍ ഇത്രയും കഠിനമായ ശിക്ഷ തന്നെ കൊടുക്കണമെന്ന് ഞങ്ങള്‍ വിനീതമായി അപേക്ഷിക്കുന്നു. കൂടുതല്‍ തെളിവുകള്‍ക്കായി വിശ്വഭവാനെ കോടതിക്ക് വിസ്തരിക്കാം.
കോടതി: വിശ്വഭവാന് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ കോടതിയില്‍ ബോധ്യപ്പെടുത്താം. ഇദ്ദേഹം നിങ്ങളുടെ കൃതികള്‍ മോഷ്ടിക്കുന്നതായി നിങ്ങള്‍ക്കറിയാമോ?
വിശ്വഭവാന്‍: അറിയില്ല. ഞാനത് അന്വേഷിക്കാന്‍ ശ്രമിച്ചിട്ടില്ല.
കള്ളന്‍: കണ്ടില്ലെ അദ്ദേഹത്തിന്‍ പോലും ഒന്നും അറിഞ്ഞുകൂടാ. വെറുതെ ഒരോന്ന് പറഞ്ഞ് പാവത്തിനെ അറിയിച്ച് വിഷമിപ്പിക്കണ്ട. ഇപ്പോള്‍ മനസ്സിലായില്ലെ ഞാന്‍ നിരപരാധിയാണെന്ന്. അതുകൊണ്ടു ഈ മര്യാദക്കാരനെ ദയവായി പോകാന്‍ അനുവദിച്ചാലും.
കോടതി: ധിക്കാരി. വായ അടക്കു.
കള്ളന്‍: ഞാനൊരു മര്യാദക്കാരനാണെ.
വിശ്വഭവാന്‍: ഞാന്‍ പണത്തിനോ പ്രശസ്തിക്കോ വേണ്ടിയല്ല എഴുതുന്നത്. എനിക്ക് ചില കാര്യങ്ങള്‍, ആശയങ്ങള്‍ പറയണമെന്ന് തോന്നുമ്പോള്‍ എഴുതുന്നു. പിന്നീട് അതിന് എന്ത് സംഭവിക്കുന്നുവെന്ന് ഞാന്‍ അന്വേഷിക്കാറില്ല. ആവശ്യമുള്ളവര്‍ക്ക് എടുക്കാം വേണ്ടാത്തവര്‍ക്ക് തിരസ്ക്കരിക്കാം. നേരത്തെ അദ്ദേഹം സൂചിപ്പിച്ചത് പോലെ അദ്ദേഹത്തിന്റെ ബ്ലോഗ് കൂടുതല്‍ ആളുകള്‍ വായിക്കുന്നുണ്ടെങ്കില്‍ എന്റെ ആശയങ്ങള്‍ കൂടുതല്‍ ആളുകളില്‍ എത്തുന്നുണ്ടെന്നാണല്ലോ. അതില്‍ ഞാന്‍ കൃതാര്‍ത്ഥനാണ്. അതു കൊണ്ടു തന്നെ അദ്ദേഹത്തിനോട് എനിക്ക് ഒരു വിരോധവുമില്ല. ഞാന്‍ നിമിത്തം അദ്ദേഹത്തിന് എന്തെങ്കിലും നേട്ടം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിലും ഞാന്‍ സന്തോഷിക്കുന്നു.
കോടതിയില്‍ നിഷേധ ആരവം ഉയര്‍ന്നു.
ഇതിനോട് ആര്‍ക്കും യോജിക്കാന്‍ പറ്റില്ല.
അങ്ങിങ്ങ് ഗ്രൂപ്പ് ചര്‍ച്ചകളും മര്‍മ്മരങ്ങളും കൊണ്ടു കോടതി നിറഞ്ഞു.
ഇടിനാദം മുഴങ്ങി.
കോടതി തീരുമാനത്തിനായി എല്ലാവരും കാത് കൂര്‍പ്പിച്ചു.
കോടതി: കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതി സാഹിത്യചോരണം എന്ന കുറ്റം ചെയ്തിട്ടുണ്ടെന്ന് നിസ്സംശയം കോടതിയ്ക്ക് തെളിഞ്ഞിരിക്കുന്നു. പക്ഷെ വിശ്വഭവാന് പ്രത്യേക പരാതിയില്ലാത്തതിനാല്‍ ഒരു ചെറിയ ശിക്ഷ കൊടുക്കാന്‍ കോടതി തീരുമാനിച്ചിരിക്കുന്നു. ചെയ്ത തെറ്റിന് നിര്‍വ്യാജം ഖേദം രേഖപ്പെടുത്തിക്കൊണ്ടു അദ്ദേഹത്തിന്റെ ബ്ലോഗില്‍ ഒരു ആയിരം പോസ്റ്റിടാന്‍ കോടതി ഇതിനാല്‍ വിധി പ്രസ്താവിക്കുന്നു.
അടുത്ത ദിവസം കള്ളന്റെ ബ്ലോഗില്‍ പോസ്റ്റ് വന്നു.
പ്രിയ ബൂലോഗരെ, എന്റെ ബ്ലോഗില്‍ വന്ന പോസ്റ്റുകള്‍ ആരുടെയെങ്കിലും ബ്ലോഗിലെ പോസ്റ്റുകളുമായി വല്ല സാമ്യവുമുണ്ടെങ്കില്‍ അതിന് ഞാന്‍ ഉത്തരവാദിയല്ല. ഇരട്ടക്കുട്ടികളെപ്പോലെ അല്ലെങ്കില്‍ ഒരേ ആശയം ഒന്നിലധികം പേര്‍ ഒന്നിച്ച് ചിന്തിക്കുന്നത് പോലെ ഇത് തികച്ചും നിര്‍ദോഷകരമാണ്. ഇനി അഥവ വല്ല സാമ്യവുമുണ്ടെങ്കില്‍ ഞാന്‍ നിര്‍വ്യാജം ആയിരം തവണ ഖേദം പ്രകടിപ്പിക്കുന്നു. സ്വകാര്യമായി ഒരു കാര്യം അറിയക്കട്ടെ ബൂലോഗത്ത് കുറെ കള്ളന്മാര്‍ ഇറങ്ങിയിട്ടിണ്ടു. അതു കൊണ്ടു ബൂലോഗര്‍ ജാഗ്രതൈ.

4 comments:

ഇആര്‍സി - (ERC) said...

ജാഗ്രതൈ, ബൂലോഗകള്ളന്മാരെ സൂക്ഷിക്കുക.

smitha adharsh said...

ഖേദപ്രകടനം ഗംഭീരമായി.പോസ്റ്റും..

ഏറനാടന്‍ said...

:)

ഇആര്‍സി - (ERC) said...

സ്മിതാ ആദറ്ഷ്,ഏറനാടന്‍,അനൂപ്

നന്ദി, വീണ്ടും വരുക