Friday, March 30, 2012

വിദ്വേഷക്കരിമ്പടം



ഇന്നലെവരെ തോളത്ത് കൈയിട്ട് ചിരിച്ച് നടന്ന് പോയ ആൾ ഇന്ന് രാവിലെ വന്ന് പരസ്യമായി തെറി പറയുക എന്ന് വെച്ചാൽ, അതും രക്തബന്ധമുള്ള സഹോദരനുമായിട്ട്. ഒന്നുകിൽ അവർക്ക് ഭ്രാന്താണ് അല്ലെൻകിൽ ആസൂത്രിതമായ ഒരു ഗൂഢപദ്ധതി അതിന്റെ പിറകിൽ കാണും.‌


ഇത്തരമൊരു സ്വഭാവമാറ്റം എല്ലാവർക്കും സഹിക്കാൻ കഴിഞ്ഞെന്ന് വരില്ല.ചിലർക്ക് മരിക്കുന്നത് വരെ മറക്കാൻ കഴിയാത്ത ഒരു ഷോക്കായി ഹൃദയത്തിൽ പതിഞ്ഞ് കിടക്കും. ചിലരിലത് വെറുപ്പും ദേഷ്യവും കൊണ്ട് പകയായി മാറും. കുടുംബ്ബത്തിലാരെൻകിലും  ഇങ്ങനെ അകാരണമായി  (അല്ല കാരണമുണ്ടെന്ന് തന്നെ വെച്ചോ) ജനമധ്യേ അട്ടഹസിക്കുമ്പോൾ അത് കുടുംബ്ബത്തിനുണ്ടാക്കുന്ന മാനഹാനി എത്രവലുതായിരിക്കുമെന്ന് കുടുംബ്ബത്തിലെ വിവരവും വിവേകവുമുള്ള തലമുതിർന്നവർ കണ്ടെത്തി അത് പരിഹരിക്കേണ്ടതാണ്. അതുണ്ടാകുന്നില്ലെൻകിൽ സംഘടിതാസൂത്രിത ഗൂഢാലോചനയുടെ മറനീക്കിയുള്ള കത്തിവേഷം കണ്ട് ഞെട്ടി പോകുകയെ നിവൃത്തിയുള്ളു.

ആരെ വിശ്വസിക്കും അരയിൽ കിടക്കുന്ന അരഞ്ഞാണം സർപ്പമായി വിടർന്നാടുമ്പോൾ. അടുത്തിരുന്ന് കുശലം പറഞ്ഞുകൊണ്ടിരിക്കെ പൊടുന്നനെ ദംഷ്ട്രകൾ നീട്ടി രക്തം കുടിക്കാൻ വരുമ്പോൾ...എന്ത് പറ്റി ഈ മനുഷ്യർക്ക്. ഇവർക്കൊന്നും സൌഹാർദ്ദജീവിതം വേണ്ടെ?

എപ്പോഴും അടികൂടി കണക്ക് പറഞ്ഞ് ജീവിക്കാൻ. അല്ല ഇവർക്കെന്തെൻകിലും നേട്ടമുണ്ടോ ഇങ്ങനെയൊക്ക ചെയ്യുന്നത് കൊണ്ട്.

കനകം മൂലം കാമിനി മൂലം കലഹം ഉലകിൽ സുലഭം എന്ന് കേട്ടിട്ടുണ്ടു. അപ്പോൾ അടിസ്ഥാനപരമായ പ്രശ്നം സമ്പത്താണ്.
അതാണാളുകളെ പലവിധവേഷം കെട്ടിക്കുന്നതും തമ്മിലടിപ്പിക്കുന്നതും.

നേതാക്കന്മാരുടെ കുതന്ത്രങ്ങൾക്കും കുപ്രചരണങ്ങൾക്കും അന്ധമായി ഓശാന പാടുന്നത് അന്തിക്ക് കിട്ടുന്ന എല്ലിൻ കഷണങ്ങൾക്ക് വേണ്ടിയാണ്. നേതാവിന്റെ അഹന്തയ്ക്കും തന്നിഷ്ടത്തിനും ഏറ്റവും കൂടുതൽ ഏലുലയ്യ പാടുന്നവന് കൂടുതൽ എല്ലുകൾ കിട്ടും. നട്ടുച്ചയ്ക്ക് ഇരുട്ടാണെന്ന് പറഞ്ഞാൽ ചൂട്ട് കത്തിക്കാനും മടിയില്ല ഈ അവസരവാദികൾക്ക്.

ചിലർ ഇങ്ങനെയാണ് മേല്പറഞ്ഞ നേതാക്കന്മാരെ പോലെ. അവരുടെ ഇംഗിതത്തിനും   താല്പര്യത്തിനും തുള്ളുന്നവരെ മാത്രം മതി, അല്ലെങ്കിൽ വീടിനും നാടിനും പുറത്ത്.

വാക്കുകൾ കൊണ്ട് നിസ്സാരമായി തീർക്കാനാകുന്ന വിഷയങ്ങൾ വാളെടുത്ത് വഷളാക്കി കളയും ചില ഭദ്രകാളികൾ.

പണ്ട് കൊടുത്ത തകരപാത്രത്തിന്റെ കണക്ക് വരെ പറയും ചില വിദ്വാന്മാർ. സ്വന്തം കൂടപ്പിറപ്പ് തന്ന സ്നേഹത്തിന്റേയും സഹായത്തിന്റേയും വില എങ്ങനെ കൂട്ടുമെന്ന് ഏത് സ്കൂളിൽ ചെന്നാണവർ പഠിക്കുക.

ജനനമരണ മധ്യേ വൃഥാ തമ്മിലടിച്ചു നടക്കുന്നതെന്തെ വിഭോ...

പണവും ദുരമൂത്ത അധികാരവും അല്ല ശാന്തിയും മനസ്സമാധാനവും നിറഞ്ഞ സ്നേഹക്കനിയാണ് ജീവിതമെന്ന് ചിലരറിയുന്നത് മരണക്കിടയ്ക്കയിൽ കിടക്കുമ്പോഴാണ്. ഹാ കഷ്ടം.. അവർക്ക് വൈകി വന്ന വിവരം കൊണ്ടെന്ത് നേട്ടം.

കാട്ടാളനൊരു വാല്മീകിയാകാമെൻകിൽ, സാധരണമനുഷ്യന് വിദ്വേഷത്തിന്റെ കറ കഴുകി കളഞ്ഞ് സല്ഗുണസമ്പന്നനാകാൻ ഒരു രാമൻ വരേണ്ടാവശ്യമൊന്നുമില്ല.

കഠിനഹൃദയർക്കത് കഴിഞ്ഞെന്ന് വരില്ല, അത് അവരുടെ മരണത്തിന്റെ കൂടെ നരകത്തിലേക്ക് പോകുകയെ നിവൃത്തിയുള്ളു. ദൈവത്തിനുപോലും ഒന്നും ചെയ്യാൻ കഴിയില്ല.ആറടിമണ്ണിലൊടുങ്ങുമ്പോൾ സ്വവസ്ത്രം പോലും എടുക്കാൻ കഴിയില്ലെന്ന് അവർക്കറിയില്ലെന്നുണ്ടോ.
ഇത്തരം ആളുകളിൽ നിന്ന് അകന്ന് നില്ക്കുന്നതാണ് ബുദ്ധി. അല്ലെൻകിൽ അവർ മുട്ടിന് മുട്ടിന് പാര വെച്ച് ജീവിതം കുളമാക്കികളയും.

നല്ല മനുഷ്യർ സ്നേഹനിർഭരരായി ആനന്ദപുളകിതരായി ജിവിതമാകുന്നമൃതം നുണഞ്ഞുല്ലസിക്കട്ടെ. ആ സ്നേഹോദ്യാനത്തിൽ ബന്ധുമിത്രാദികൾ പാരിജാതങ്ങളാകട്ടെ.

ലോകാസമസ്താ സുഖിനോ ഭവന്തു.

1 comment:

ഇആര്‍സി - (ERC) said...

നല്ല മനുഷ്യർ സ്നേഹനിർഭരരായി ആനന്ദപുളകിതരായി ജിവിതമാകുന്നമൃതം നുണഞ്ഞുല്ലസിക്കട്ടെ. ആ സ്നേഹോദ്യാനത്തിൽ ബന്ധുമിത്രാദികൾ പാരിജാതങ്ങളാകട്ടെ