Tuesday, January 31, 2012

കുറുവെടി – 8

അഴീക്കോടിന്റെ അനുശോചനയോഗത്തില്‍ രാഷ്ട്രീയക്കാരുടെ തിക്കും തിരക്കും. സാംസ്ക്കാരിക പ്രവര്ത്തകരും, ആത്മവിദ്യാസംഘക്കാരും,ഗാന്ധിയന്മാരും പുറത്ത്.

കുറുവെടി : രാഷ്ട്രീയക്കാര്‍‍ക്കാണല്ലോ അഴീക്കോടിന്റെ നാവ് വേണ്ടത്.അഴീക്കോട് ആരാ മോന്‍ രാഷ്ട്രീയസാംസ്ക്കാരികസിങ്കമല്ലേ....
 


Monday, January 30, 2012

കുറുവെടി – 7


തിരുകേശം കത്തിച്ച് പ്രവാചകന്റേത് തന്നെയാണോയെന്ന് ഉറപ്പ് വരുത്തണമെന്ന് കാന്തപുരത്തിന്റെ എതിര്‍വിഭാഗം.

കുറുവെടി : എന്റെ അള്ളോ.. ഇങ്ങനെ പോയാല്‍ കാന്തപുരത്തിന്റെ ദൈവവിശ്വാസം പരിശോധിക്കാന്‍ കാന്തപുരത്തെ കത്തിച്ച് നോക്കാമെന്ന് പറയുമല്ലോ. പണ്ഡിതന്മാര്‍ ഇതും പറയും ഇതിലപ്പുറവും പറയും. കാന്തപുരം ഭായി നിങ്ങള്‍ 40 കോടിയുടെ പള്ളി പണിയ്. അപ്പോ കാണാം ഇവറ്റകള്‍ മുട്ടിലിഴഞ്ഞ് വരും തിരുകേശം കാണാന്‍ ഹല്ല പിന്നെ….

40 കോടിന്റെ പള്ളീല്‍ തിരുകേശം ബെക്ക് ന്ന് അപ്പം ബരും ലച്ചം ലച്ചം പിന്നാലെ കോടിയും ബരും.

ബറതല്ല പണ്ടൊരു ചങ്ങായി പറഞ്ഞത് മതം മനുസനെ മയക്കുന്ന കറുപ്പാണെന്ന്.


Sunday, January 29, 2012

വീട്ടിലെ വയോധികരെങ്ങോട്ട് പോകും?


പെന്‍ഷനായി
ചാരുകസേരയിലിരുപ്പായി.
നനച്ച ചെടികള്‍
മാനം മുട്ടെ വളര്‍ന്നു.
ശിഖരങ്ങളില്‍ കണ്ണെത്താതായി.
മക്കളെല്ലാം ഉയരങ്ങളിലായി.
താഴേക്ക് നോക്കാന്‍നേരമില്ലവര്‍ക്ക്.
തിരക്കാണ്‍, ജീവിതം ഹൈടെക്കായി.
പെന്‍ഷന്‍ തുഛമത്രെ, ജീവിതം ഹൈടെക്കാക്കാന്‍.
മിണ്ടരുത് നുണ പറയരുത്,
കണക്ക് ചോദിക്കരുത്,
കടപ്പാടുകളോര്‍മ്മിപ്പിക്കാതെ.
അഭിപ്രായങ്ങള്‍ അലോസരങ്ങളായി.
താരാട്ടിനായിയുയറ്ന്ന കരങ്ങളിന്ന്
ചുക്കിചുളിഞ്ഞ് കരിഞ്ഞ വിറകിന്‍ കൊള്ളിയായി.
ഇടറുന്ന പതറുന്ന കരചരണങ്ങളില്‍
തൈലങ്ങളെത്താതായി.
മാന്യമാര്‍ വരുമ്പോള്‍
അപശകുനങ്ങളായി
വരാന്തയില്‍ നിരങ്ങരുത്.
മൂലയില്‍ അമ്മിക്കല്ലായി
ഒടുക്കുക ജീവിതം.
വിധിയിത് ജീവിതമിത് വിലാപസങ്കടഏകാന്തനാളിത്.
വീട്ടിലെ വയോധികരെങ്ങോട്ട് പോകും?

പറയുവാനെന്തൊക്കയോ ഉണ്ട്
കേള്‍ക്കുവാനാരുമില്ലൊട്ടുതാനും.
വിധിയിത് ജീവിതമിത് വിലാപസങ്കടഏകാന്തനാളിത്.
വീട്ടിലെ വയോധികരെങ്ങോട്ട് പോകും?


Play Audio

Sunday, January 22, 2012

വീട്ടിലെ കുട്ടികളെങ്ങോട്ട് പോകും?


കരഞ്ഞാലമ്മ തല്ലും.
ചിരിച്ചാലഛന്‍ തല്ലും.
കൂട്ടുകാരോടൊത്ത് കളിച്ചാല്‍
അമ്മയോതും പരാതിയില്‍
അഛന്‍ ചൂരല്‍ കഷായം പൂശും
ചന്തിയില്‍ പത്തില്‍ കുറഞ്ഞിടാതെ.
 
മാര്‍ക്ക് കുറഞ്ഞാല്‍
ടീച്ചറമ്മയും അഛന്‍മാഷും
ഞെക്കി ഞെക്കി തീര്‍ക്കും പാതി ജീവനെ.

ഗൃഹപാഠം തീര്‍ക്കണം
അടുക്കളപണി നോക്കണം
പശുവിന്പുല്ല് കൊടുക്കണം
ചാണകമണമേറും ഉടുപ്പുമായോടണം
അവസാനബസ്സില്‍അവസാന മണിയടിക്കുമുമ്പെ
സ്കൂളില്‍മിസ്സിന്റെ ദുര്‍മുഖം കാണാതെ.

അനങ്ങരുത്,അങ്ങോട്ടുമിങ്ങോട്ടും നോക്കരുത്
ആരോടും മിണ്ടരുത്.
തെറ്റിയാല്‍ തല ഭിത്തിയിലിടിച്ചാക്രോശിക്കും
സൃഷ്ടികര്‍ത്താവാം താതന്‍‍.
പിളര്‍ന്ന ചൂരല്‍വടിയില്‍
ഇറ്റ് വീഴുന്നു ചോര 
തുടയരികിലൂടെ
ഹൃദയരേഖയിലൂടെ.
വിധിയിത് ജീവിതമിത് ലക്ഷമണരേഖാവൃത്തമിത്.
വീട്ടിലെ കുട്ടികളെങ്ങോട്ട് പോകും?

ഞാനാണധിപന്‍എന്നുമെന്നെന്റെ അവസാനം വരെ
നിങ്ങളെന്നും കീടങ്ങളെന്റെ അടിമകള്‍‍.
കല്ലെപിളര്‍ക്കുന്ന താതന്റെ ശാസന കേട്ടു
തകരുന്നു തരളിത ഹൃദയം.
വിധിയിത് ജീവിതമിത് ലക്ഷമണരേഖാവൃത്തമിത്.
വീട്ടിലെ കുട്ടികളെങ്ങോട്ട് പോകും?
Play Audio

Monday, January 16, 2012

കുറുവെടി – 6

ഭൂമി കിട്ടിയ സോമന്‍ വീ എസ്സിന്റെ ബന്ധുവാണോ എന്ന ചോദ്യത്തിന് വീ എസ്സ് ഉത്തരം
പറയണമെന്ന് ഉമ്മന്‍ച്ചാണ്ടി.

സോമന്‍ എന്റെ ബന്ധുവാണെന്ന് പറഞ്ഞ വീ എസ്സ് ഉമ്മന്‍ച്ചാണ്ടിയുടെ രണ്ട് ചോദ്യത്തിനെതിരെ
ഏഴ് ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തു.

കുറുവെടി : മന്ത്രിമാരുടെ ബന്ധുക്കളാരുങ്കിലും സര്ക്കാര് ജീവനക്കാരായി ഉണ്ടെങ്കില്‍ രാത്രിയ്ക്ക്
രാമാനം രാജി വെച്ച് പോയേക്കണം അല്ലെങ്കില്‍ മന്ത്രിക്ക് പണി കിട്ടും. ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങളോ സൌജന്യങ്ങളോ കിട്ടിയിട്ടുണ്ടെങ്കില്‍ മുന്‍മന്ത്രിമാരും ജയിലില്‍ പോകേണ്ടി
വരും മോനെ….അതു കൊണ്ടു രേഖകളൊക്കെ തുപ്പല് തൊട്ട് വേഗം മായിച്ചേക്ക്. എന്റെള്ളോ
എന്തൊരു പൊല്ലാപ്പ്.


ഈ ജനാധിപത്യരാജ്യത്ത് എല്ലാവരേയും സഹായിക്കാന് പറ്റാത്തത്കൊണ്ട് ആദ്യം ബന്ധുക്കളെയെങ്കിലും


സഹായിച്ച് തുടങ്ങാന്ന് വെച്ചാല്‍ അത് പാടില്ലാപോലും. എന്തെ ബന്ധുക്കളൊന്നും ജനത്തില്‍പ്പെട്ടതല്ലെ.. ഏ… ഇതെന്തൂട്ട് ജനാധിപത്യം…


കുറുവെടി-5

കുട്ടിക്കാലം

ഞങ്ങള്‍ക്ക് ഒരു കുട്ടിക്കാലം ഉണ്ടായിരുന്നു.
പിന്നെ
ഞങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടായി.
ഞങ്ങളുടെ കുട്ടികള്‍ക്കും കുട്ടികള്‍ ഉണ്ടായി.
പേരക്കിടാങ്ങള്ക്കൊപ്പം വീണ്ടും
ഞങ്ങള്‍ക്ക് ഒരു കുട്ടിക്കാലം ഉണ്ടായി.


ഞങ്ങള്‍ പണിത മണ്‍ വീട്
പേരക്കിടാങ്ങളുടെ അഛന്‍ തട്ടി തകര്‍ത്തപ്പോള്‍
ഞങ്ങള്‍ നിസ്സഹരായി പേരക്കിടാങ്ങള്ക്കൊപ്പം
കണ്ണീര്‍ വാര്‍ത്തു.
പിന്നെ പേരക്കിടാങ്ങളുടെ ചെവിയില്‍ മെല്ലെയോതി
നിങ്ങളുടെ അച്ചന്റെ വീട് നിങ്ങളും തകറ്ക്കില്ലെ?


പുതിയ വീടിന്റെ അകത്തളങ്ങളില്‍
മിനുസമേറിയ പ്രതലങ്ങളിലല്‍
ഞങ്ങളും കുട്ടികളും തെന്നി വീണു.
ഭിത്തികളില്‍ ചെന്നിടിച്ചു.
പല്ലില്ല മോണ കാട്ടി പരസ്പരം സാന്ത്വനിപ്പിച്ചു.
പരിഷ്ക്കാരത്തിനൊത്ത് ചുവട് വെക്കാനറിയാതെ
കാലിടറി.


മുറിയും ഭിത്തിയും വൃത്തികേടാക്കിയതിന്
ശകാരിച്ച് ഞങ്ങളെ മുറിയിലൊതുക്കി.
ഭക്ഷണവും മരുന്നും കിളിവാതിലില്‍ തന്നു.


പുറം ലോകം കാണാന്‍ ടീവി ഉണ്ടല്ലോ കൂട്ടിന്.
കാറ്ട്ടൂണ്‍ ചിത്രങ്ങളില്‍ വിരുന്നുകാരെത്തി
രാത്രിയോളം.


വലിയ വീടിന്റെ കുടുസ്മുറിയിലെ
ഗര്‍ഭപാത്രത്തില്‍ ഞങ്ങളുറങ്ങി.
വീണ്ടുമൊരു കുട്ടിക്കാലത്തിനായി.

Thursday, January 12, 2012

കുറുവെടി – 5

കൊച്ചിമെട്രോ പ്രശ്നം തീര്‍ന്നു. ശ്രീധരന്‍ പറഞ്ഞപ്പോള്‍ എല്ലാം മനസ്സിലായി-
ആഗോളടെണ്ടര്‍ വിളിക്കാതെ തന്നെ ജപ്പാന്‍ കമ്പനി കടം തരുമെന്ന് ഇന്നലെ വരെ ഞങ്ങള്ക്ക് അറിയില്ലായിരുന്ന്നു. ഇപ്പോള്‍ ശ്രീധരന്‍ പറഞ്ഞപ്പോളാണത് മനസ്സിലായത്.
- (ഉമ്മന്‍ച്ചാണ്ടിയും ആര്യാടനും കൂട്ടരും.)

കുറുവെടി – : ശ്രീധരന്‍ നേരത്തെ മലയാളത്തില്‍ പറഞ്ഞപ്പോള്‍ മനസ്സിലായില്ല. ഇപ്പോ നല്ല പച്ച
ഇംഗ്ലീഷില്‍ പറഞ്ഞപ്പോളാണ് സംഗതി നെരിനെരിപ്പായി പുടി കിട്ടിയത്. അതാ ഞമ്മള് മുമ്പെ പറഞ്ഞത് ഓന്റെ വാക്കാണ് ഒടുക്കത്ത വാക്ക്. അമ്മാണെ സത്യം നേരത്തെ ചില കാര്യങ്ങള് മനസ്സിലായിട്ടില്ല.
അതല്ലെ  പറഞ്ഞത് ഇതിനൊക്കെ ചില നടപടിക്രമങ്ങളുണ്ടെന്ന് ഏത് സംഗതി തിരിഞ്ഞാ…അതന്നെ.ചില നേരങ്ങളില്‍ ചില മനുഷ്യര്‍ ഇങ്ങനെയാണ്…..



ഇനിയും മനസ്സിലായിട്ടില്ലെങ്കില് മനസ്സിലാവണമെങ്കില്…. മനസ്സിലായത് മനസ്സിലായിട്ടില്ലെങ്കില്….

ഏതായാലും ഉമ്മന് ച്ചാണ്ടിയും ആര്യാടനും ഒന്നു കുളിച്ചിട്ട് വരുന്നതാണ് നല്ലത്.

കുറച്ചു ദിവസമായി ചീഞ്ഞ് നാറുന്നതിന്റെ നാറ്റം ഒന്നു പോയി കിട്ടും.


കുറുവെടി 1
കുറുവെടി 2
കുറുവെടി 3
കുറുവെടി 4
 
 
 

കുറുവെടി – 4

മുഖ്യമന്ത്രിയായിരിക്കേ തന്റെ ബന്ധുവിന്‌ അനധികൃതമായി ഭൂമി നല്കി് അധികാര ദുരുവിനിയോഗം നടത്തിയ വി.എസ്‌ അച്യുതാനന്ദന്‍ പ്രതിപക്ഷ നേതൃസ്‌ഥാനം രാജിവയ്‌ക്കണമെന്ന്‌ കോണ്ഗ്ര സ്‌ വക്‌താവ്‌ എം.എം ഹസ്സന്‍. അഴിമതി വിരുദ്ധ പോരാട്ടത്തിലെ നായകന്‍ എന്ന വിഗ്രഹമാണ്‌ തകര്‍ന്നത്‌. നിരവധി അഴിമതി വിരുദ്ധ പോരാട്ടങ്ങള്ക്ക് ‌ നേതൃത്വം നല്കുന്ന വി.എസ് പൊതുപ്രവര്ത്തകന്‍ എന്ന നിലയില്‍ ധാര്മ്മി കതയുടെ അംശമുണ്ടെങ്കില്‍ പ്രതിപക്ഷ നേതൃസ്‌ഥാനം ഒഴിയണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു - പത്രവാര്‍ത്ത.

കുറുവെടി : ഒടുക്കും ഹസ്സന്‍ഭായി നിങ്ങളും സമ്മതിച്ചു വി.എസ്സ് അഴിമതി വിരുദ്ധ പോരാട്ടത്തിലെ നായകനാണെന്ന്. ഇപ്പല്ലെ തിരിഞ്ഞത് ഇങ്ങളും കുഞ്ഞാലിക്കുട്ടിക്ക് എതിരാന്ന്.

ഹസ്സന്‍ഭായിക്ക് സംഗതി മനസ്സിലായി. നിങ്ങള്‍ക്ക് എന്തെങ്കിലും പിടി കിട്ട്യോ?? എന്ത് രോ ആവോ



കുറുവെടി 1

കുറുവെടി 2
കുറുവെടി 3

കുറുവെടി – 3

മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ബന്ധുവിന് ഭൂമി നല്കികയ കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെ പ്രതിയാക്കി കേസെടുക്കാന്‍ വിജിലന്സ് അന്വേഷണസംഘം ശുപാര്ശ ചെയ്തു.

തല്‍ക്ഷണം വിവാദഭൂമിയില്‍ യൂത്ത് പ്രവര്ത്തകര്‍ കുടില്‍കെട്ടി സമരവും ആരംഭിച്ചു.
(പത്രവാര്‍ത്ത)

കുറുവെടി :ചേനക്കള്ളന്മാര്‍ക്കെതിരെ ആനക്കള്ളന്മാരുടെ സംഘടിത ധാര്‍മിക രോഷം.


 വലിയ കള്ളന്മാര് ഇങ്ങനെയൊന്നും പറഞ്ഞ് രക്ഷപ്പെടാന്‍ നോക്കണ്ട ജനങ്ങള്‍ താഴെ നിന്ന് എല്ലാം കാണുന്നുണ്ടു.ജാഗ്രത ഉടുതുണിയില്‍ കീറലുണ്ടു.
കുറുവെടി 1
കുറുവെടി 2


Tuesday, January 10, 2012

കുറുവെടി – 2

കൊച്ചി മെട്രോയുടെ കാര്യത്തില്‍ ശ്രീധരന്റെ വാക്കാണ് അവസാനവാക്ക് – ഉമ്മന്‍ചാണ്ടിയും കൂട്ടരും,

കുറുവെടി : മോനെ ചീരാ ആ വാക്കൊന്ന് പറ…ഞമ്മള് പറഞ്ഞ അതെ വാക്ക്. എന്നാല് അതന്നെ അവസാനവാക്ക്.

ഇന്ത്യയില് ജയിച്ച ശ്രീധരനെ കേരളത്തില് തോല്പിക്കാന് ചക്കരക്കുടം നക്കികളുടെ ശ്രമം.
കുറുവെടി-1

Monday, January 9, 2012

കുറുവെടി - 1

മുല്ലപ്പെരിയാര്‍ ഡാം നിര്‍മിച്ച ബ്രിട്ടീഷ് എന്ജിനീയര്‍ക്ക്‌ തമിഴ്‌നാട്‌ സ്‌മാരകം പണിയുന്നു –പത്രവാര്‍ത്ത.

കുറുവെടി : ഭീഷണിപ്പെടുത്തി അസംബദ്ധ കരാറുണ്ടാക്കിയ ബ്രിട്ടീഷ്കാരന് സ്‌മാരകം. ബ്രിട്ടീഷ്കാര്‍ പോയിട്ടും അതെ കരാറില് വെള്ളം കൊടുത്ത മലയാളിക്ക് ഭീഷണിയും തല്ലും പിന്നെ കൊലവിളിയും.


അന്നും ഇന്നും അതെ ഗുണ്ടായിസം

Saturday, January 7, 2012

അമ്പലത്തില്‍ കയറിയ യേശുദാസന്മാര്‍

യേശുവിന്‍‍ ദാസാ യേശുദാസാ
ദൈവത്തിന്‍ ദാസാ ദേവദാസാ
സരസ്വതി പുത്രാ ഗാന ഗന്ധറ്വ്വാ…
നിന്‍ രൂപം, നിന്‍ പുകഴ്
ബാലികേറാ മലയാക്കി ഉണ്ണിക്കണ്ണന്റെയിടം.
എന്നിട്ടും,,,,
ഗുരുവായൂരമ്പലനടയില്‍ നിന്‍ ഗാനസുധയിലുണരും,
കാണികാണും അമ്പാടിക്കണ്ണനെന്തെ നിന്നെ പുല്കാത്തത്!!!!
പൂന്താനത്തിന്‍ വിഭക്തിയിലലിഞ്ഞ കണ്ണനെന്തെ
നിന്‍ ഓടക്കുഴല്‍ വിളി കേള്ക്കാത്തത്????
ഗുരുവായൂരമ്പലത്തിലോ അല്ലെങ്കില്‍ മറ്റേതെങ്കിലും അമ്പലത്തിലോ അവിടെയെത്തുന്ന ഭക്തജനങ്ങളുടെ മതമോ ജാതിയോ കണ്ടുപിടിക്കുന്ന സുരക്ഷാസംവിധാനങ്ങളൊന്നും ഇതു വരെ കണ്ടുപിടിച്ചിട്ടില്ല. മതം മണത്ത് പിടിക്കാന്‍ പട്ടികള്ക്കും കഴിയില്ല.

പ്രശസ്തനാകുന്നതിന് മുമ്പ് യേശുദാസ് ഗുരുവായൂരമ്പലത്തില്‍ വന്നിരുന്നെങ്കില്‍ എന്ത് സംഭവിക്കുമാ യിരുന്നു? നീരാട്ട് കഴിഞ്ഞ് കണിയും കണ്ട് പ്രസാദവും തിന്ന് ഒരു പാട്ടും പാടി തിരിച്ചു പോകും അത്ര തന്നെ. അങ്ങനെ അപ്രശസ്തരായ എത്രയോ അന്യമതസ്ഥര്‍ ഇന്നും അമ്പലങ്ങളില്‍ കയറി പോകുന്നു. ഇത് കണ്ടുപിടിക്കാന്‍ ദൈവത്തിന് പോലും കഴിയില്ല. അല്ലെങ്കില്‍ ദൈവം എന്തിന് കണ്ടുപിടിക്കണം. എല്ലാ മതസ്ഥരും ദൈവസൃഷ്ടിയാകുമ്പോള്‍!!!!

എല്ലാ അമ്പല-പള്ളി-ചന്ദനക്കുട ഉത്സവങ്ങളിലും എല്ലാ ജനങ്ങളും പങ്കെടുക്കുന്നുണ്ടു. പിന്നയെന്തിനാണ് അഹിന്ദുക്കള്ക്ക് പ്രവേശനമില്ലെന്ന ബോറ്ഡ്!!! അന്യമതസ്ഥര്‍ ഉണ്ടാക്കിയ സാധനങ്ങള്‍ ശ്രീകോവിലിനുള്ളിലും പള്ളികളിലും ഉപയോഗിക്കുന്നതിന് ഒരു അയിത്തവുമില്ല. എന്നാല്‍ അവര്‍ ശുദ്ധിയായി ഭക്തിയോടെ അവിടെ എത്തിയാല്‍ അവര്‍ക്ക് വിലക്ക്. ഇത് ദൈവനിഷേധമല്ലാതെ മറ്റൊന്നുമല്ല. പിന്നയെന്തിനാണ് അഹിന്ദുക്കള്ക്ക് പ്രവേശനമില്ലെന്ന ബോറ്ഡ്!!!

ആരാധനാലയങ്ങള്‍ ‍എല്ലാ ജനങ്ങള്ക്കും വേണ്ടിയുള്ളതാണ്. അവിടെ അവര്‍ക്ക് ശാന്തി കിട്ടുന്നുവെങ്കില്‍ അവര്‍ സായൂജ്യമടയട്ടെ. അവിടെ കൊള്ളയടിക്കുന്ന അനാവശ്യ വഴിപാടുകള്‍ ഒഴിവാക്കുക. ദൈവം സാധാരണ ജനങ്ങളുടെ സാമ്പത്തിക പരാധീനത ആകാതിരിക്കട്ടെ. ആരാധനാലയങ്ങള്‍ ശാന്തിയുടെയും കലയുടെയും കേളീരംഗമാകട്ടെ.

തൂണിലും തുരുമ്പിലും ദൈവമുണ്ടെങ്കില്‍ യേശുദാസിലും യൂസഫലിയിലും കമലസുറയയ്യിലും ദൈവമുണ്ടു. പിന്നയെന്തിന് അവകാശ തറ്ക്കങ്ങള്‍??

തീവ്രവാദികള്‍ ആരാധനാലയങ്ങള്‍ വിട്ട് പോകുക.
ആരാധനാലയങ്ങളുടെ വാതില്‍ എല്ലാ ആളുകള്ക്കും മതഭേദമില്ലാതെ തുറന്ന് കിടക്കട്ടെ.

ലോകാ സമസ്താ സുഖിനോ ഭവന്തു.

===========================================================================



ഒരു ദിവസം യേശുദാസ് ഗോപകുമാരനെ കാണും....