Friday, December 26, 2014

മ.പ.


മതപരിവർത്തനം (മ.പ) ഒരു നല്ല ഏർപ്പാടാണ്. മൊത്തമായി മ.പ നടക്കുന്നത് പാവങ്ങൾക്കിടയിലാണ്. ചില്ലറയായി ധനവാന്മാരും മതം മാറ്റം നടത്താറുണ്ട്. ഒരു ഫാഷനായും.

സാമ്പത്തിക പ്രലോഭനവും ഉയർന്ന ജീവിതസാഹചര്യവും മ.പയുടെ ഒരു അട്രാക്-ഷനാണ്. ഒരു മതത്തിലെ സമ്പന്നന്മാർ അന്യ മതത്തിലെ പാവപ്പെട്ടവരെ പാലും തേനും കാണിച്ച് ആകർഷിപ്പിച്ച് കൊണ്ടു വരുന്ന ഒരു ഏർപ്പാടാണ് മ.പ. സോഷ്യലിസ്റ്റ് ചക്രവാളത്തിലേക്കുള്ള ചില പടികൾ എന്നും പറയാം.

 

ഒരു മനുഷ്യൻ തന്റെ ജീവിതകാലത്തിനിടയിൽ മിനിമം മൂന്ന് പ്രാവശ്യമെങ്കിലും  മ.പ ആചരിക്കണം. എന്നാലെ ജ് ഒരു ഇമ്മിണി വല്യ ഒരു മനുസനാകൂ..അപ്പോഴേക്കും എല്ലാ “മ” യിലേയും ഉള്ളുകള്ളികളും അന്ത:സത്തയും തിരിച്ചറിഞ്ഞ് അഹംബ്രഹ്മാസ്മിയാകും.

 

ഈ പ്രക്രിയകൾക്കിടയിൽ പണം കൈമാറി കൈമാറി ഒരേ ലവലിലാകും. എന്ന് വെച്ചാൽ എന്റേയും നിങ്ങളുടേയും കീശയുടെ നിരപ്പ് ഒരേ പോലെയാകുന്നതുവരെ മ.പ തുടരണം, അതിനെയാണ് നമ്മൾ സോഷ്യലിസം എന്നു വിളിക്കുക.

 കുറെ മതങ്ങൾ അങ്ങോട്ടുമിങ്ങോട്ടും മാറി കുഴഞ്ഞു മറിയുമ്പോൾ മതേതരത്വം എന്നൊരു സംഭവം ഉണ്ടാ‍കാം. അതൊരു സാധ്യതമാത്രമാണ്. അല്ലെങ്കിൽ മതമില്ലാത്ത ജീവനും ഉണ്ടാകാം.

എല്ലാം ദൈവത്തിന്റെ വികൃതികൾ എന്ന് നാസ്തികരും പറഞ്ഞുപോകും.

ദീപസ്തംഭം മഹാശ്ചര്യം.

Monday, December 8, 2014

ചുംബ്ബനകാലം


കാമുകന്റെ ചുണ്ട് കണ്ട്

കാമുകി അമ്പരന്നു.

ചുണ്ടുകൾ കാവിയും പച്ചയും കൊണ്ട്

പൊതിഞ്ഞു വീർത്തിരിക്കുന്നു.

 

രാത്രിയിൽ ചുംബ്ബിക്കാൻ

തുനിഞ്ഞ ഭർത്താവിന്റെ

ചുണ്ടില്ലാത്ത മുഖം കണ്ട്

ഭാര്യ നിലവിളിച്ചു.

 

പകൽ ചുണ്ടുകൾ

ദുരാചാരമായതുകൊണ്ട്

ഏതോ പാർട്ടിയാപ്പിസിൽ

സൂക്ഷിച്ച ചുണ്ടുകൾ

പരതിയെടുക്കാൻ മറന്നുപോയ

പാവം ഭർത്താവ്.

 

മാറ് മറച്ചവളുടെ

മുലയരിഞ്ഞ് നാട്ടിൽ

ചുംബ്ബിത ചുണ്ടുകളെ യെന്തു ചെയ്യും?

നാളെ കൈകോർക്കുന്നവരുടെ

ആൺപെൺ കൈകളെ വെറുതെ വിടാമോ!

സ്പർശനം ചുംബ്ബനത്തെക്കാൾ

അധിഘോര പാപം!!

 

പക്ഷികൾക്കും മൃഗങ്ങൾക്കും

ചുംബ്ബിക്കാനധികാരമുണ്ട്.

കാരണം അവർക്ക് മനുഷ്യരെ പോലെ

കുബുദ്ധിയും നിയമങ്ങളുമില്ല.