അടുത്ത കാലത്തൊന്നും ഒരു ക്വട്ടേഷനും കിട്ടാത്തത് കൊണ്ട് രാവും പകലും ഉറങ്ങല് തന്നെയാണ് പണി. അന്നും ഉച്ചക്ക് ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നതാണ് ഗുണ്ട രാജൻ.
ഉറക്കം അത്ര ശരിയാകുന്നില്ല. ഇടയ്ക്കിടെ ഒരു ഞെട്ടൽ. ആരൊക്കയോ അടക്കം പറയുന്നത് പോലെ. കരിയിലയിൽ ചവുട്ടി നടക്കുന്ന ശബ്ദം. ശൊ ഉറക്കം ശരിയാകുന്നില്ലല്ലോ. പിന്നെ അതു മതിയാക്കി കളയാമെന്ന് വിചാരിച്ച് പുറത്തേക്കിറങ്ങാൻ പാതി വാതിൽ തുറന്നപ്പോൾ ചാനൽ ക്യാമറകൾ വാ തുറന്ന് നിൽക്കുന്നു.
എന്റെ ക്വട്ടേഷൻപെരുമാളെ എനിക്ക് വല്ല അവാർഡും പ്രഖ്യാപിച്ചോ.
“എന്താ സാറെ വിശേഷങ്ങൾ” അടുത്ത് കിട്ടിയ ചാനൽ പയ്യനോട് ചോദിച്ചു.
“അണ്ണനറിഞ്ഞില്ലെ..” ചാനൽ പയ്യന്റെ മുഖത്ത് അതിശയം.
“ശോ ഞാനൊന്ന് ഉറങ്ങിപ്പോയി”
“അണ്ണൻ ഞങ്ങളുടെ ചാനൽ തുറന്ന് പാരണ്ണാ”
ഉടനെ അകത്ത് പോയി ടീവി തുറന്നു.
ബ്രെയ്ക്കിങ്ങ് ന്യൂസ്… കീചക വധത്തിൽ ഗുണ്ടാരാജനെ സംശയം.പോലീസ് ഉടനെ വീട്ടിലെത്തി രാജനെ അറസ്റ്റ് ചെയ്യാൻ പുറപ്പെട്ട് കഴിഞ്ഞു.
കണ്ടത് പാതി കേൾക്കാത്തത് പാതി രാജൻ ഓടാൻ പോയപ്പോൾ ചാനൽ പയ്യൻ തടഞ്ഞു.
“എന്താ അണ്ണായിത്. നമ്മളിത്രയും കഷ്ടപ്പെട്ട് ഇതെല്ലാം ഒരുക്കി വെച്ചിട്ട് അണ്ണനങ്ങ് പോയാലോ. ദേ പോലീസ് ഇപ്പോളെത്തും. ലൈവായിട്ട് ഇതൊന്ന് കാണിക്കണം. പ്ലീസ്..കൊലപാതകം ചേട്ടൻ ഞങ്ങളെ അറിയിക്കാണ്ട് ഒപ്പിച്ച് കളഞ്ഞു. കള്ളൻ.”
“നിങ്ങൾക്ക് വീണവായന എനിക്ക് ഗർഭവേദന എന്ന് പറഞ്ഞ്
ഗുണ്ടാരാജൻ വീടിന്റെ പിന്നാമ്പുറത്തെ മതിൽ ചാടി ഓടികളഞ്ഞു.
ബ്രെയ്ക്കിങ്ങ് ന്യൂസ്… ഗുണ്ടാരാജൻ മുങ്ങി. പോലീസ് വീട്ടിലെത്തുന്നതിന് തൊട്ട് മുമ്പാണ് അദ്ദേഹം പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടത്. പോലീസ് നാട്ടിലെങ്ങും വല വീശി രാജനെ പിടിക്കാൻ.
ഗുണ്ടാരാജൻ ഓടിപ്പിടിച്ച് ഒരു സുഹൃത്തിന്റെ വീട്ടിൽ അഭയം തേടി. സുഹൃത്ത് രാജനെ സമാധാനിപ്പിച്ച് വേണ്ടുന്ന സഹായങ്ങൾ ചെയ്യാമെന്ന് ഉറപ്പ് കൊടുത്തു. ഇവിടെ നിന്നെ തേടി ഒരാളും വരില്ല. തൽക്കാലം ഈ ടീവിയൊന്ന് കണ്ട് മനസ്സൊക്കയൊന്ന് ശാന്തമാക്ക്.
ബ്രെയ്ക്കിങ്ങ് ന്യൂസ്… ഗുണ്ടാരാജൻ അഭയം തേടിയ സുഹൃത്തിന്റെ വീട്ടിൽ നിമിഷങ്ങൾക്കകം പോലീസെത്തി റെയ്ഡ് നടത്തുന്നതാണ്.
സുഹൃത്ത് അന്തം വിട്ടുപോയി “ പാപി നീ എന്നേയും കുഴപ്പത്തിലാക്കും. ഓടിപോയ്ക്കോ എവിടെയെങ്കിലും വണ്ടി കയറി പോ”
കുറച്ചു കാശും വാങ്ങി ഗുണ്ടാരാജൻ റെയിൽവെ സ്റ്റേഷനിൽ ഇരച്ചെത്തി. തലയിൽ മുണ്ട് മൂടി ടിക്കറ്റ് വാങ്ങാൻ നിൽക്കുമ്പോൾ അടുത്ത് നിൽക്കുന്നവന്റെ എഫെം റേഡിയോവിൽ ഒരു അറിയിപ്പ് “ഗുണ്ടാരാജൻ നാട് വിട്ടുപോകാൻ സാധ്യതയുണ്ടെന്നും അതുകൊണ്ട് എല്ലാ റെയിൽവെ സ്റ്റേഷനിലും പോലീസ് ഊർജ്ജിതമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യാത്രക്കാർ ജാഗ്രതൈ”
ഗുണ്ടാരാജൻ മുണ്ട് വലിച്ചെറിഞ്ഞ് അടുത്ത് കണ്ട ടാക്സിയിൽ കയറി ഏയർപ്പോട്ടിലേക്ക് കുതിച്ചു. ഈ രാജ്യത്ത് നിന്നാൽ ശരിയാകില്ല.
ടിക്കറ്റ് ഓക്കെയാക്കി മുന്നോട്ട് നീങ്ങിയപ്പോൾ ഏയർപ്പോട്ടിലെ ടീവിയിൽ ഗുണ്ടാരാജന്റെ മുഖം തെളിയുന്നു. കണ്ണ് തിരുമ്പി ഒരിക്കൽ കൂടി നോക്കി. തന്നെ തന്റെ മുഖം തന്നെ. ഗുണ്ടാരാജനെതിരെ ലുക്കൊവ്ട്ട് നോട്ടീസ്.
ദൈവമെ ഗുണ്ടാരാജൻ സകല ദൈവങ്ങളേയും വിളിച്ചുപോയി. എന്റെയീശ്വരാ.. എനിക്കെവിടേയും രക്ഷയില്ലല്ലോ.
ഏയർപ്പോട്ടിൽ നിന്ന് ഉടനെ പുറത്ത് ചാടി നേരെ നടന്നു പോലീസ് സ്റ്റേഷനിലേക്ക്. മതി രണ്ടിലൊന്ന് തീരുമാനിച്ചിട്ട് തന്നെ കാര്യം. പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ പോലീസില്ല. എല്ലാ പോലീസും ഗുണ്ടാരാജനെ തപ്പാൻ പോയിരിക്കുന്നു. ഗുണ്ടാരാജൻ പോലീസിനേയും കാത്ത് അവിടെ ഇരുന്നു.
അന്ന് രാത്രി ഗുണ്ടാരാജൻ ശാന്തമായി ഉറങ്ങി പോലീസിനേയും ചാനലുകളേയും പേടിക്കാതെ.
രാവിലെ തപ്പിതളർന്ന് തിരിച്ചെത്തിയ പോലീസുകാർ ഗുണ്ടാരാജനെ കണ്ട് സന്തോഷിച്ചു.
“ഒടുക്കം നീ ഇവിടെയെത്തി. അല്ലെങ്കിലും ഞങ്ങളെ പറ്റിച്ചു എവിടെ പോകാനാ..”
ഗുണ്ടാരാജൻ പോലീസിന്റെ കാല് പിടിച്ചു കരഞ്ഞു. “സാറെ നിങ്ങളെന്നെ അറസ്റ്റ് ചെയ്തോളു. പക്ഷെ ഈ മാധ്യമങ്ങളിൽ നിന്നെന്നെ ഒന്നു രക്ഷിക്കണെ സാറെ..”
ബ്രെയ്ക്കിങ്ങ് ന്യൂസ്… ഗുണ്ടാരാജനെ പോലീസ് അതിവിദഗ്ദമായി ചമ്പൽക്കാട്ടിൽ വെച്ചു പിടികൂടി.