Sunday, December 28, 2008

ഇനിയെങ്ങിനെയോതും നവവത്സരാശംസകള്‍ !?!

എത്ര നവവത്സരങ്ങള്‍ കടന്ന് പോയി.
ഇനിയും വരും നവവത്സരങ്ങളെത്രയോ.
ഇനിയുമെന്ത് നവവത്സരാശംസകള്‍,
പറഞ്ഞു തേഞ്ഞ അതെ വാക്കുകള്‍
വീണ്ടും നവവത്സരാശംസകള്‍,
യുദ്ധം വേണ്ടേ വേണ്ടയെന്ന് ഇന്ത്യയും പാക്കിസ്ഥാനും
അനുരഞ്ജനമാണ് നല്ലതെന്നോതുമ്പോഴും
രക്തം ചീന്തുമ്പോള്‍ നുണയാന്നെത്തുന്ന കള്ളകുറുക്കന്മാറ്
യാങ്കിയും ചീനയും പിന്നാലെ താലിബാനും രക്തനടനമാടാനെത്തുന്നു.
ചന്ദ്രനിലെത്തുന്നു കൈകള്‍ മണ്ണ് മാന്താന്‍,
വാനിലേക്കുയരുന്നു ഭിക്ഷാപാത്രങ്ങള്‍ ഒരു പിടി അരിക്കായി.
കണ്ടില്ലെന്ന് നടിക്കല്ലെ താരകങ്ങളെ നിങ്ങളെങ്കിലും.
തൊഴിലാളിയെ അരിഞ്ഞുവീഴ്ത്തുന്ന രാഷ്ടീയം,
വിശ്വാസിയെ ഹോമിക്കുന്ന മതങ്ങളും.
ധോണിക്കും നയന്‍താരക്കുമമ്പലങ്ങള്‍,
വിഗ്രഹങ്ങള്‍ മിണ്ടരുതെന്നറിയാത്ത ദേവത
ഖുശ്ബുവിന് ചെരുപ്പേറ്, ഊര് വിലക്ക്.
പുതുവത്സാരാഘോഷങ്ങള്‍ കൊഴുക്കുന്നു
ചാനലുകളില്‍,ബീച്ചുകളില്‍,ക്ലബ്ബുകളില്‍.
സാമ്പത്തികമാന്ദ്യം,
പ്രവാസികള്‍ മടങ്ങുന്നു.
ചേരികള്‍ തേങ്ങുന്നു……..
തൊഴിലെവിടെ, അന്നമെവിടെ………
ഇനിയെങ്ങിനെ ചൊല്ലേണ്ടു നവവത്സരാശംസകള്‍?
എങ്കിലും ചൊല്ലാതെ വയ്യ,
നല്ല കാലം വരണം
മനുഷ്യറ്ക്ക് നല്ല വിചാരം വരണം
ലോകാ സംസ്താ സുഖിനോ ഭവന്തു.
ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍.

Thursday, December 18, 2008

കാമം അതിര്‍വരമ്പുകളില്ലാതെ….(അഭയാക്കേസിലെ യഥാര്‍ത്ഥ കുറ്റവാളികള്‍)

ഇരുട്ടില്‍ ഒരു ഈച്ച പോലും അറിയാതെ തിരുമേനി ദൈവത്തിന്റെ തിരുമണവാട്ടിയുമായി ബന്ധപ്പെടാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. അതിനിടയില്‍ അപശകുനം പോലെ ഒരു പാറ്റ കയറി വന്നാല്‍ എന്തു ചെയ്യും. ചതച്ചരച്ച് കൊല്ലും. അത് അഭയയായല്പോലും. അല്ലാതെ പറ്റുമോ. നിങ്ങള്‍ വിചാരിക്കുന്നത് പോലെ കാര്യം നിസ്സാരമാണോ.എന്തൊക്കെ സംരക്ഷിക്കണം തിരുമണവാട്ടിയുടെ ചാരിത്രം, തിരുമേനിയുടെ പൌരോഹിത്യം,സഭയുടെ മാനം,ലോകത്തിന്റെ നിലനില്‍പ്പ് അങ്ങനെ അങ്ങനെ എന്തെല്ലാം. അതിന് ഒരു കിളിന്ത് പെണ്ണിന്റെ നരബലി എത്ര നിസ്സാരം. കിട്ടാനുള്ളതോ വലിയൊരു അന്തപ്പുരവും. അധറ്മ സംസ്ഥാപനത്തിനായി നടത്തിയ അരുംകൊല.

കാമം ത്യജിച്ച് നിറ്ധനരായ മാതാപിതാക്കള്‍ക്ക് തണലേകാനും ദൈവത്തിന്റെ മണവാട്ടിയാകാനും നിറ്ബന്ധിതയായ ഒരു പാവം പെണ്‍കുട്ടിയെ കാമാറ്ത്തി പൂണ്ടവറ് അതിക്രൂരമായി നശിപ്പിച്ചത് ദൈവമെ നിന്റെ നാമം വാഴ്ത്തപ്പെടാനോ.
പിതാവെ ഈ പാപികള്‍ ചെയ്യുന്നതെല്ലാം നിന്റെ പേരിലും.
കൊന്നത് തിന്നാല്‍ പാപം തീരും, കൊന്നത് ആത്മഹത്യയാക്കിയാല്‍ പാപം തീരുമോ?
അല്‍ഫോന്‍സാമ്മയെ വാഴ്ത്തിയതും അഭയയെ പാതാളത്തിലേക്ക് താഴ്ത്തിയതും ഒരേ കരങ്ങള്‍ കൊണ്ടോ!
കുമ്പളങ്ങ കട്ടവന്‍ നര തപ്പുന്നത് പോലെ സഭ ഇരുട്ടില്‍ തപ്പുകയാണ്. സഭയുടെ ഒരു മണവാട്ടി കൊല്ലപ്പെട്ടപ്പോള്‍ കാണിക്കാത്ത ആത്മീയരോഷം അണപൊട്ടിയത് വൈദികന്മാറ് പ്രതികളായപ്പോള്‍. വൈദികന്മാരെ അറസ്റ്റ് ചെയ്തത് സഭയെ കരിവാരി തേക്കാനാണെന്ന് ആക്രോശിച്ചപ്പോള്‍ സാക്ഷികളെല്ലാം വൈദികന്മാരും, കന്യാസ്ത്രീകളുമാണെന്നത് സഭ കാണാതെപോയി.
ആത്മഹത്യയും മന:ശാസ്ത്രവും കൊണ്ടു ആദ്യമൊന്ന് കളിച്ച് നോക്കിയെങ്കിലും അത് വിലപ്പോവില്ലെന്ന് കണ്ടപ്പോള്‍ അടയ്ക്കാകള്ളനേയും മഠത്തിലെ സ്ഥിരംകക്ഷികളായ ധനിക പുത്രന്മാരേയും വെച്ച് ഒന്ന് പയറ്റി നോക്കി.
ആത്മഹത്യയല്ലാ എന്ന് അത്ര നിറ്ബ്ബന്ധമാണെങ്കില്‍ കൊലപാതകമാണെന്ന് സമ്മതിച്ചേക്കാം, കൊലപാതകമാണെങ്കില്‍ അത് മേല്‍പറഞ്ഞ രണ്ട് വിഭാഗക്കാറ്ക്കെ ചെയ്യാന്‍ കഴിയൂ. അതാരാണെന്ന് കണ്ടു പിടിക്കേണ്ടത് സിബിഐക്കാരുടെ പണി.
ആത്മഹത്യ ചെയ്തതിന്ശേഷം കൊലപാതകം ചെയ്തതാണോ, കൊലപാതകം ചെയ്തതിന്ശേഷം ആത്മഹത്യ ചെയ്തതാണോ അല്ല മാനസികരോഗം കൊണ്ട് ആത്മഹത്യ ചെയ്ത് കൊലപാതകം ചെയ്തതാണോ ശോ…ആകെപ്പാടെ കണ്‍ഫ്യൂഷനായല്ലോ. ഇടയലേഖനം പലാവറ്ത്തി വായിച്ച് നോക്കി ഇടത്തോട്ടും വലത്തോട്ടും വായിച്ച് നോക്കി ഒരു രക്ഷയുമില്ല, അതില്‍ അതിനെക്കാളേറെ ധാരണാപിശകുകള്‍. സത്യക്രിസ്താനികളെ ആകെ മൊത്തം ചുറ്റിക്കുന്ന എടങ്ങാറ് പിടിച്ച ഒരു ഏറ്പ്പാടായിപ്പോയി. ഈ സിബിഐക്കാരെ കൊണ്ടു തോറ്റു. ഇവര്‍ നൂറ് കണക്കിന് ഇടയലേഖനം ഇറക്കപ്പിക്കുമെന്നാണ് തോന്നുന്നത്. മുമ്പൊക്കെ ഇടയലേഖനം കേട്ട് കുഞ്ഞാടുകള്‍ മണിയും കുലുക്കി തെരുവിലേക്ക് അച്ചടക്കത്തോടെ ഇറങ്ങുമായിരുന്നു. ഇപ്പോ വന്ന് വന്ന് ഇടയലേഖനത്തിന്റെ ശക്തി കുറഞ്ഞു വരുന്നോ എന്നൊരു സംശയമില്ലാതില്ല. ഈ സിബിഐക്കാര്‍ ഇടയലേഖനത്തില്‍ ബുള്‍ഡോസറ് കയറ്റുമോ എന്നാണ് പേടി.
എന്തിനൊക്കെ ഇടയലേഖനം ഇറക്കണം.
മതത്തിന് ജീവനുണ്ടോ ഇല്ലയോ?
മത്തായി വിശ്വാസിയാണോ അല്ലയോ?
വീണ്ടും വിമോചന സമരം വേണോ വേണ്ടയോ?

സൂര്യന്‍ ഭൂമിയോ ചുറ്റുന്നോ അല്ല ഭൂമി സൂര്യനെ ചുറ്റുന്നോ ഇതിന്റെ സത്യാവസ്ഥ അടുത്ത കാലത്തല്ലെ കണ്ടുപിടിച്ച് സമറ്ത്ഥിച്ചത്. അത് തങ്ക ലിപികളില്‍ സഭയുടെ പുസ്ത്കത്തില്‍ എഴുതി ചേറ്ക്കുകയും ചെയ്തു. ആ സത്യം പുറത്ത് കൊണ്ടുവരാന്‍ എന്തൊക്കെ ചെയ്യേണ്ടി വന്നു. എത്ര പേരെ തുറുങ്കിലിലടച്ചു, എത്ര പേരുടെ കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചു. മേല്പറഞ്ഞ സത്യം കണ്ടുപിടിക്കാന്‍ നൂറ്റാണ്ടുകള്‍ എടുത്തില്ലെ. അല്‍ഫോന്‍സാമ്മയെ പോലും വാഴ്ത്തിയത് അമ്പത് വറ്ഷങ്ങള്‍ക്ക് ശേഷമല്ലേ. പിന്നെയല്ലെ വെറുമൊരു 16 വറ്ഷം. ഇത് സഭയ്ക്ക് തന്നെ കണ്ടുപിടിക്കാന്‍ പറ്റുന്ന കാര്യമേ ഉള്ളു. വെറുമൊരു അമ്പത് വറ്ഷം ഏറിയാല്‍ ഒരു നൂറ് വറ്ഷം. അതിനിടയില്‍ പ്രതികള്‍ മരിച്ചുപോകില്ലെ എന്ന മണ്ടന്‍ ചോദ്യം നിങ്ങള്‍ ചോദിക്കുമെന്നറിയാം. അതിനെന്താ കര്‍ത്താവിന് ഒരു കത്തെഴുതണം അവറ്ക്ക് പരലോകത്ത് കഠിനമായ ശിക്ഷ കൊടുക്കാന്‍. പരലോകത്തെ ശിക്ഷ എത്ര ഭയങ്കരം എത്ര ഭയാനകം. ഭൂമിയിലെ പാപത്തിന് പരലോകത്ത് ശിക്ഷ കിട്ടുമെന്ന് തെളിയിക്കാനുള്ള ഒരു അവസരം സഭയ്ക്ക് കൊടുത്തുകൂടെ!
ഇനി അഭയ ഉയറ്ത്തെഴുന്നേറ്റ് വന്ന് സത്യം തുറന്ന് പറഞ്ഞാലും രക്ഷയില്ല. കാരണം തെളിവുകളെല്ലാം എന്നേ പോലീസ് മഹാരഥന്മാറ് നശിപ്പിച്ച് കഴിഞ്ഞിരുക്കുന്നു. അതു കൊണ്ടു അന്തിമ വിജയം സഭക്ക് തന്നെ. അഗസ്റ്റിന് മിനിമം ഒരു രാമചന്ദ്രന്‍ നായരെങ്കിലും ആകാനുള്ള ധൈര്യം കാണിക്കാമായിരുന്നു.

പതിനാറ് വറ്ഷം പന്ത്രെണ്ട് പേര്‍, അവരൊക്കെ തോറ്റ് തുന്നം പാടിയില്ലെ. പതിമൂന്നാമന്‍ ഇങ്ങനെയൊരു കൊലച്ചതി ചെയ്യുമെന്ന് കരുതിയില്ല. ആരേയും കിട്ടിയില്ലെങ്കില്‍ അച്ചന്മാരെ പിടിക്കാമെന്നായി. കാലം പോകുന്ന പോക്ക്.

അദൃശ്യ ശക്തികള്‍ പരസ്യമാകുന്നു.
മുഖപടം വലിച്ച് കീറി ഡ്രാക്കുള പല്ലുകള്‍ കാണിച്ച് പ്രതിഷേധിക്കുന്നു.
സത്യ ക്രിസ്താനികളെ കുരിശെടുക്കുക സാത്താനെ പ്രതിരോധിക്കുക.

എന്താണ് അടിസ്ഥാന പ്രശ്നം. പുരോഹിതനും കന്യാസ്ത്രീയും തമ്മില്‍ ബന്ധപ്പെട്ടു. ആണും പെണ്ണും ബന്ധപ്പെടുന്നതില്‍ പ്രകൃതി നിയമമനുസരിച്ച് ഒരു തെറ്റുമില്ല. ഇഷ്ടപ്പെട്ട ആണും പെണ്ണും ബന്ധപ്പെട്ടാല്‍ ലോകത്തിനെന്ത് ചേതം?
പടു വയസ്സാന്‍ കാലത്ത് ഗാന്ധി നഗ്നനായി രണ്ട് പെണ്‍കുട്ടികളുടെ ഇടയില്‍ കിടന്ന് നോക്കിയിട്ട് തോറ്റ് പാളീസായ സംഗതിയാണിത്. പിന്നെയല്ലെ കോട്ട് ഊരിയാള്‍ക്കും കോട്ട് ഊരാത്താള്ക്കും പിടിച്ച് നില്‍ക്കാന്‍ പറ്റുന്നത്.
കാമത്തെ ബന്ധിക്കരുത്
കാമത്തെ അടിച്ചമറ്ത്തരുത്
അത് കോപമാകും, ഭ്രാന്താകും,
കൊലയാകും, ആത്മഹത്യയാകും
ചതിയാകും, യുദ്ധമാകും
വേശ്യകളില്ലായിരുന്നുവെങ്കില്‍ ലൈംഗീകത അടിച്ചമര്‍ത്തപ്പെടുന്ന ഈ സമൂഹത്തില്‍ കലാപം നടക്കുമെന്ന് സാമുഹ്യ ശാസ്ത്രജ്ഞന്മാര്‍ വെറുതയല്ല പറഞ്ഞത്.
അച്ചന്മാരെ വിവാഹം കഴിക്കാന്‍ അനുവദിച്ചിരുന്നുവെങ്കില്‍ സഹോദരി കൊല്ലപെടില്ലായിരുന്നു എന്ന് അഭയയുടെ സഹോദരന്‍ പറഞ്ഞത് അടിവരയിട്ട് വായിക്കേണ്ടതാണ്.
ഇനിയും കൊലപാതകങ്ങള്‍ ഒഴിവാക്കാന്‍ എല്ലാമതത്തിലും പെട്ട ഇത്തരം പ്രകൃതി വിരുദ്ധ ലൈംഗീക അടിച്ചമറ്ത്തല്‍ സ്ഥാപനങ്ങള്‍ മാറി ചിന്തിക്കാന്‍ തുടങ്ങയേണ്ടിയിരിക്കുന്നു.
പ്രകൃതി നിയമത്തെ നിഷേധിക്കരുത് അത് ഏത് വിശ്വാസത്തിന്റെ പേരിലായാലും.

Tuesday, December 9, 2008

നാട്ടിലെ വന്യജീവികള്‍

വീട്ടില്‍ നിന്നിറങ്ങി റോഡിലെത്തുമ്പോള്‍ ചീറിപാഞ്ഞ് വരുന്ന വാഹനങ്ങള്‍ കണ്ട് പലപ്പോഴും ഞെട്ടിത്തരിച്ചു പോയിട്ടുണ്ടു.
ഇഞ്ചോടിഞ്ച് അകലത്തില്‍ ജിവന്‍ തിരിച്ച് കിട്ടിയ എത്രയോ നിമിഷങ്ങള്‍.
കാലിന്റെ പെരുവിരല്‍ നഖത്തുമ്പില്‍ യമരാജന്‍ ഉമ്മ വെച്ച് കടന്ന് പോയ കിടിലം കൊള്ളിച്ച ക്ഷണനേരങ്ങള്‍.
ഇങ്ങനെ വീട്ടില്‍ നിന്ന് ഇറങ്ങിയ പലരും വീട്ടില്‍ തിരിച്ചെത്തിയിട്ടില്ല.
ചിലര്‍ അര്‍ദ്ധ ശവങ്ങളായി,
ചിലര്‍ അംഗവിഹീനരായി.
പുരോഗതിയുടെ കുതിപ്പിലേക്ക് ഇങ്ങനേയും ചില കണ്ണീരില്‍ കുതിറ്ന്ന സ്മാരകങ്ങള്‍.
കാട്ടിലാണെങ്കില്‍ ആനയെ പേടിക്കണം സിംഹത്തിനെ പേടിക്കണം നരി,കടുവ,കരടി ഇഴഞ്ഞെത്തുന്ന പാമ്പ്. പെട്ടാല്‍ പെട്ടത് തന്നെ പല്ലും നഖവും കിട്ടിയാല്‍ ഭാഗ്യം.
മുരണ്ടും കുതറിയും അലറിയും മുന്നോട്ടും പിന്നോട്ടും പായുന്ന വാഹനങ്ങള്‍ കോണ്‍ക്രീറ്റ് വനങ്ങളിലെ ആധുനിക മൃഗങ്ങളായി.
സീല്‍ക്കാരത്തോടെ വളഞ്ഞും പുളഞ്ഞും നാഗങ്ങളെ പോലെ ഒഴുകിയെത്തുന്ന മോട്ടറ്വാഹനങ്ങള്‍.
ആകാശത്ത് കഴുകനെ പോലെ വിമാനങ്ങള്‍.
യന്ത്രതകരാറ് വന്ന വാഹനങ്ങള്‍ വിശന്ന സിംഹങ്ങളായി ജനങ്ങളെ കൊന്നു തിന്നു.
അശ്രദ്ധയും മദ്യപാനവും വാഹനങ്ങളെ മദം പൊട്ടിയ ആനകളാക്കി ജനങ്ങളെ ചവിട്ടി അരച്ചു.
സര്പ്പഫണമുയര്‍ത്തി കുതിച്ചെത്തുന്ന തീവണ്ടികള്‍ പരസ്പരം കൊത്തി ആയിരങ്ങളുടെ ജിവന്‍ തകറ്ത്തിട്ടുണ്ടു.
ഹോട്ടലില്‍ ചായ കുടിച്ചു കൊണ്ടിരുന്ന സുഹൃത്തിനെ നിയന്ത്രണം വിട്ട ബസ്സ് ഹോട്ടലില്‍ ഇടിച്ച് കയറി കൊന്നു.
മീന്‍ വാങ്ങാന്‍ പോയ ഗുരുനാഥനെ പിറകില്‍ നിന്ന് വന്ന വാഹനം പരലോകത്തേക്ക് കൊണ്ടുപോയി.
ഉറങ്ങി കിടന്ന ഒരു കുടുംബത്തിന് മുകളില്‍ നിന്ന് വീണ ചരക്ക് ലോറി കാലനായി.
വൈകുന്നേരം സ്കൂളില്‍ നിന്ന് സ്വാതന്ത്ര്യം നേടി ആഹ്ലാദത്തോടെ കളിക്കളത്തിലേക്ക് നീങ്ങിയ കൊച്ചു കുട്ടികളേയും വാഹന കാലന്‍ റാഞ്ചി. ചിന്നി ചിതറിയ കൊച്ചുശരീരഭാഗങ്ങള്‍ നാടിന് നൊമ്പരമായി. സ്മാരകമായി.
ബസ് സ്റ്റോപ്പില്‍ കാത്ത് നില്‍ക്കാന്‍ പേടിയായി.
റോഡ് അരികലൂടെ നടക്കാനും പേടിയായി.
**** xxx ***

അനുഭവം ഒന്ന്:
ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന കാലത്ത് ഞങ്ങള്‍ മൂന്ന് സ്നേഹിതന്മാരും കുടുംബവും ആഗ്രയിലേക്ക് ടൂറ് പോകാന്‍ തീരുമാനിച്ചു. അതിരാവിലെ തന്നെ പുറപ്പെട്ടു. ആദ്യം പോയത് അക് ബറിന്റെ കൊട്ടാരത്തിലാണ്. ഈ കൊട്ടാരത്തിന്റെ മുകളിലെ അറയിലെ കല്‍ത്തൂണകളില്‍ പതിപ്പിച്ച രത്നക്കല്ലുകളില്‍ നിലാവുള്ള രാത്രിയില്‍ താജ് മഹല്‍ തിളങ്ങി നില്ക്കുമായിരുന്നത്രെ. ഓരോ
രത്നക്കല്ലിലും നിരവധി താജ് മഹലുകള്‍,യമുനയുടെ ഓളങ്ങളിലും. ഷാജഹാന്‍ നിലാവുള്ള രാത്രികളില്‍ താജ് മഹലിന്റെ നിമനോന്നതങ്ങളില്‍ മുംതാസിനെ അലിയിച്ച് നോക്കി നിന്നിരുന്നത് ഈ കൊട്ടാരത്തിന്റെ മട്ടുപാവില്‍ നിന്നായിരുന്നു. പ്രണയ്ത്തിന്റെ പ്രതീകമായി കാണുന്നതിനെക്കാള്‍ മനുഷാദ്ധ്വാനത്തിന്റെ പ്രതീകമായി കാണാനാണ് ഞാന്‍ ഇഷ്ടപെടുന്നത്. അതിന്റെ ഓരോ കല്ലിലും ആയിരക്കണക്കിന് മനുഷ്യരുടെ ചോരയും കണ്ണീരുമുണ്ടു.
താജമഹലിനോട് യാത്ര പറയുമ്പോള്‍ സമയം ഉച്ചയ്ക്ക് രണ്ടു മണി കഴിഞ്ഞിരുന്നു. പിന്നെ മഥുര ശ്രീകൃഷ്ണക്ഷേത്രത്തിലേക്ക്.
ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ സന്ധ്യയായി. രാത്രിയിലെ സുഖ നിദ്രയ്ക്ക് വേണ്ടുന്ന ശാന്തിയുമായി ഭക്തന്മാറ് വന്നും പോയി കൊണ്ടിരിക്കുന്നു. ക്ഷേത്രത്തിനും പള്ളിക്കും ഇടയ്ക്കെ നേറ്ത്ത രേഖയില്‍ പോലിസും പട്ടാളവും കാവല്‍ നില്‍ക്കുന്നു, പാക്കിസ്ഥാന്റെയും ഇന്ത്യയുടേയും അതിറ്ത്തി എന്ന പോലെ. മത സൌഹാറ്ദ്ദത്തിനും മത സ്പറ്ദക്കും ഉള്ള സ്മാരകം.
രാത്രിയായി. തിരിച്ചു പോകാന്‍ സമയമായി.
തിരിച്ച്പോക്ക് ആരംഭിച്ചു. രാത്രിയായത് കൊണ്ട് വഴിയോരക്കാഴ്ചകളൊന്നുമില്ല.
കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ആകാശത്തിന് തീപിടിച്ചത് പോലെ തോന്നി, മഥുര റീഫൈനറിയില്‍ നിന്നാണ്. ആകാശത്തിലൊരു തീപന്തം. വളരെ ദൂരത്തോളം അതിന്റെ പ്രകാശം ഞങ്ങളെ പിന്തുടറ്ന്നു. പിന്നെയും യാത്ര വിരസമായി. പ്രത്യേകിച്ചൊന്നും കാണാനില്ല. അങ്ങിങ്ങായി ചില ഇല്ക്ട്രിക് പോസ്റ്റുകള്‍. ഉറക്കം മേല്പോളകളെ മെല്ലെ താഴ്ത്തി.

പെട്ടെന്ന് ഒന്ന് ഞെട്ടി ഭൂമികുലുക്കം പോലെ വാനൊന്ന് കുലുങ്ങിയോ. കണ്ണ് തുറന്ന് നോക്കിയപ്പോള്‍ ഡ്രൈവറ് കണ്ണ് തുടയ്ക്കുന്നു.
“എന്താ ഷാജി, എന്ത് പറ്റി”
“ഏയ് ഒന്നുമില്ല”
ഒന്നുമില്ലെങ്കില്‍ ഒന്നുമില്ല. വീണ്ടും മയക്കത്തിലേക്ക് വഴുതി വീണു.
പിന്നെയും ഭൂമികുലുക്കം. ഞെട്ടി കണ്ണ് തുറന്ന് നോക്കിയപ്പോള്‍ ഡ്രൈവറ് വീണ്ടും കണ്ണ് തുടയ്ക്കുന്നു.
ഡ്രൈവറ് ഉറങ്ങി പോയോ.
മനസ്സിലൊരു ഇടിമിന്നല്‍.
പത്ത് പന്ത്രെണ്ട് പേര്‍ വാനിലുണ്ട്. എല്ലാവരും നല്ല ഉറക്കത്തിലാണ്.
നീണ്ട് ഭൂമിയുടെ അറ്റത്തോളം കിടക്കുന്ന റോഡ്. റോഡില്‍ വാഹനങ്ങളും കുറവ്.
ഡ്രൈവറ്യ്ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല..
സ്റ്റീയറിങ്ങ് തിരിക്കണ്ട,ബ്രൈക്ക് ഉപയോഗിക്കണ്ട, വെറുതെ ഇരുന്ന് കൊടുത്താല്‍ മതി.
ആത്മാഭിമാനം കൊണ്ട് ആദ്യം സമ്മതിച്ചില്ലെങ്കിലും പിന്നീട് ഷാജി കുറ്റസ്സമതം നടത്തി.
“രണ്ട് പ്രാവശ്യം കണ്ണൊന്ന് അടഞ്ഞ് പോയി”.
“കഴിഞ്ഞ രാത്രിയിലും ഉറങ്ങാന്‍ പറ്റിയില്ല. അതു കൊണ്ടാണ്”.
എന്റെ എല്ലാ ഉറക്കവും പോയി.
പ്രശ്നം ഗുരുതരമാണ്. വേറെയാറ്ക്കും ഡ്രൈവിങ്ങും അറിയില്ല.
ഞാന്‍ ഉറങ്ങാതെ നോക്കിയിരുന്നു ഡ്രൈവറ് ഉറങ്ങി പോകാതിരിക്കാന്‍.
ചില വറ്ത്തമാനങ്ങളും നേരമ്പോക്കുകളും കൊണ്ട് ഡ്രൈവറെ സജീവമാക്കാന്‍ ഒരു വിഫലശ്രമം നടത്തി നോക്കി.
മനസ്സിലാധിയായി. ഇനിയും രണ്ട് മണിക്കൂറിലധികം യാത്രയുണ്ടു.
വാന്‍ നിറ്ത്തി ഷാജിയോട് തണുത്ത് വെള്ളത്തില്‍ മുഖം കഴുകി യാത്ര തുടരാന്‍ പറഞ്ഞു.
കൂടുതല്‍ സുരക്ഷയ്ക്ക് വഴിക്കുള്ള എല്ലാ ഹോട്ടലിന്റെ മുന്നിലും നിറ്ത്തി ഷാജിയെ ചായ കുടിപ്പിച്ച് അല്പ നേരം വിശ്രമം എടുപ്പിച്ചതിന് ശേഷമെ യാത്ര തുടറ്ന്നുള്ളു.
ജീവന്‍ കൈയില്‍ പിടിച്ച് കൊണ്ടുള്ള യാത്ര അവസാനിച്ചപ്പോള്‍ രാത്രി രണ്ട് മണി കഴിഞ്ഞിരുന്നു.
ഇനിയൊരിക്കലും തുടറ്ച്ചയായി ഉറക്കമൊഴിയൊന്ന ഡ്രൈവറുടെ കൂടെ യാത്ര ചെയ്യില്ലെന്ന് ശപഥം ചെയ്ത് നിദ്രയുടെ കൈവലയത്തിലേക്ക് അഭയം പ്രാപിച്ചു.
**** xxx ***

അനുഭവം രണ്ട്:
ടൌണിലേക്ക് പോകേണ്ടെ അത്യാവശ്യ കാര്യമുണ്ടായിരുന്നു. ബസ്സിലാണെങ്കില്‍ നിറയെ ആള്‍ക്കാരും. അടുത്ത ബസ്സിനെ കാത്ത് നില്‍ക്കാന്‍ സമയവുമില്ല. അധികം ചിന്തിക്കാതെ ആ ബസ്സില്‍ തന്നെ കയറി.
ബസ്സ് അതിവേഗതയിലാണ് പോയികൊണ്ടിരിക്കുന്നത് മുന്നില്‍ കണ്ട എല്ലാ വാഹനങ്ങളേയും മറികടന്ന് അതിസാഹസികമായി മുന്നേറി കൊണ്ടിരുന്നു. എന്ത് പോക്കാണെന്ന് ചിലറ് ആശങ്ക പെടുന്നുണ്ടെങ്കിലും. യാത്രക്കാറ്ക്കും രസം പിടിച്ചെന്ന് തോന്നുന്നു. എല്ലാവറ്ക്കും മുമ്പെ എല്ലാത്തിനും മുകളില്‍ മനുഷ്യരില്‍ അന്തറ്ലീനമായ ത്വര ചിറക് വെച്ച് പറക്കാന്‍ തുടങ്ങി. അതിന്റെ ത്രില്ലിലാണ് ചിലറ്. സാഹസികനായ ഡ്രൈവറ് മനുഷ്യജീവനെടുത്ത് പന്താടുകയാണ്.
മനുഷ്യജീവന്‍ തൃണതുല്യം.
ഉള്ളിലൊരു കാളല്‍.
ഡ്രൈവറ്മാറ് തമ്മിലുള്ള മത്സരവും തീറ്ക്കുന്നത് ഈ മരണ പാച്ചിലിലാണ്. കൂടുതല്‍ വേഗത്തില്‍ കൂടുതല്‍ ആള്‍ക്കാരെ എടുത്ത് ലക്ഷ്യത്തിലെത്തുക എന്നതാണ് അവരുടെ മുദ്രാവാക്യം.
മുന്നിലുള്ള ബസ്സ് മറികടക്കാന്‍ വിടുന്നില്ല. പലകുറി കയറിയും ഇറങ്ങിയും നോക്കി. ഹോണടിച്ച് നോക്കി. രക്ഷയില്ല. അതിലും കടുകിട വിട്ട് കൊടുക്കാത്ത സാഹസികന്‍ ഡ്രൈവറായിരിക്കണം.
അവസാനം കാത്തിരുന്ന അവസരം വന്നു.
ഒരു ചെറിയ പഴുതില്‍ ഡ്രൈവറ് മറികടക്കാന്‍ ബസ്സ് മുന്നോട്ടെടുത്തു.
ഒരു നിമിഷാറ്ദ്ധം ലോകം കീഴ് മേല്‍ മറിഞ്ഞു.
പ്രധാന റോഡിലൂടെ മുന്നോട്ട് പോകേണ്ട ബസ്സ് പെട്ടെന്ന് അതിവേഗത്തില്‍ വലത്തെ ഇടറോഡിലേക്ക് പാഞ്ഞ് കയറി നിന്നതും പിന്നിലൂടെ മറ്റൊരു ബസ്സ് ചീറി പാഞ്ഞ് പോയതും ഒരുമിച്ചായിരുന്നു
ഒന്ന് നിലവിളിക്കാന്‍ പോലും സമയം കിട്ടാതെ എല്ലാം തീറ്ന്നു.
ഡ്രൈവറിന്റെ അപാര മനസ്സാന്നിദ്ധ്യത്തിന് സ്തുതി.
രണ്ടു മാസം മുമ്പ് ഇതെ റോഡില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് പൊലിഞ്ഞത് പതിനാറ് പേരുടെ ജീവനുകള്‍.
ഉള്‍ക്കിടലത്തോടെ ദീറ്ഘശ്വാസം വിട്ടു.
ഒന്നും സംഭവിക്കാത്തത് പോലെ ഡ്രൈവറ് ബസ്സ് പിന്നോട്ടെടുത്ത് മുന്നോട്ടേക്ക് കുതിച്ചു.
“ഇനി നിന്റെ സ്പീടൊന്നും വേണ്ട”
“നോക്കിയും കണ്ടും ബസ്സ് ഓടിക്കെടാ”
ഇനിയും പ്രതിഷേധിച്ചില്ലെങ്കില്‍ മരണമാണ് ഫലമെന്ന് യാത്രക്കാറ് തിരിച്ചറിഞ്ഞു.
പിന്നെ മര്യാദക്കാരനായി മറികടക്കലുകളിലാതെ ഡ്രൈവറ് ബസ്സ് ഓടിച്ചു.
**** xxx ***
ഈ ആധുനിക മൃഗങ്ങളെ മെരുക്കി നിയന്ത്രിക്കുന്ന പാപ്പാനെ ഡ്രൈവറെന്ന് വിളിക്കും. അങ്ങേരാണ്‍ വിധികറ്ത്താവ്. സ്ഥിതിയും സംഹാരവും അങ്ങേര്‍ തീരുമാനിക്കും.
ടിക്കറ്റ് എടുക്കുക എന്നാല്‍ ജീവന്‍ ഡ്രൈവറുടെ കൈവശം ഏല്‍പ്പിച്ചു എന്നാണ്. ടിക്കറ്റ് മരണത്തിലേക്കോ ജീവിതത്തിലേക്കോ ആകാം. എല്ലാം ഡ്രൈവറുടെ കൈയില്‍. യാത്രക്കാരന് ഡ്രൈവറുടെ യോഗ്യതയോ ശക്തിയോ അളക്കാന്‍ പറ്റില്ല. ചിലപ്പോള്‍
യാത്രക്കാരന്‍ ഡ്രൈവറെ കാണുന്നതെ ഇല്ല. ഡ്രൈവറുടെ കഴിവ് കേടിനെ കുറിച്ച് വേവലാതിപ്പെട്ടാ‍ല്‍ യാത്ര ചെയ്യാനും പറ്റില്ല. എല്ലാം ആരുടെയോ കൈയില്‍ ഏല്‍പ്പിച്ച് യാത്ര തുടരുന്നു. എല്ലാം ഡ്രൈവറെ ഏല്‍പ്പിച്ച നിസ്സഹായരായ് യാത്രക്കാറ്. വിമാനം ഒന്ന് ചെരിഞ്ഞാല്‍ അകാരണമായി ഭീതി പൊതിയും. ആകാശത്ത് പൈലറ്റിന് എന്ത് ചെയ്യാന്‍ കഴിയും. എല്ലാം ദൈവത്തിന്റേയും പൈലറ്റിന്റേയും കൈവശം.

ലോകത്തിലെ എല്ലാ യുദ്ധത്തിലും കൂടി മരിച്ചവരുടെ കണക്കും റോഡ്-വാഹനാപകടത്തില്‍ മരിച്ചവരുടെ കണക്കും എടുത്ത് നോക്കിയാല്‍ യുദ്ധം തോറ്റ് പോകും. ചില വാഹനാപകടത്തിലെ ഡ്രൈവറ്മാറ് മുലകുടി പ്രായം കഴിയാത്ത ലൈസന്‍സ് പോലും ഇല്ലാത്ത് പയ്യന്മാറ്.
ഒരു വാഹനം റോഡില്‍ ഇറങ്ങുമ്പോള്‍ അത് ഓടിക്കാന്‍ യോഗ്യമാണോ അതു പോലെ ഡ്രൈവറും യോഗ്യനാണോ എന്നും ഉറപ്പ് വരുത്തേണ്ടത് അതിന്റെ ഉടമസ്ഥനും(സ്ഥാപനവും) ഡ്രൈവറും ആണ്. വീതിയുള്ള റോഡും വാഹാനമോടിക്കാന്‍ പര്യാപ്തമായ റോഡും ഗതാഗത നിയന്ത്രണങ്ങളും സറ്ക്കാറിന്റെ ചുമതലയുമാണ്. അതുകൊണ്ട് വാഹനാപകടത്തിന് ഇവരെല്ലാവരും ഉത്തരവാദികളാണ്. വിശന്ന ക്രൂരമൃഗങ്ങളെ ഒരു നിയന്ത്രണവുമില്ലാതെ കൂട്ടില്‍ നിന്ന് അഴിച്ചു വിടാന്‍ ഇവറ്ക്ക് ഒരു അധികാരവുമില്ല. നഷ്ടപ്പെട്ടുപോയ ഒരു ജീവനും തിരിച്ചുകൊടുക്കാന്‍ ഇവറ്ക്ക് കഴിയില്ല. വിശ്രമമില്ലാതെ ഡ്രൈവറുമാരെ പണിയെടുപ്പിക്കുന്ന ഉടമസ്ഥനും,സ്ഥാപനവും കുറ്റക്കാരാണ്. മദ്യപിച്ച് വാഹനമോടിക്കുന്ന ഡ്രൈവറും അതിന്റെ ഉടമസ്ഥനും,സ്ഥാപനവും ഒരു പോലെ കുറ്റക്കാരാണ്. കറ്ശന നിയമങ്ങള്‍ വേണം. അത് കടുകിട തെറ്റാതെ നടപ്പിലാക്കുന്ന ഉദ്ദ്യോഗസ്ഥരും വേണം. ഇത് ജീവിതവും മരണവും കൊണ്ടുള്ള കളിയാണ്. അപകടത്തിന് ശേഷം കണ്ണീരൊഴുക്കാന്‍ ഏവറ്ക്കും കഴിയും അതിന് മുമ്പെ കണ്ണ് തുറന്ന് പ്രവറ്ത്തിക്കുകയാണ് വേണ്ടത്.

വാഹനാപകടത്തില്‍ പെട്ട തെറ്റുകാരായ എല്ലാ ഡ്രൈവറുമാറ്ക്കും കറ്ശന ശിക്ഷ കൊടുക്കണം. അവരുടെ ലൈസന്‍സും റദ്ദാക്കണം. ഓടിക്കാന്‍ അറിയാത്തവറ് പിന്‍ നിരയില്‍ ഇരിക്കട്ടെ. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ലംഘിച്ച് ഭരണം തെറ്റായ ദിശയില്‍ ഓടിക്കുന്ന് രാഷ്ട്രിയ പാറ്ട്ടികള്‍ക്കും ഇത് ബാധകമാക്കണം.

Wednesday, December 3, 2008

മുസ്ലിം തീവ്രവാദിയെക്കാളും വലിയ കൊടും ഭീകരന്മാര്‍

ബ്രിട്ടീഷ്കാര്‍ ഇന്ത്യയെ നൂറ്റാണ്ടുകളോളും ഭരിച്ചത് തമ്മിലടിക്കുന്ന നാട്ടുരാജാക്കന്മാരെ ഉപയോഗിച്ച് കൊണ്ടാണെന്നത് ചരിത്രം. പാരമ്പര്യം മറക്കരുതല്ലോ ഇന്ത്യക്കാരത് കാശ്മീറ് മുതല്‍ കേരളം വരെ അണുകിട വ്യത്യാസം വരുത്താതെ അത് കൊണ്ടാടുന്നുമുണ്ടു. ഏതൊരു ഭീകരാക്രമണം നടന്നാലും രാജ്യതാല്പര്യത്തിനുപരിയായി അത് തന്റെ പാറ്ട്ടിക്ക് അല്ലെങ്കില്‍ നേതാവിന് എങ്ങനെ മുതലെടുക്കാമെന്നെ ചിന്തയെയുള്ളു. പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് പടിക്കലെത്തിനില്‍ക്കുമ്പോള്‍.

പുര കത്തുമ്പോള്‍ കഴുക്കോല്‍ ഊരികൊണ്ടുപോകുന്നവര്‍,
കത്തുന്ന പുരയിലെ തീ കൊണ്ടു ബീഡി കത്തിക്കുന്നവര്‍,
സഹോദരന്‍ ചത്താലും വേണ്ടില്ല നാത്തൂന്റെ കണ്ണീര്‍ കണ്ടാല്‍ മതി.
എന്നൊക്കെ പറഞ്ഞത് ഇവരെക്കുറിച്ച് തന്നെയായിരിക്കും. ഉറപ്പ്.

ഭീകരന്മാര്‍ മുമ്പൈ കത്തിക്കുമ്പോള്‍ നമ്മുടെ രാഷ്ട്രിയക്കാര്‍ ചെളിബോംബുകള്‍ ഉണ്ടാക്കുകയായിരുന്നു പരസ്പരം എറിഞ്ഞു വീഴ്ത്താന്‍. തെരഞ്ഞെടുപ്പിന് മസാല അരക്കുകയായിരുന്നു. ഭരണക്കാരുടെ പിടിപ്പ്കേട് കൊണ്ടാണ് ഇതൊക്കെ സംഭവിച്ചത് ഞങ്ങളായിരുന്നെങ്കില്‍ കാണിച്ച് കൊടുക്കാമയിരുന്നു എന്നൊക്കെ മേനി പറഞ്ഞു അടുത്ത ഭരണത്തിലേക്കാണ് ചിലരുടെ നോട്ടം. ഇപ്പറഞ്ഞ രാഷ്ട്രിയക്കാരൊക്കെ ഭരിച്ചപ്പോഴും ഭീകരാക്രമണത്തിന് ഒരു പഞ്ഞവും ഉണ്ടായിരുന്നില്ല. പാര വെക്കാന്‍ തീവ്രവാദികളെ വളറ്ത്തുകയും ഉപയോഗിക്കുകയും ചെയ്ത എത്രയെത്ര പാറ്ട്ടികളുണ്ടു ഇന്ത്യയില്‍.

റഷ്യയെ അഫഘാനിസ്ഥാനില്‍ നിന്ന് തുരത്താന്‍ താലിബാനെ ഊട്ടി വളറ്ത്തിയ അമേരിക്കയും പാക്കിസ്ഥാനും അവസാനം താലിബാന്റെ തന്നെ വാളിന് ഇരയാകുന്നു. ജനത പാറ്ട്ടിയെ തകറ്ക്കാന്‍ ഭിന്ത്രന്‍വാലയെ വളറ്ത്തിയ ഇന്ദിരാഗാന്ധി സിക്ക്കാരന്റെ വെടി ഉണ്ടയാല്‍ തുളഞ്ഞ് മരിച്ചതും, തമിഴ് പുലികളെ കൊന്നൊടുക്കിയ രാജീവ് ഗാന്ധിയെ പെണ്‍പുലി തന്റെ ശരീരത്തോട് ചേറ്ത്ത് പൊട്ടിത്തെറ്പ്പിച്ച് കൊന്നതും ചരിത്രത്തിന്റെ വികൃതികള്‍ മാത്രം.

മുമ്പൈയിലെ തീയണഞ്ഞു.പാക്കിസ്ഥാന് താക്കീതും കൊടുത്തു. അപ്പോളതാ ഒരു പ്രാദേശിക ബോംബ് പൊട്ടുന്നു. ഒരു പട്ടിക്കഥയായി. ധീരദേശാഭിമാനി സന്ദീപിന്റെ ബംഗ്ലരുവിലെ വീട്ടിലേക്ക് കേരളാസറ്ക്കാറിന്റെ ഭാഗത്ത് നിന്ന് ആരും പോയില്ലെന്നും സന്ദീപിനെ അവമാനിച്ചുവെന്നും ഒക്കെയുള്ള കഥ പാട്ടായി വാറ്ത്തയായി. അങ്ങ് ഡല്‍ഹിയില്‍ വെച്ച് പത്രക്കാര്‍ വി എസിനോടും കൊടിയേരിയോടും ചോദിച്ചപ്പോള്‍ കമാന്ന് മിണ്ടിയില്ലെന്ന് പറഞ്ഞ് കാര്യങ്ങള്‍ പുകഞ്ഞ് തുടങ്ങി. പത്രക്കാറ്ക്ക് എന്ത് കഥയും മെനയാം. അതല്ലെ പണ്ട് പിണറായി സഖാവ് പറഞ്ഞത് പത്രക്കാറ്ക്ക് കമ്മ്യൂണിസ്റ്റ് പാറ്ട്ടിയെ കുറിച്ച് ഒരു ചുക്കും അറിഞ്ഞ് കൂടെന്ന്. ഒരു ബി.ജെ.പി നേതാവിനോ കോണ്‍ഗ്രസ്സ് നേതാവിനോ വായില്‍ തോന്നിയത് പറയാം കോടികള്‍ വാഗ്ദാനം ചെയ്യാം.( അത് കിട്ടണമെങ്കില്‍ ഒരു ജന്മം കൂടി ജനിക്കണമെന്ന് മാത്രം). അത് പോലെയാണോ കമ്മ്യൂണിസ്റ്റ് പാറ്ട്ടി. യോഗം ചേരണം ചറ്ച്ച് ചെയ്യണം തീരുമാനങ്ങള്‍ എടുക്കണം.(അല്ലെങ്കിലെ അച്ചടക്കലംഘനം കൊണ്ടു പുറം പൊളിഞ്ഞ് കിടക്കുകയാണ് അപ്പോഴാണ് പത്രക്കാരുടെ ഒരു മാതിരി കുത്തി കുത്തി ചോദ്യം). അതല്ലെ അടുത്ത് ദിവസം ആഭ്യന്തരമന്ത്രിയും പിന്നാലെ മുഖ്യമന്ത്രി തന്നെ നേരിട്ട് ചെല്ലാനും തീരുമാനമായത്. പോയത് പൊല്ലാപ്പായി. കറ്ണ്ണാടക പോലീസ് പോകണ്ടാ പോകണ്ടാ എന്ന് പറ്ഞ്ഞിട്ടും വയസ്സ്കാലത്ത് രാത്രിയില്‍ തന്നെ അവിടെ പോയത് കേരളത്തിന്റെ അന്തസ്സ് കാക്കാന്‍. കിട്ടിയതോ പൂരത്തെറിയും.
അപ്രിയ സത്യങ്ങള്‍ അനവസരത്തില്‍ പറഞ്ഞതിന് മുഖ്യമന്ത്രിക്കും കിട്ടി പണി. എല്ലിന്‍ കഷണങ്ങള്‍ക്കായി പുറത്ത് തല്പരകക്ഷികള്‍ കാത്ത് നില്‍ക്കുന്നത് ഓറ്ക്കണമായിരുന്നു. ഒരു തലശ്ശേരിക്കാരന്റെ മെയ് വഴക്കത്തോടെ “മകന്‍ മരിച്ച അച്ചന്റെ വികാര വിക്ഷോഭങ്ങള്‍” എന്ന് പറഞ്ഞ് കൊടിയേരി ഒഴിഞ്ഞ് മാറിയത് കണ്ടെങ്കിലും വി.എസ് കുറച്ച് കളരി പഠിക്കേണ്ടതായിരുന്നു.
ഉണ്ണികൃഷ്ണനിലെ രാഷ്ട്രിയക്കാരന്‍ “ പോടാ പട്ടി“യെന്ന് വിളിച്ചപ്പോള്‍ അത് മറ നീക്കി പുറത്ത് വന്നത് തിരുവനന്തപുരത്തും. ഒരു വൃദ്ധന്‍ പട്ടിയുടെ കഴുത്തില്‍ തൂങ്ങി കിടന്നു കേരളത്തിന്റെ മുഖ്യമന്ത്രി. രണ്ടു സ്ഥലത്തും ഒരേ രാഷ്ട്രിയ ചുവ.
ബി.ജെ.പി മുഖ്യമന്ത്രിക്ക് സത്ക്കാരവും കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് തിരസ്ക്കാരവും. ഇതിന്റെ പൊരുത്ത്ക്കേട് തിരിച്ചറിഞ്ഞത് കൊണ്ടായിരിക്കണം ഉണ്ണികൃഷ്ണന്റെ ബന്ധുക്കള്‍ അടുത്ത് ദിവസം തന്നെ ക്ഷമാപണം ചോദിക്കുകയും വിവാദം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തത്. എന്നാലും നമ്മുടെ പ്രതിപക്ഷം വിടുമോ. വിവാദങ്ങളും ഉപ വിവാദങ്ങളും കൊണ്ടു സംഗതികള്‍ കൊഴുപ്പിക്കുകയല്ലെ.
ഉമ്മന്‍ ചാണ്ടിയില്‍ ഊമ്പന്‍ ചാണ്ടിയുണ്ടെന്നും അത് അശ്ലീലമാണെന്നും മാണി സാറ് കണ്ടുപിടിച്ച് കളഞ്ഞില്ലെ. ഭാഗ്യത്തിന് വേറെയാരും കേട്ടില്ല മാണി സാറ് ഒഴികെ. ഇത് മണം പിടിച്ച് കണ്ടു പിടിച്ചത് തന്നെ. മാണി സാറിന്റെ അപാര ഘ്രാണശക്തി തന്നെ. കണ്ടോ ഇതിലും ഒരു പട്ടി കയറി വരുന്നു. അവനവന്‍ ഇരിക്കേണ്ട സ്ഥാനത്ത് ഇരുന്നില്ലെങ്കില്‍ പട്ടി കയറി ഇരിക്കും.
ഇങ്ങ് തെക്കെ ഇന്ത്യയില്‍ നടന്ന ഈ വന്‍ സാംസ്ക്കാരിക ഭീകരാക്രമണത്തിന്റെ അലയടികള്‍ അങ്ങ് വടക്കെ ഇന്ത്യയിലും ഗംഭീരമായ ഇടിയൊച്ചകള്‍ ഉണ്ടാക്കിയത്രെ. ചാണ്ടി സാറ് മുഖ്യമന്ത്രിയുടെ രാജിയില്‍ കുറഞ്ഞ ഒന്നിനും രാജിയായില്ല. ബി.ജെ.പി ഇന്നലെ മുറ വിളി കൂട്ടുന്നു രാജിക്കായി. ചിന്നം വിളിച്ച് കൊണ്ട് ലാലുസാറും വന്നും രാജി ചോദിച്ച് കൊണ്ടു.
ദീപസ്തംഭം മാഹാശ്ചര്യം നമുക്കും കിട്ടണം ഭരണം.
ഇങ്ങനെ ഒക്കെയുള്ള നാട്ടില്‍ ഭീകരന്മാറ് വന്ന് ആക്രമിച്ചില്ലെങ്കിലെ അതിശയമുള്ളു. ഇന്റലിജന്‍സ് വിഭാഗം ജീവന്‍ പണയപ്പെടുത്തികൊണ്ടു കൊണ്ട് വരുന്ന രഹസ്യ വിവരങ്ങള്‍ അത് വേണ്ട രീതിയില്‍ വിശകലനം ചെയുകയും മുന്‍ കരുതല്‍ എടുക്കുകയും ചെയ്യേണ്ടതിന് പകരം അലസമായി കൈകാര്യം ചെയ്യുന്ന രീതി കാറ്ഗില്‍ സംഘറ്ഷം മുതലെ കണ്ടു വരുന്നതാണ്. കാറ്ഗില്‍ യുദ്ധം തന്നെ ഒഴിവാക്കാന്‍ പറ്റുമായിരുന്നുവെന്ന് ഇന്റലിജന്‍സ് പിന്നാമ്പുറ കഥകള്‍. ഉദ്ദ്യോഗസ്ഥ വിഭാഗങ്ങളുടെയും മേധാവികളുടെയും താന്‍ താന്‍പോരിമ. രാഷ്ട്രിയ നേതൃത്ത്ങ്ങളുടെ കഴിവ് കേട്. പ്രതിരോധമന്ത്രി തന്നെ പറഞ്ഞു കടലോരങ്ങളിലൂടെ ഭീകരാക്രമണം വരുമെന്ന്, എന്നിട്ട് എവിടെയാണ് പിഴച്ചത്. എവിടെയൊക്കയോ എന്തൊക്കയോ ചീഞ്ഞ് നാറുന്നു.
എന്നാണ് ഇതിനൊക്കെ ഒരു അന്ത്യമെന്ന് പറയാനും വയ്യ. കാര്യങ്ങളുടെ പോക്ക് അങ്ങനെയാണ്. അമേരിക്കയും ഇസ്രായലും ഇന്ത്യയും കൈകോറ്ക്കുമ്പോള്‍ ഭീകരന്‍ അവന്റെ വാളിനും മൂറ്ച്ച കൂട്ടുന്നു. അഫഘാനിസ്ഥാനില്‍നിന്ന് പാക്കിസ്ഥാനിലേക്കും പിന്നെ ഇന്ത്യയിലേക്കും ഭീകരന്മാരെ അമേരിക്ക കൊണ്ടു വന്നിരിക്കുന്നു.
മത ഭ്രാന്തന്മാരുടെ എണ്ണവും പെരുകികൊണ്ടിരിക്കയാണ്. സൂക്ഷിച്ചിരിക്കുക അടുത്ത് നില്‍ക്കുന്ന ഒരാള്‍ പൊടുന്നനെ ഒരു ഭീകരവാദിയായി മാറിയേക്കാം. സ്വയം രക്ഷക്കായി സ്വയം തന്നെ ഒരുങ്ങുക.