അന്തകൻ.
നഗരത്തിന്റെ ഒരു ഇടവഴിയിൽ അയാൾ നടന്നു പോകുകയായിരുന്നു.
സമയം രാത്രി.
ഇരുട്ടിൽ രണ്ട് കണ്ണുകൾ തിളങ്ങുന്നു.
അത് അയാളെ തന്നെ തുറിച്ചു നോക്കുകയാണ്.
കുറച്ചു കൂടി അടുത്ത് ചെന്നു നോക്കിയപ്പോൾ അയാൾ
വിറച്ചു പോയി.
ആ കണ്ണുകൾ ഒരു കടുവയുടെതാണ്.
കടുവക്കെന്താണ് നഗരത്തിൽ കാര്യം!
കടുവ അയാളെ ഗൌനിച്ചതെയില്ല.
“നഗരം ഞങ്ങൾക്കുള്ളതാണ്”
കടുവ മിണ്ടിയില്ല.
അയാൾ ചൂടായി.
“പോ കടുവെ കാട്ടിലേക്ക്. നിന്റെ സ്ഥലം കാടാണ്”
കടുവ മുരണ്ടു
അയാൾ വിരണ്ടു.
കടുവ തലയൊന്നു വിറപ്പിച്ചു എഴുന്നേറ്റു.
“എന്റെ കാടെവിടെ?
കടുവ ചോദിച്ചു.
“നിങ്ങളെന്നെ വഴിയാധാരമാക്കി”
കടുവ മൂക്ക് പിഴിഞ്ഞു കരഞ്ഞു.
“ഞങ്ങൾക്ക് കാടില്ല. ഭക്ഷണമില്ല. എന്റെ ശരീരം
നോക്ക് വെറും എല്ലും തോലും മാത്രം”
കടുവ വീണ്ടും കരഞ്ഞു.
അയാളും കരഞ്ഞു.
“പ്ലീസ് കടുവെ ഒന്നു പോയി തരു. എന്നെ പേടിപ്പിക്കാതെ”
കൈകൂപ്പി അയാൾ കടുവയുടെ മുന്നിൽ കുനിഞ്ഞു നിന്നു.
കൃത്യമായി അയാളുടെ കഴുത്ത് കടുവയുടെ വായുടെ തൊട്ടു താഴെ.
പിന്നെ എല്ലാം പെട്ടെന്നായിരുന്നു.
ടർ ർ..ർ എന്നൊരു ഒച്ച. അസഹ്യമായ വേദന എന്റെ ശരീരത്തിലൂടെ കാലിന്റെ പെരു വിരൽ വരെ പാഞ്ഞു പോയി.
കർ മുർ ശബ്ദം മാത്രം.
എങ്ങും ഇരുട്ട്. ലോകാവസാന ഇരുട്ട്. ഇരുട്ട്…..
ഇരുട്ട്.
ചൂട് ചോര പതഞ്ഞ് ശരീരത്തിൽ ഒലിക്കുന്നു.
കൈകൾ വിറക്കുന്നു.
പേന വീഴുന്നു.