Monday, April 21, 2014

മുറിവിടം കുഴിക്കുന്നവർ


ഉണങ്ങാത്ത മുറിവുകളില്ല.

മുറിവുകൾ ഉണങ്ങുമ്പോൾ

അകന്ന കോശങ്ങൾ ഒന്നു ചേരുകയാണ്.

പുതിയ ദൃഡതയും പുതിയ ബന്ധവുമാണ് വേണ്ടത്.

എന്നാൽ ചിലർ അങ്ങനെയല്ല. മുറിവുകൾ ഉണങ്ങുന്നതും കാത്തിരിക്കും രാകി മൂർച്ച കൂട്ടിയ കത്തിയുമായി. വീണ്ടും ചോരയൊലിക്കുന്ന മുറിവുകൾ കണി കാണാൻ.

 

എന്തിനാണ് ഇതൊക്ക പറയുന്നതെന്ന് ചോദിച്ചാൽ.

നാട്ടിൽ കേൾക്കാത്ത ഒരു കാര്യം കേട്ടത് കൊണ്ടാണ്.

അതിന് മുന്നോടിയായി ഒരു നുറുങ്ങ് ചോദ്യം കൂടിയാകാം.

 

ഒരാൾ ചിരിച്ചുകൊണ്ട് മെല്ലെ പുറത്ത് തട്ടി നായിന്റെ മോനെ എന്ന് വിളിച്ചാൽ നമ്മൾ തെല്ലെന്ന് അമ്പരക്കും അത്ര തന്നെ. നോ ഫീലിങ്ങസ്. ഇനി വിളിച്ചയാൾ ആത്മാർത്ഥമായി വിളിച്ചാൽ പോലും.

അതെ സമയം രോഷമുഖവുമായി തല നിലത്ത് തട്ടുന്ന് രീതിയിൽ പുറത്തടിച്ച് അനുമോദനങ്ങൾ ആക്രോശിച്ചാലോ എങ്ങനെയിരിക്കും.

 

ചുരുക്കി ഇംഗ്ലീഷിൽ പറഞ്ഞാൽ> ദി ഗ്രെയ്റ്റ് സൂപ്പർ ഹിറ്റ് കൺഗ്രാഡുലേഷൻ ബട്ട് വിന്നർ ഇൻ ഐസിയു.

 

അങ്ങനെ സംഭവിക്കുമോ എന്ന് ചോദിച്ചാൽ അതും അതിന്റെ അപ്പുറവും നടക്കും സമ്പൂർണ്ണസാക്ഷര കേരളത്തിൽ. അതും അക്ഷരം പഠിപ്പിക്കുന്ന ഗുരുക്കന്മാരാകുമ്പോൾ പ്രത്യേകിച്ചും.

 

ഞാൻ പറയാൻ പോകുന്ന കഥയിലെ കഥാപാത്രങ്ങൾക്ക് ജീവിക്കുന്നവരുമായി എന്തെങ്കിലും ബന്ധമുണ്ടെങ്കിൽ അത് എന്റെ കുറ്റമല്ല. ഗോഡ് ഈസ് ഗ്രെയ്റ്റ്. മൂപ്പര് ഒരെ പോലെ ഏഴാൾക്കാരെ സൃഷ്ടിക്കുന്നുണ്ടത്രെ. അതുകൊണ്ട് എന്റെ മേക്കിട്ട് കേറാൻ വരണ്ട.

 

എഴുതി എഴുതി ശത്രുത അവാർഡ് പോലെ വാങ്ങി കൂട്ടുന്നത് എന്റെ ജീവിതശീലമായിപ്പോയി.

മുൻജന്മദോഷം.

മുൻജന്മത്തിലെ ശത്രുക്കൾ പിന്നെ ബന്ധുക്കളായി പിറക്കുമെന്ന് ജ്യോതിഷശാസ്ത്രം നമുടെ തലക്കിട്ട് അച്ചട്ടായി പറഞ്ഞിട്ടുണ്ട് പോലും.

ചിലർക്ക് മുൻജന്മത്തിന്റെ ഹാങ്ങ്ഓവർ പെട്ടെന്ന് തീരില്ല. അത് ഒരു ഒന്നൊന്നര ജന്മം വരെ പോകും

“ഉവ്വോ”

ചിലപ്പോൾ ശരിയായിരിക്കും.

പക്ഷെ ചിലത് കാണുമ്പോൾ എഴുതാത്തതും പറയാത്തതും പോലും ശരിയാണെന്ന് തോന്നിപോകും.

 

നമ്മുടെ വീട്ടിൽ ഒരു മംഗള കർമ്മം നടക്കുമ്പോൾ പ്രത്യേകിച്ച് വിവാഹം നടക്കുമ്പോൾ ലോകത്തിന്റെ മുഴുവൻ അനുഗ്രഹം ആഗ്രഹിക്കും. ഒരു പുൽക്കൊടിയെപ്പോലും അവഗണിക്കരുതെന്നാണ് ശാസ്ത്രം. ബന്ധുമിത്രാദികളുടെ അനുഗ്രഹം വേണം. ക്ഷണക്കത്തിൽ അതിന് പ്രത്യേക കോളം തന്നെയുണ്ട്. പിന്നെ പ്രകൃതിയുടെ അനുഗ്രഹം വേണം. മഴയും കാറ്റും ഉണ്ടാകാതിരിക്കാൻ.

 

പിന്നെ ബന്ധുമിത്രാദികളുടെ വീട്ടിൽ ചെന്ന് കുശലം പറഞ്ഞ് ക്ഷണം നടത്തും. കല്യാണതലെന്നെ കൂടിചേർന്ന് കല്യാണം വമ്പിച്ച ആഘോഷമാക്കാൻ.

അതിനെ ക്ഷണം എന്ന് പറയും. ഏന്നാൽ ചിലർ ക്ഷണനം (വധം) നടത്തി കളയും. ആ കഥയാണിത്. എങ്ങനെ ചീത്ത പറഞ്ഞ് കല്യാണം ക്ഷണിക്കാമെന്ന് ആദ്യമായിട്ടാണ് ഞാനും കേട്ടത്. ദൈവത്തിനും സാത്താനും സ്തുതി. പ്ലിസ് റഫർ മുകിളിലെ നുറുങ്ങ് ചോദ്യം.

 

ഒരു അദ്ധ്യാപക കുടുംബ്ബത്തിൽ നടന്ന് കഥയാണിത്.

ഫ്ലഷ് ബാക്ക്.

രണ്ട് വർഷത്തിന് പിറകിലേക്ക്.

ടീച്ചറായ മൂത്ത സഹോദരി ഇളയ സഹോദരിയെ കയറി ഭരിക്കാൻ ശ്രമിച്ചു. മൂക്കിൽ കയറിട്ട് വലിക്കാൻ നോക്കി. എല്ലാം കൊണ്ട് അടിഞ്ഞ് പിരിഞ്ഞു. രണ്ടും രണ്ട് പാത്രത്തിലായി. ഇളയ സഹോദരി ഗൾഫിലേക്കും പോയി. മൂത്ത സഹോദരിയുടെ മകൾ വളർന്നു. കല്യാണമായി.മൂത്തസഹോദരി ഇളയ സഹോദരിയെ വിളിക്കാൻ തയ്യാറല്ല. എന്നാൽ സഹോദരി ഭർത്താവ് തന്നെ ഭാര്യാസഹോദരിയെ വിളിച്ചു. സഹദോരി വിളിക്കാതെ സഹോദരി ഭർത്താവിന് വിളിക്കാൻ പ്രോട്ടോകോൾ ഉണ്ടോയെന്ന് നിയമസഭയിലെ സ്പീക്കർ തീരുമാനിക്കട്ടെ.

 

കല്യാണം ക്ഷണിച്ചതോ അസുരരാഗത്തിലും ദ്രുതതാളത്തിലും ദാ.. ഇങ്ങനെ.

 

“എന്റെ മകളുടെ കല്യാണമാണ്. നീ അറിയാൻ മാത്രമാണ് വിളിച്ചത്. നീ അറിയണം എന്റെ മകളുടെ കല്യാണം കഴിയുന്നത്. നീ വരാൻ വേണ്ടിയല്ല ഈ പറയുന്നത്”  

അങ്ങെ തലക്കൽ ശാപവചനം പോലെ കത്തിവേഷം തിമിർത്താടികൊണ്ടിരിന്നു. ഇങ്ങെ തലക്കൽ രണ്ടിറ്റ് കണ്ണീർ ഉടഞ്ഞു വീണു.

അല്ലെങ്കിൽ വേണ്ട കണ്ണീർ വീണത് പറയുന്നില്ല. അവർക്കത് സന്തോഷമാകും. മറ്റുള്ളവരുടെ കണ്ണീരിലാണ് ചിലർക്ക് സന്തോഷം. പ്ലീസ് അത് വായിക്കരുത്. അത് ഞാൻ മായിച്ച് കളയുന്നു.

 

എന്താണ് ഇങ്ങനെയൊരു ക്ഷോഭിച്ചു കല്യാണം ക്ഷണിക്കൽ. ആരെങ്കിലും കല്യാണം മുടക്കാൻ പോയോ. മുമ്പ് എപ്പഴോ നടന്ന ഒരു ചെറിയ വഴക്കിന്(അതും അവരായി ഉണ്ടാക്കിയത്) രണ്ട് വർഷം കഴിഞ്ഞ് ഇങ്ങനെ ഒരു ശിക്ഷയോ.

 

എന്തുകൊണ്ട് ചിലർ ഇങ്ങനെയെന്ന് ചോദിച്ചാൽ

അതിന്റെ അർത്ഥശാസ്ത്രം(ധനശാസ്ത്രം) അറിയുന്നവർക്കറിയാം. ഡൽഹിയിൽ റിക്ഷക്കാരുടെ കൂടെ ഉണ്ടും ഉറങ്ങിയും കഴിഞ്ഞ കെജ്രിവാളിനെ ഒരു റിക്ഷക്കാരൻ തല്ലിയത്രെ. പിന്നെയാണ് അറിഞ്ഞത് ഓഫർ ഉള്ളത് കൊണ്ടാണ് തല്ലിയത്. അത് പോലെ ഇവിടേയും ചില ഓഫർ ഉണ്ടാകുമായിരിക്കും അല്ലാതെ ആരും ശത്രുത ഇരന്ന് വാങ്ങില്ലല്ലോ.

 

കുട്ടികൾ അറിയുന്നില്ല മുതിർന്നവരുടെ കുതന്ത്രങ്ങൾ.

കുട്ടികളെ നേർവഴിക്ക് നടത്തേണ്ട ഗുരുക്കന്മാർ തന്നെ കുതന്ത്രങ്ങൾ മെനയാൻ തുടങ്ങിയാൽ കുട്ടികൾ പോലും അറിയാതെ പറഞ്ഞു പോകും.

“മാ ഗുരു”

അരുത് ഗുരുവേ….അവിവേകമരുത്.

========================================================================

പിൻഭാഗം: അമ്പട കള്ളാ കല്യാണം ക്ഷണിക്കാത്തത് കൊണ്ടുള്ള കെറുവാണല്ലെ എന്ന് ചോദിച്ചാൽ. അമ്മാണെ സത്യം അതുകൊണ്ടല്ല. ഇക്കാലത്തെ കല്യാണകവർ താങ്ങാൻ കഴിയില്ല. വിളിക്കാത്തത് നന്നായി അത്രയും ദമ്പടി ലാഭായല്ലോ അത്രന്ന്യെ…

 

കൊട്ടേഷൻ സംഘം നാവരിഞ്ഞില്ലെങ്കിൽ ഇങ്ങനെയുള്ള പൊട്ടകഥയുമായി പിന്നെയും വരാം. അല്ലെങ്കിലെ ഒരു വധഭീഷണി നിലവിലുണ്ട് അതു കൊണ്ട് ഒരു അടി ഭീഷണി താങ്ങാനുള്ള പാങ്ങില്ല. ഭീഷണി തരുന്നുണ്ടെങ്കിൽ വധ ഭീഷണി തന്നെ ആയ്ക്കോട്ടെ.. അടി കിട്ടിയാൽ പിന്നേയും ജീവിക്കേണ്ടി വരും. വധമായാൽ എനിക്കും ഒന്നും ചിന്തിക്കണ്ട മറ്റുള്ളവർക്കും ശല്യമില്ല. എന്നാ പിന്നെ വധം തന്നെയാകട്ടെ…..