Tuesday, December 31, 2013
Thursday, November 28, 2013
പണമരം
താന്തോന്നിയായ പയ്യൻ
ആയിരം കൊണ്ട് വന്നപ്പോൾ
അമ്മ ചോദിച്ചു “എവിടെ
നിന്ന്?”
ലക്ഷങ്ങൾ വന്നപ്പോൾ
നാട്ടുകാർ ചോദിച്ചു “എവിടെ
നിന്ന്?”
പണം കുന്നുകൂടിയപ്പോൾ
ചോദ്യങ്ങൾ നിന്നു.
പ്രമാണിക്ക് പ്രണാമം.
മേമ്പൊടിക്കായി താരങ്ങളും
വന്നു
ആഘോഷരാവൊരുക്കാൻ.
നാല് പേർക്ക് തൊഴിലേകുന്ന
മുതലാളിക്ക് ഒത്താശയുമായി
നേതാക്കന്മാരും.
ചുക്കിലും ചുണ്ണാമ്പിലും
വിലസി പയ്യൻ.
പോലീസ് പിടിച്ചപ്പോൾ
തീവ്രവാദി ചാപ്പ കുത്തിയപ്പോൾ
കാർക്കിച്ച് തുപ്പി
അമ്മയും നാട്ടുകാരും.
അമ്മമാരും നാട്ടുകാരുമറിയുക
നാട്ടിൽ
പണം കായ്ക്കുന്ന മരമില്ല.
ആദിവാസി
കാട് വെട്ടി
നാട് ഉണ്ടാക്കി.
ഗ്രാമം കൊന്ന്
നഗരം പണിഞ്ഞു.
മണ്ണിൽ പൊന്ന് വിളയ്ക്കാതെ
ഭൂമി തലങ്ങും വിലങ്ങും
തുരന്നു.
മണ്ണിൽ ജീവനെ കൊന്ന്
അന്യഗ്രഹത്തിൽ ജീവനെ തേടി.
ഓസോൺ കുടയിൽ
അരിപ്പ തീർത്തു.
പക്ഷെ
ജീവിതം പഠിച്ചില്ല.
ദുരന്തങ്ങൾ
പെരുമാരിയായി.
മഹാരോഗങ്ങൾ
കൊടുങ്കാറ്റായി.
നട്ടെല്ല് തകർന്ന
നമുക്ക്
ഇനി
ആദിവാസികളെ തേടി പോകാം
ജീവിതം പഠിക്കാൻ.
Friday, November 1, 2013
അന്നദാതാവ്.
എന്റെ നാട്ടിൽ മെഗാസ്റ്റാർ
വന്നപ്പോൾ
ഞാൻ കാണാൻ പോയില്ല.
കാരണം
അവർ ഞങ്ങളുടെ പണം പറ്റിയവരാണ്.
ഒരു കാലത്ത് അവരുടെ സിനിമ
കാണാൻ
ഞങ്ങളോട് കെഞ്ചി അപേക്ഷിച്ചു.
മെഗാസ്റ്റാർ ആയപ്പോൾ
കുത്തകളുടെ ഉത്പന്നങ്ങൾ
വാങ്ങാൻ
ഞങ്ങളോട് ആജ്ഞാപിച്ചു.
എന്റെ നാട്ടിൽ സിനിമാനടി
വന്നപ്പോൾ
ഞാൻ കാണാൻ പോയില്ല.
കാരണം
അവർ ഞങ്ങളുടെ പണം പറ്റിയവരാണ്.
മാദകമേനി കാണിച്ച് ഞങ്ങളെ
പ്രലോഭിപ്പിച്ചു.
അധോലോകത്തിന്റെ റാണിയായി
ഞങ്ങളെ കൊള്ളയടിച്ചു.
എന്റെ നാട്ടിൽ ആൾദൈവങ്ങൾ
വന്നപ്പോൾ
ഞാൻ കാണാൻ പോയില്ല.
കാരണം
അവർ ഞങ്ങളുടെ പണം പറ്റിയവരാണ്.
ദിവ്യശക്തികൊണ്ട് രോഗങ്ങൾ
മാറ്റാതെ
ആതുരാലയങ്ങൾ തീർത്ത് കൊള്ളയടിക്കുന്നവരാണ്.
അജ്ഞതയിൽ അന്ധകാരത്തിന്റെ
ചായമടിക്കുന്നവരാണ്.
എന്റെ നാട്ടിൽ രാഷ്ട്രീയനേതാക്കന്മാർ
വന്നപ്പോൾ
ഞാൻ കാണാൻ പോയില്ല.
കാരണം
അവർ ഞങ്ങളുടെ പണം പറ്റിയവരാണ്.
പൊള്ളയായ വാഗ്ദാനങ്ങൾ
നൽകി,
ഞങ്ങളെ ഇരുട്ടത്തിരുത്തി,
വെളിച്ചം സ്വപ്നം കാണാൻ
പറഞ്ഞ്,
ഗൂഢശക്തികൾക്ക്
വെള്ളം കോരുന്നവരാണ്.
എന്റെ നാട്ടിൽ കർഷകർ വന്നപ്പോൾ
ഞാൻ കാണാൻ പോയി.
കാരണം
അവരാണ് ഞങ്ങൾക്ക് ചോറ്
തരുന്നത്.
അവരുടെ ദുരിതകഥകൾ കേട്ട്
അവരുടെ കൂടെ ഞാനും കരഞ്ഞു.
കാരണം
കർഷകൻ നാടിന്റെ നട്ടെല്ലാണ്.
Saturday, September 28, 2013
കുറുവെടി – 38
സാർ എങ്ങിനെയാണ് നിഷേധ വോട്ട് ഉപയോഗിക്കേണ്ടത്?
ജപ്പാനിൽ ജനങ്ങൾക്ക് നൽകിയ
ആണവസുരക്ഷാവാഗ്ദാനം തകർന്നപ്പോൾ എല്ലാ ആണവനിലയങ്ങളും അടച്ച് പൂട്ടി. എന്നാൽ ഇന്ത്യയിൽ
ജനസാന്ദ്രതയുള്ള സ്ഥലത്ത്പോലും ആണവനിലയങ്ങൾ
സ്ഥാപിക്കാനുള്ള അമേരിക്കൻ തിട്ടൂരത്തിന് സർക്കാർ മുട്ട് മടക്കുമ്പോൾ….
സാർ എവിടെയാണ്
നിഷേധ വോട്ട് ഉപയോഗിക്കേണ്ടത്?
പോലീസും ഉദ്യോഗസ്ഥന്മാരും
രാഷ്ട്രീയക്കാരും സിനിമാക്കാരും കള്ളക്കടത്തുകാർക്കും വർഗ്ഗീയവാദിക്കും കൊലയാളിക്കും
കുട പിടിക്കുമ്പോൾ…
സാർ എങ്ങിനെയാണ്
നിഷേധ വോട്ട് ഉപയോഗിക്കേണ്ടത്?
ജനങ്ങളുടെ ജീവനും സ്വത്തിനും
സംരക്ഷണം നൽകേണ്ട അധികാരികൾ കീടനാശിനികളും, രാസവസ്തുക്കളും നിറഞ്ഞ പച്ചക്കറികളും ഭക്ഷണപദാർത്ഥങ്ങളും
യഥേഷ്ടം വിൽക്കാനനുവദിച്ച് ജനങ്ങളെ ഇഞ്ചിഞ്ചായി കൊല്ലുമ്പോൾ…
സാർ എങ്ങിനെയാണ്
നിഷേധ വോട്ട് ഉപയോഗിക്കേണ്ടത്?
Thursday, September 5, 2013
കുറുവെടി – 37
മന്മോഹനം
വറുതി
അക്കൊല്ലത്തെ വിളവെടുപ്പ് ഗംഭീരമായിരുന്നു. തമ്പുരാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി.
അടിയാളന്മാരെ പ്രത്യേകം പ്രത്യേകം വിളിച്ച് അഭിനന്ദിച്ചു. “ഭേഷ് ഇങ്ങനെ വേണം എല്ലാകൊല്ലവും.
നമ്മുക്കിത് അടിച്ച് പൊളിക്കണം”
തമ്പുരാൻ ബിരിയാണി കഴിച്ചു.
അടിയാളന്മാർ കഞ്ഞി കുടിച്ചു.
തമ്പുരാൻ നിശാശാലയിൽ അർമാദിച്ചു.
അടിയാളന്മാർ ആഘോഷങ്ങളൊന്നുമറിയാതെ കുടിലിൽ നിലത്ത് കിടന്നുറങ്ങി.
പത്തായം കാലിയായപ്പോൾ തമ്പുരാൻ പറഞ്ഞു.
“നാട് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇനി ചെലവ് ചുരുക്കി മുണ്ട്
മുറുക്കി ഉടുത്ത് ജീവിക്കണം”
മുണ്ട് ആരാണ് മുറുക്കേണ്ടത്?
“തമ്പ്രാ ഞങ്ങൾ പണ്ടെ മുണ്ട് മുറുക്കിയാണ് ജീവിക്കുന്നത്. ഇനി എവിടെയാണ്
മുറുക്കേണ്ടത്?
തമ്പുരാന്റെ മുഖം ചുവന്നു.
“എന്റെ കൈവശം മാന്ത്രികവടിയൊന്നുമില്ല പത്തായം നിറക്കാൻ”
തമ്പുരാൻ അരിശം കൊണ്ടു.
തമ്പുരാന്റെ പൃഷ്ഠം കൊഞ്ഞനം കുത്തി. പിന്നെ അന്ത:പുരത്തിലേക്ക് പോയി.
അടിയാളന്മാരെ വോട്ട്ശീട്ടുകൾ പല്ലിളിച്ച് കാണിച്ചു.
അനന്തരം… സംഭാവാമീ യുഗേ… യുഗേ…
കുറുവെടി – 36
സുതാര്യസിംഹാസനം
ഒടുക്കം രാജാവ് സമ്മതിച്ചു.
സൂര്യകിരൺ കേസിൽ തന്നേയും കൊട്ടാരത്തിനേയും ഉൾപ്പെടുത്താമെന്ന്.
രാശവെ ഇതല്ലെ നിന്നോട്
അന്നെ പച്ചമലയാളത്തിൽ പറഞ്ഞത്. ഇതൊരു ചെരിയ കോടിയുടെ കേസാണെന്നും. ഖജനാവിന് ഒരു പൈസയുടെ
നഷ്ടം ഇല്ലെന്നും ഒക്കെ പറഞ്ഞ് എന്ത് പുകിലായിരുന്നു. എന്ത് അവമാനം സഹിച്ചാലും സിംഹാസനം
വിടില്ല എന്നും. ഇപ്പോ എന്തായി ഒരു ചെറിയ കോടിയുടെ കേസിന് എത്ര കോടിയാണ് ചെലവായത്.
നിയമസഭാസ്തംഭനം, ഭരണസ്തംഭനം, കോടികളുടെ സമരം, സമരം ഒതുക്കാൻ കോടികളുടെ ചിലവ്, നിരവധി
കോടി നഷ്ടമാക്കിയപ്പോൾ തലക്ക് വെളിച്ചം വന്നല്ലോ.
എന്നാല് ഇനിയെങ്കിലും
ആ തുണിയെടുത്ത് ഉടുത്ത് സിംഹാസനം വിട്ട് പോയിക്കൂടെ.. ഇനി അതിനും കോടതി കോലിട്ട് ഇളക്കാൻ
കാത്ത് നിൽക്കണോ.
ഇപ്പോൾ കിട്ടിയ വാർത്ത:
സലിംനായകന്റെ ഭൂമി കേസിൽ അന്വേഷണം സംഘം തന്നെ തെളിവുകൾ നശിപ്പിക്കുന്നെന്ന് കോടതി.
അപ്പോ എല്ലാ കേസും ഇങ്ങനെ തന്നെ ആകുമോ രാാാശവെ..
Friday, August 23, 2013
കുറുമൊഴി-11
പൈതൃകസ്വത്ത്
പായ്ക്കറ്റ് പാലിന് വേണ്ടി വരി നിൽക്കുന്നവരോട് സഞ്ചാരി ചോദിച്ചു.
“നാട്ടിൽ പശു ഉണ്ടായിട്ടും നിങ്ങളെന്തിനാണ് ഇവിടെ വരി നിൽക്കുന്നത്?”
“അതോ ആ പശുവിന്റെ പാലിന് കൊഴുപ്പില്ല. പോരാത്തതിന് അവന് വൃത്തിയുമില്ല”
അവരുടെ അല്പത്തം കേട്ടിട്ട്
സഞ്ചാരി പറഞ്ഞു.
“ഈ പായ്ക്കറ്റ് പാലിൽ
എന്താണ് ഉള്ളതെന്ന് നിങ്ങൾക്കറിയാമോ. എത്ര വൃത്തിഹീനമായിട്ടാണ് ഉണ്ടാക്കുന്നതെന്നറിയാമോ.
എത്ര വിഷവസ്തുക്കൾ ചേർക്കുന്നുണ്ടെന്നറിയാമോ? നിങ്ങളുടെ അയൽക്കാരന്റെ ഒരു ചെറിയ വൃത്തിയുടെ
പേരിൽ നിങ്ങൾ എത്ര വലിയ വൃത്തികെട്ട സാധനങ്ങളാണ് വാങ്ങി കഴിക്കുന്നത്.
നിങ്ങൾ അയൽക്കാരന്റെ പാൽ
വാങ്ങുമ്പോൾ അവന്റെ ഉപജീവനത്തിന് നിങ്ങൾ തുണയാകുന്നു. അവൻ നിങ്ങൾക്ക് അമൃതം തരുന്നു.
നാടൻ പശുവിന്റെ ചാണകവും
മൂത്രവും ഉപയോഗിച്ച ജീവാമൃതം ഗ്രാമത്തിലെ കൃഷിയിടങ്ങളെ ഫലഭൂയിഷ്ടമാക്കുന്നു”
Tuesday, August 13, 2013
Thursday, July 18, 2013
സുതാര്യത …. ?*!@#^#@?!#@?$?*?!#@?
ജനങ്ങളുടെ പരാതി വാങ്ങികൊണ്ടിരിക്കെ
രാജാവിന്റെ ഉടുതുണി അഴിഞ്ഞ് പോയി. സ്വന്തം മൂക്കിന് താഴെ നടന്നത് രാജാവറിഞ്ഞില്ല. രാജാവ്
നഗ്നനാണ് എന്ന് വിളിച്ച് പറയാൻ കുട്ടികൾ ഇല്ലാത്തത് കൊണ്ട് രാജാവിന്റെ വിശ്വരൂപം കണ്ട്
ജനങ്ങൾ കണ്ണിൽ കണ്ണിൽ നോക്കി ചിരിച്ചു. രാജാവ് തന്റെ പിൻഭാഗവും കാണിച്ച് ഘനഗംഭീരനായി
നടന്ന് പോകുകയും ചെയ്തു.
തെളിവുണ്ടോ? രാജാവ് ചോദിച്ചു
ഞങ്ങൾ സ്വന്തം കണ്ണ് കൊണ്ട്
കണ്ടതാണ്. ജനങ്ങൾ പറഞ്ഞു.
റെക്കോർഡ് ഉണ്ടോ? രാജാവ്
ചോദിച്ചു. എങ്കിൽ ഞാൻ സമ്മതിക്കാം.
ജനം അന്തം വിട്ടു. കണ്ണിൽ
റെക്കോർഡ് ഉണ്ടോ?
ജനങ്ങൾ കണ്ണിൽ കണ്ണിൽ
നോക്കി.
രാജാവ് വീണ്ടും വിവസ്ത്രനാകുന്നു.
Thursday, June 20, 2013
Wednesday, June 19, 2013
വലിയ കുട
മഴ ആഘോഷിക്കാൻ
ഞാനൊരു വലിയ കുട വാങ്ങി.
തിമിർത്ത് പെയത മഴയിൽ
നനയാതെ മഴയെ തോൽപ്പിച്ചു.
വിജയശ്രീലാളിതനായി
വീട്ടിലെത്തിയപ്പോൾ
ഭാര്യ പറഞ്ഞു
നിങ്ങളൊരു വയസ്സനായി.
നനഞ്ഞൊലിച്ച കുടയെ
അവൾ മൂലയിലേക്ക് മാറ്റിവെച്ചു.
ചെറിയ കുട പിടിച്ചാൽ
ചെറുപ്പമാകുമോ?
വലിയ കുട കണ്ട്
കുട്ടികൾ ഓടി വന്നു.
വീണ്ടും മഴയിലേക്ക്
മഴയെ തോൽപ്പിക്കാൻ.
വലിയ കുടയ്ക്ക് കീഴിൽ
ഞങ്ങളെല്ലാവരും
കുട്ടികളായി.
ചെറുതിനോട് ചേർന്നാൽ
ചെറുപ്പമാകും.
Tuesday, April 16, 2013
Friday, March 8, 2013
Thursday, March 7, 2013
രക്തസാക്ഷിസ്മാരകങ്ങൾ
പട്ടാളക്കാർ പൊരുതി മരിക്കുന്നതാർക്കുവേണ്ടി?
നാടിന് വേണ്ടി.
വിപ്ലവകാരികൾ പൊരുതി മരിക്കുന്നതാർക്കുവേണ്ടി?
നാടിന് വേണ്ടി.
അവരുടെ മോഹങ്ങളും സ്വപ്നങ്ങളും
ത്യജിക്കുന്നതാർക്കുവേണ്ടി?
നാടിന് വേണ്ടി.
നാടുറങ്ങുമ്പോൾ
അവരുറങ്ങാതിരിക്കുന്നതാർക്കു വേണ്ടി?
നാടിന് വേണ്ടി.
വിപ്ലവകാരികളും പട്ടാളക്കാരും തമ്മിൽ
പൊരുതി മരിക്കുന്നതാർക്കുവേണ്ടി!!
നാടിന് വേണ്ടി??
വീരമൃത്യു പൂണ്ടവർക്ക്
നാട് നൽകും
രക്തസാക്ഷിദിനങ്ങളും
സ്മാരകങ്ങളും.
കടുവകളും മാവോവാദികളും
കടുവകൾ കാടിറങ്ങുന്നു
ജനങ്ങൾ മാവോവാദികളായി കാട് കയറുന്നു.
മാവോവാദി വേട്ടയ്ക്കായി കാട്ടിൽ പോയവർ
തിരിച്ചുവന്നപ്പോൾ
മന്ത്രി പറഞ്ഞു
ക്ഷേമപ്രവർത്തനങ്ങൾക്ക് പണമില്ല.
വിലക്കയറ്റം തടയാൻ
മാന്ത്രിക വടിയില്ല.
പണം കായ്ക്കുന്ന മരമില്ല.
അരിക്ക് പകരം കോഴിയെ തിന്നുക.
നയങ്ങൾ ഇങ്ങനെ പോയാൽ
കടുവകൾ കാടിറങ്ങും
ജനങ്ങൾ മാവോവാദികളായി കാട് കയറും.
Sunday, March 3, 2013
വീണ്ടുമൊരു വിവാഹദിനമെത്തുമ്പോൾ
വീണ്ടുമൊരു വിവാഹദിനമെത്തുമ്പോൾ
മാർച്ച് നാല്
മാർച്ച് നാല്
തിങ്കളാഴ്ച്ച
സിന്ദൂരച്ചെപ്പിലുതിർന്ന
സിന്ദൂരകണങ്ങൾ
നിൻ മൂർദ്ധാവിലൂടെ
പുരികവീഥിയിലൂടെ
മിഴിയിഴകളിലൂടെ
അധരശോണിമയിൽ ചേർന്നപ്പോൾ
മഴവില്ല് കണ്ടു ഞാൻ നിൻ മിഴികളിൽ.
സിന്ദൂരധൂളികൾ പച്ചപുടവയിൽ
വർണ്ണങ്ങൾ തീർത്തപ്പോളുറക്കെ
പറഞ്ഞുപോയി ഞാൻ
ദില്ലിയിലിന്ന് ഹോളിയാണല്ലോ.
പതുക്കെ കല്ല്യാണസഭയിൽ
ചിരിയലയടിച്ചപ്പോൾ
മഴവില്ല് കണ്ടു ഞാൻ നിൻ മിഴികളിൽ.
ആന്ധ്രയിൽ രാത്രിയിലാരോ നീയിരിക്കും
തീവണ്ടിജനൽ വിതാനിച്ചപ്പോൾ
മഴവില്ല് കണ്ടു ഞാൻ നിൻ മിഴികളിൽ.
നവദമ്പതികളാണെന്നിവർക്കെങ്ങനെ അറിയാമെന്ന്
നീ ചിന്തിച്ചിരിക്കെ
ബൊക്കയും മാലയുമയി വന്നവർ
ഞങ്ങൾക്കൊപ്പമിരുന്ന നേതാവിനാനയിച്ചു കൊണ്ടുപോയി.
പിന്നെ അലങ്കാരജനലുമായി
മധ്യപ്രദേശും,ഉത്തർപ്രദേശും,ഹരിയാനയും കടന്ന്
ഇന്ദ്രപ്രസ്ഥമെത്തിയെപ്പോൾ
മഴവില്ല് കണ്ടു ഞാൻ നിൻ മിഴികളിൽ.
രാംചന്ദ്ര് കീ ജയ്
സീതാസമേതരാമന് ഭജനയുമായി
സർക്കാർ ജീവനക്കാർ
താളമേള സമൃദ്ധം
തീവണ്ടിമുറി ഭക്തിസാന്ദ്രമാക്കിയപ്പോൾ
മഴവില്ല് കണ്ടു ഞാൻ നിൻ മിഴികളിൽ.
താജ്മഹലിൽ
ഷാജഹാൻ മുംതാസിനോടെന്നപോൽ
മഥുരയിൽ
കൃഷ്ണൻ രാധയോടെന്നപോൽ
ചെങ്കോട്ടയിൽ
ഔറംഗസേബിന്റെ അന്ത:പ്പുരങ്ങളിലലഞ്ഞപ്പോൾ
മഴവില്ല് കണ്ടു ഞാൻ നിൻ മിഴികളിൽ.
ആയിരത്തിയൊന്ന് രാവുകളിൽ
മണലാരണ്യത്തിലെ ശീതാലയത്തിൽ
വിണ്ടുമൊന്നുചേർന്നപ്പോൾ
മഴവില്ല് കണ്ടു ഞാൻ നിൻ മിഴികളിൽ.
ഇനിയും നിൻ മിഴികളിൽ മഴവില്ലുകൾ വിരിയും
മനവും തനുവും പ്രണയത്തിൽ കുതിരുമ്പോൾ.
പ്രണയത്തിനതിരില്ല
ദിനമില്ല
വയസ്സില്ല
കാലമില്ല
മിഴികൾ നാലും ഇണചേരുമ്പോൾ
സിരകളിൽ പതയുന്നു ലഹരി;
ആദ്യമായി നിൻ മിഴികളിൽ
മഴവില്ലുകണ്ടാദിനമെന്നുപോൽ.
ഇനിയും നിൻ മിഴികളിൽ മഴവില്ലുകൾ വിരിയും
പ്രണയം മരിക്കുന്നതുവരെ
ഞാൻ പ്രണയിക്കുന്നു നിന്നെ
മിഴികളടയുന്നതുവരെ.
Thursday, January 31, 2013
ജനാധിപത്യം ഒരു കിളിക്കൂടാണ്
ഒരു കിളിക്കൂടാണ്.
സാധാരണക്കാരൻ
ഒരു കിളിയാണ്.
സ്വാതന്ത്ര്യം
ചിലരുടെ ഔദാര്യമാണ്;
ജനാധിപത്യം
ജനങ്ങളുടെ മീതെ
ചിലരുടെ ആധിപത്യമാകുമ്പോൾ.
വിലക്കയറ്റവും കള്ളപ്പണവും
സ്വർണ്ണത്തളികയിൽ പൂജിക്കപ്പെടുന്നു,
ജനവിരുദ്ധത
ജനാധിപത്യത്തിന്റെ മുഖമുദ്രയാകുമ്പോൾ;
ജനകീയസമരങ്ങൾ
തെരുവിൽ ചോരപ്പുഴയാകുന്നു.
ജനാധിപത്യം
ദരിദ്രനെ
അതിദരിദ്രനായും
സമ്പന്നനെ
അതിസമ്പന്നനുമാക്കുന്നു.
ധനികനും ദരിദ്രനും
അതിവേഗം വളരുന്നു.
സമ്പന്നജനവും ദരിദ്രജനവും.
ജനാധിപത്യം
അടിത്തട്ട്കാരന്റെ
ഒരു വോട്ടിന്റെ അഹങ്കാരമാണ്,
മേൽത്തട്ടുകാരന്റെ പൊങ്ങച്ചവും.
ജനാധിപത്യം ഒരു കിളിക്കൂടാണ്.
സാധാരണക്കാരൻ കൂട്ടിലെ കിളിയും.
Thursday, January 24, 2013
കിണറിലെ വെള്ളം.
കിണർ എത്ര കുഴിച്ചാൽ
വെള്ളം കിട്ടും?
ഒരു മീറ്റർ
രണ്ട് മീറ്റർ
മൂന്ന് മീറ്റർ
അഞ്ച് മീറ്റർ
ഇരുപത് മീറ്റർ…
വർഷം തോറും
കിണർ വളരുന്നു താഴോട്ട്…
മരങ്ങൾ മുറിച്ചു
കുളങ്ങൾ മൂടി
നെൽപ്പാടങ്ങൾ നികത്തി
എന്നിട്ടും
കിണറിൽ വെള്ളമില്ല.
മഹാമാരി പെയ്തു
കൊടുങ്കാറ്റ് അടിച്ചു
ഭൂമി കുലുങ്ങി
സുനാമി വീശി
എന്നിട്ടും
കിണറിൽ വെള്ളമില്ല.
മുത്തച്ഛൻ കൈകുമ്പിളിലൊതുക്കിയ
വെള്ളം കുഴൽ കിണറിന്റെ
അഗാധതലങ്ങളിലൊളിച്ചു കളിക്കുന്നു.
കിണറിൽ വെള്ളം തേടിയ മകൻ
കിണർ കുഴിച്ചിറങ്ങിയ അച്ഛന്റെ
എല്ലും തോലുമായി മടങ്ങി.
കിണർ എത്ര കുഴിച്ചാൽ
വെള്ളം കിട്ടും?
ഒരു ആയുസ്സ്
രണ്ട് ആയുസ്സ്
മൂന്ന് ആയുസ്സ്............!!!
Subscribe to:
Posts (Atom)