Thursday, May 14, 2009

നടി നടന്റെ ഭാര്യയായപ്പോള്‍ (നടനം ജീവിതം)

കവിത കേള്‍ക്കാം


1.പ്രണയകാലം
കൊഞ്ചും മിഴിയെ
ഇമ്പം മൊഴിയെ
മധുരം ചൊടിയെ
ഉലയും നാഗ ഗാത്രമെ
കലതന്‍ നിറദീപമെ
നീയില്ലാത്ത വെള്ളിത്തിര
ഹാ കഷടം, ഉപ്പില്ലാത്ത കടലാകുന്നു.
വെള്ളിത്തിരയില്‍ നീ നിറയുമ്പോള്‍
സിരകളില്‍ അഗ്നി നുരയുന്നു.
ദേവി, ചലച്ചിത്രനഭസ്സിലെ തേജോമയി
നീയില്ലാത്ത സിനിമാലോകം
അചിന്തനീയം അസാദ്ധ്യം.
തുടിക്കും നിനവേ
നടന തിടമ്പെ
മേനിയിലൊഴുകും ജലകണമാകട്ടെ ഞാന്‍.
ഭാവ സാഗരമെ
നവരസകൂട്ടെ
ദേവി, നടന വിഗ്രഹമേ
നിന്റെ മൂര്‍ദ്ധാവിലെ ചന്ദനപ്പൊട്ടാകട്ടെ ഞാന്‍.
രാഗമേളങ്ങളതന്‍ ദ്രുതതാള ചരണങ്ങളില്‍
നമിക്കുന്നു ഞാന്‍.
ദേവി, നിന്റെ ദാസനായി.

2.വൈവാഹികം
നിന്റെ അംഗസൌഭാഗ്യങ്ങള്‍
പട്ടുചേലയില്‍ പൊതിയുക.
ഭാവഭാവാഭിനയങ്ങള്‍ക്ക് മുഖപടമണിയിക്കുക.
നീ എന്റെതല്ലെ എന്റെ സ്വന്തം മാത്രം
എന്‍ പൊന്‍പ്പെട്ടിയിലെ പവിഴമുത്തല്ലെ.
മുത്തെ നിന്നെ ഞാന്‍ പട്ടുകൊണ്ടു പൊതിയും
കാറ്റും വേണ്ട വെയിലും വേണ്ട
പൊടിയും കൊള്ളണ്ട.
നീ എന്റെതല്ലെ എന്റെ സ്വന്തം മാത്രം
മുഖം കൊടുക്കരുത് തേടിയെത്തും മുന്‍ നായകന്മാറ്ക്ക്
അഴകിയ രാവണന്മാരായെത്തും
ലജ്ജയേതുമില്ലാത്ത ഇത്തിള്‍ കണ്ണികള്‍.
കാമപേക്കോലങ്ങള്‍.
കാള്‍ഷീറ്റ് തൊട്ടുപോകല്ലെ പൊന്നെ
ഏഴയലത്തടുപ്പിക്കരുത്
പുറം കാല്‍ കൊണ്ട് ദൂരെക്കെറിയുക
പാപക്കനിയേന്തും പ്രലോഭനങ്ങളെ.
അരികില്‍ ഞാനില്ലാത്ത നേരം
കൊഞ്ചിക്കളിക്കുക, പിഞ്ചുങ്ങള്‍ തന്‍ മനം കവരുക.
കുട്ടികളല്ലോ വീടിന്റെ സൌഭാഗ്യം.
മാതാപിതാക്കള്‍തന്‍ പാദസേവ ചെയ്യുക
സീതയാകുക ശീലാവതിയാകുക.
പുരാണങ്ങള്‍ തന്നെ ആധാരശിലകള്‍
സാധകം ചെയ്യുക പാരമ്പര്യം വിടാതെ.

3.ഉപജീവനം
നടിതന്‍ അധരം നുണയുന്നത്
തൊഴിലല്ലെ, ചോറല്ലെ പൊന്നെ..
നിനയ്ക്ക് വേണ്ടിയല്ലെ..
സ്തനഭാരങ്ങള്‍ ഏറ്റുവാങ്ങുന്നതും
അംഗവടിവുകളിലെ ആരോഹണാവരോഹണവും
തൊഴിലല്ലെ, ചോറല്ലെ പൊന്നെ..
നിനയ്ക്ക് വേണ്ടിയല്ലെ.
നായികയെ കെട്ടിപിടിച്ചെന്നോ
ഉമ്മ വെച്ചെന്നോ, കിടപ്പറ പങ്ക് വെച്ചെന്നോ
ഗോസിപ്പുകളില്‍ തുണിയഴിഞ്ഞെന്നോ
ച്ചെ ച്ചെ..സ്വപ്നമല്ലെ സിനിമയല്ലെ
തൊഴിലല്ലെ, ചോറല്ലെ പൊന്നെ..
നിനയ്ക്ക് വേണ്ടിയല്ലെ..

4.സാന്ത്വനം
അരുതരുത് പ്രിയെ വിഷക്കുപ്പി തേടരുതെ.
ഞാനില്ലെ എന്റെ സ്നേഹമില്ലെ
നിന്റെ കണ്ണീറ്ത്തുള്ളികള്‍
എന്നെ ചുട്ടുപ്പൊള്ളിക്കും
പൊഴിക്കാതെ കണ്ണീറ്
മാറിലൊളിപ്പിക്കുക ഗദ്ഗദങ്ങളെ.
കഥകളി അരങ്ങൊഴിയുന്ന പുലറ്വേളയിലും
ഉറങ്ങാതെ ഇമ വെട്ടാതെ
നിന്റെ മടിയില്‍ ഞാനില്ലെ
നിന്റെ വാക്കുകള്‍ക്കായി,
നിന്റെ കടാക്ഷങ്ങള്‍ക്കായി.
നീ എന്റെതല്ലെ എന്റെ സ്വന്തം മാത്രം.