Friday, August 23, 2013

കുറുമൊഴി-11

 



 പൈതൃകസ്വത്ത്
 

 
പായ്ക്കറ്റ് പാലിന് വേണ്ടി വരി നിൽക്കുന്നവരോട് സഞ്ചാരി ചോദിച്ചു.
“നാട്ടിൽ പശു ഉണ്ടായിട്ടും നിങ്ങളെന്തിനാണ് ഇവിടെ വരി നിൽക്കുന്നത്?”
“അതോ ആ പശുവിന്റെ പാലിന് കൊഴുപ്പില്ല. പോരാത്തതിന് അവന് വൃത്തിയുമില്ല”



 

അവരുടെ അല്പത്തം കേട്ടിട്ട് സഞ്ചാരി പറഞ്ഞു.
“ഈ പായ്ക്കറ്റ് പാലിൽ എന്താണ് ഉള്ളതെന്ന് നിങ്ങൾക്കറിയാമോ. എത്ര വൃത്തിഹീനമായിട്ടാണ് ഉണ്ടാക്കുന്നതെന്നറിയാമോ. എത്ര വിഷവസ്തുക്കൾ ചേർക്കുന്നുണ്ടെന്നറിയാമോ? നിങ്ങളുടെ അയൽക്കാരന്റെ ഒരു ചെറിയ വൃത്തിയുടെ പേരിൽ നിങ്ങൾ എത്ര വലിയ വൃത്തികെട്ട സാധനങ്ങളാണ് വാങ്ങി കഴിക്കുന്നത്.
നിങ്ങൾ അയൽക്കാരന്റെ പാൽ വാങ്ങുമ്പോൾ അവന്റെ ഉപജീവനത്തിന് നിങ്ങൾ തുണയാകുന്നു. അവൻ നിങ്ങൾക്ക് അമൃതം തരുന്നു.
നാടൻ പശുവിന്റെ ചാണകവും മൂത്രവും ഉപയോഗിച്ച ജീവാമൃതം ഗ്രാമത്തിലെ കൃഷിയിടങ്ങളെ ഫലഭൂയിഷ്ടമാക്കുന്നു”

കുറുമൊഴി-10

കുറുമൊഴി-9

Thursday, July 18, 2013

സുതാര്യത …. ?*!@#^#@?!#@?$?*?!#@?


ജനങ്ങളുടെ പരാതി വാങ്ങികൊണ്ടിരിക്കെ രാജാവിന്റെ ഉടുതുണി അഴിഞ്ഞ് പോയി. സ്വന്തം മൂക്കിന് താഴെ നടന്നത് രാജാവറിഞ്ഞില്ല. രാജാവ് നഗ്നനാണ് എന്ന് വിളിച്ച് പറയാൻ കുട്ടികൾ ഇല്ലാത്തത് കൊണ്ട് രാജാവിന്റെ വിശ്വരൂപം കണ്ട് ജനങ്ങൾ കണ്ണിൽ കണ്ണിൽ നോക്കി ചിരിച്ചു. രാജാവ് തന്റെ പിൻഭാഗവും കാണിച്ച് ഘനഗംഭീരനായി നടന്ന് പോകുകയും ചെയ്തു.

 കാര്യങ്ങൾ അവിടം കൊണ്ടും തീർന്നില്ല. പറഞ്ഞ് പറഞ്ഞ് രാജാവിന്റെ അധോരഹസ്യം നാട്ടിൽ പാട്ടായി. രാജാവ് അത് ശക്തിയായി നിഷേധിച്ചു. അങ്ങനയൊന്നും സംഭവിച്ചിട്ടില്ല. തെളിയിച്ചാൽ ഞാൻ രാജിവെക്കും. രാജാവിനെ പറഞ്ഞിട്ടും കാര്യമില്ല. മൂക്കിന് താഴെയല്ലെ നടന്നത്. രാജാവെങ്ങനെ അറിയും.

തെളിവുണ്ടോ? രാജാവ് ചോദിച്ചു

ഞങ്ങൾ സ്വന്തം കണ്ണ് കൊണ്ട് കണ്ടതാണ്. ജനങ്ങൾ പറഞ്ഞു.

റെക്കോർഡ് ഉണ്ടോ? രാജാവ് ചോദിച്ചു. എങ്കിൽ ഞാൻ സമ്മതിക്കാം.

ജനം അന്തം വിട്ടു. കണ്ണിൽ റെക്കോർഡ് ഉണ്ടോ?

ജനങ്ങൾ കണ്ണിൽ കണ്ണിൽ നോക്കി.

രാജാവ് വീണ്ടും വിവസ്ത്രനാകുന്നു.

Thursday, June 20, 2013

കൂട്ടുകക്ഷിഭരണം

 

കൂട്ടി കൂട്ടി

തട്ടി കൂട്ടി

നക്കി പൊക്കി

ചട്ടനും പൊട്ടനും

ചാക്കും തോക്കും

കാട്ടീം പൊക്കീം

 

നാക്കും മൂക്കും

വാക്കും നോക്കും

പല്ലും നഖോം

കറുമുറ

തറുമുറ

മുട്ടീം തട്ടീം

ചട്ടീം കലോം

തട്ടീം പൊട്ടീം

തട്ടണ് പൊട്ടണ്

ധിം

തരികിട

തരികിട

തരികിട

തരികിട

തോം.

Wednesday, June 19, 2013

വലിയ കുട

മഴ ആഘോഷിക്കാൻ
ഞാനൊരു വലിയ കുട വാങ്ങി.
തിമിർത്ത് പെയത മഴയിൽ
നനയാതെ മഴയെ തോൽ‌പ്പിച്ചു.
വിജയശ്രീലാളിതനായി
വീട്ടിലെത്തിയപ്പോൾ
ഭാര്യ പറഞ്ഞു
നിങ്ങളൊരു വയസ്സനായി.
നനഞ്ഞൊലിച്ച കുടയെ
അവൾ മൂലയിലേക്ക് മാറ്റിവെച്ചു.
 
ചെറിയ കുട പിടിച്ചാൽ
ചെറുപ്പമാകുമോ?
 
വലിയ കുട കണ്ട്
കുട്ടികൾ ഓടി വന്നു.
വീണ്ടും മഴയിലേക്ക്
മഴയെ തോൽ‌പ്പിക്കാൻ.
വലിയ കുടയ്ക്ക് കീഴിൽ
ഞങ്ങളെല്ലാവരും
കുട്ടികളായി.
 
ചെറുതിനോട് ചേർന്നാൽ
ചെറുപ്പമാകും.