Thursday, July 18, 2013

സുതാര്യത …. ?*!@#^#@?!#@?$?*?!#@?


ജനങ്ങളുടെ പരാതി വാങ്ങികൊണ്ടിരിക്കെ രാജാവിന്റെ ഉടുതുണി അഴിഞ്ഞ് പോയി. സ്വന്തം മൂക്കിന് താഴെ നടന്നത് രാജാവറിഞ്ഞില്ല. രാജാവ് നഗ്നനാണ് എന്ന് വിളിച്ച് പറയാൻ കുട്ടികൾ ഇല്ലാത്തത് കൊണ്ട് രാജാവിന്റെ വിശ്വരൂപം കണ്ട് ജനങ്ങൾ കണ്ണിൽ കണ്ണിൽ നോക്കി ചിരിച്ചു. രാജാവ് തന്റെ പിൻഭാഗവും കാണിച്ച് ഘനഗംഭീരനായി നടന്ന് പോകുകയും ചെയ്തു.

 കാര്യങ്ങൾ അവിടം കൊണ്ടും തീർന്നില്ല. പറഞ്ഞ് പറഞ്ഞ് രാജാവിന്റെ അധോരഹസ്യം നാട്ടിൽ പാട്ടായി. രാജാവ് അത് ശക്തിയായി നിഷേധിച്ചു. അങ്ങനയൊന്നും സംഭവിച്ചിട്ടില്ല. തെളിയിച്ചാൽ ഞാൻ രാജിവെക്കും. രാജാവിനെ പറഞ്ഞിട്ടും കാര്യമില്ല. മൂക്കിന് താഴെയല്ലെ നടന്നത്. രാജാവെങ്ങനെ അറിയും.

തെളിവുണ്ടോ? രാജാവ് ചോദിച്ചു

ഞങ്ങൾ സ്വന്തം കണ്ണ് കൊണ്ട് കണ്ടതാണ്. ജനങ്ങൾ പറഞ്ഞു.

റെക്കോർഡ് ഉണ്ടോ? രാജാവ് ചോദിച്ചു. എങ്കിൽ ഞാൻ സമ്മതിക്കാം.

ജനം അന്തം വിട്ടു. കണ്ണിൽ റെക്കോർഡ് ഉണ്ടോ?

ജനങ്ങൾ കണ്ണിൽ കണ്ണിൽ നോക്കി.

രാജാവ് വീണ്ടും വിവസ്ത്രനാകുന്നു.

Thursday, June 20, 2013

കൂട്ടുകക്ഷിഭരണം

 

കൂട്ടി കൂട്ടി

തട്ടി കൂട്ടി

നക്കി പൊക്കി

ചട്ടനും പൊട്ടനും

ചാക്കും തോക്കും

കാട്ടീം പൊക്കീം

 

നാക്കും മൂക്കും

വാക്കും നോക്കും

പല്ലും നഖോം

കറുമുറ

തറുമുറ

മുട്ടീം തട്ടീം

ചട്ടീം കലോം

തട്ടീം പൊട്ടീം

തട്ടണ് പൊട്ടണ്

ധിം

തരികിട

തരികിട

തരികിട

തരികിട

തോം.

Wednesday, June 19, 2013

വലിയ കുട

മഴ ആഘോഷിക്കാൻ
ഞാനൊരു വലിയ കുട വാങ്ങി.
തിമിർത്ത് പെയത മഴയിൽ
നനയാതെ മഴയെ തോൽ‌പ്പിച്ചു.
വിജയശ്രീലാളിതനായി
വീട്ടിലെത്തിയപ്പോൾ
ഭാര്യ പറഞ്ഞു
നിങ്ങളൊരു വയസ്സനായി.
നനഞ്ഞൊലിച്ച കുടയെ
അവൾ മൂലയിലേക്ക് മാറ്റിവെച്ചു.
 
ചെറിയ കുട പിടിച്ചാൽ
ചെറുപ്പമാകുമോ?
 
വലിയ കുട കണ്ട്
കുട്ടികൾ ഓടി വന്നു.
വീണ്ടും മഴയിലേക്ക്
മഴയെ തോൽ‌പ്പിക്കാൻ.
വലിയ കുടയ്ക്ക് കീഴിൽ
ഞങ്ങളെല്ലാവരും
കുട്ടികളായി.
 
ചെറുതിനോട് ചേർന്നാൽ
ചെറുപ്പമാകും.


Tuesday, April 16, 2013

മൂട്ടയിൽ നിന്ന് രക്ഷ

മൂട്ടയിൽ നിന്ന് രക്ഷ നേടു. ജിവിതം സുഖകരമാക്കൂ.

മൂട്ടയിൽ നിന്ന് രക്ഷപ്പെടാൻ ഒരു എളുപ്പമാർഗ്ഗം. കട്ടിൽ മുഴുവനായും കവർ ചെയ്യുന്ന രീതിയിൽ ബ്ലാങ്കറ്റ് വിരിച്ച് അതിന്റെ മുകളിൽ കിടക്കുക. ഒരു മൂട്ടയും നിങ്ങളെ കടിക്കാൻ വരില്ല. മൂട്ടയ്ക്ക് ബ്ലാങ്കറ്റിൽ സഞ്ചരിക്കാൻ കഴിയില്ല.
ശുഭരാത്രി.

Thursday, March 7, 2013

രക്തസാക്ഷിസ്മാരകങ്ങൾ

പട്ടാളക്കാർ പൊരുതി മരിക്കുന്നതാർക്കുവേണ്ടി?

നാടിന് വേണ്ടി.

വിപ്ലവകാരികൾ പൊരുതി മരിക്കുന്നതാർക്കുവേണ്ടി?

നാടിന് വേണ്ടി.


അവരുടെ മോഹങ്ങളും സ്വപ്നങ്ങളും

ത്യജിക്കുന്നതാർക്കുവേണ്ടി?

നാടിന് വേണ്ടി.

 
നാടുറങ്ങുമ്പോൾ

അവരുറങ്ങാതിരിക്കുന്നതാർക്കു വേണ്ടി?

നാടിന് വേണ്ടി.

 
വിപ്ലവകാരികളും പട്ടാളക്കാരും തമ്മിൽ

പൊരുതി മരിക്കുന്നതാർക്കുവേണ്ടി!!

നാടിന് വേണ്ടി??

 
വീരമൃത്യു പൂണ്ടവർക്ക്

നാട് നൽകും

രക്തസാക്ഷിദിനങ്ങളും

സ്മാരകങ്ങളും.